2024-ലെ ലോക രാഷ്ട്രീയ സംഭവങ്ങൾ ആഗോള ജനാധിപത്യത്തിനും സാമൂഹ്യ-ആർഥിക വ്യവസ്ഥകൾക്കും വലിയ സ്വാധീനങ്ങൾ സൃഷ്ടിച്ചു. സംഘടനാപരമായ അടുക്കളങ്ങളിൽ നിന്ന് തെരുവ് രാഷ്ട്രീയം വരെ വിവിധ അജണ്ടകൾ നിറഞ്ഞ ഒരു വർഷമായിരുന്നു ഇത്. 76 രാജ്യങ്ങളിലെ വോട്ടെടുപ്പ്: ലോക ജനസംഖ്യയുടെ 51% ജനങ്ങൾ തിരഞ്ഞെടുപ്പിൽ പങ്കെടുത്തു. അമേരിക്ക, ഇന്ത്യ പോലെയുള്ള ജനാധിപത്യ രാജ്യങ്ങളിൽ പൊളിച്ചുനീക്കൽ നടപടികൾ നിലനിന്നപ്പോൾ, റഷ്യ, ഇറാൻ തുടങ്ങിയ ഓട്ടോക്രാറ്റിക് രാജ്യങ്ങൾ തിരഞ്ഞെടുപ്പിനെ അധികാരമുറിപ്പിക്കാൻ ഉപയോഗിച്ചു. മെക്സിക്കോയിൽ വനിതാ പ്രസിഡന്റ്: ആദ്യമായി ഒരു വനിതാ പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെടുന്നതിലൂടെ മെക്സിക്കോയിൽ ചരിത്രമുണ്ടായി. 2024-ൽ ലോകം അനുഭവിച്ച പ്രധാന സംഭവങ്ങൾ സാമ്പത്തിക തീവ്രവാദം, ജനാധിപത്യ പിന്നോട്ടുപോക്ക്, സംഘർഷങ്ങൾ തുടങ്ങിയവയിൽ കേന്ദ്രീകരിച്ചു. ഭാവിയിൽ രാജ്യങ്ങൾ ഈ വെല്ലുവിളികളെ എങ്ങനെ നേരിടും എന്നതിൽ ലോകത്തിന്റെ നയം നിർണ്ണയിക്കപ്പെടും.
യുഎസ് തിരഞ്ഞെടുപ്പിലേക്കൊരു എത്തിനോട്ടം
വലിയ വഴിത്തിരിവുകളുടെയും വിവാദങ്ങളുടെയും നിമിഷങ്ങളിലൂടെയുമാണ് 2024 ലെ യുഎസ് തിരഞ്ഞെടുപ്പ് കടന്ന് പോയത്. ഉയർന്ന തലത്തിലുള്ള സോഷ്യൽ മീഡിയ ഏറ്റുമുട്ടലുകൾക്കും അസാധാരണമായ പല സംവാദങ്ങൾക്കും തിരഞ്ഞെടുപ്പ് ദിനത്തിലേക്കുള്ള യാത്രയിൽ ലോകം സാക്ഷ്യം വഹിച്ചു. സമീപകാല ചരിത്രത്തിലെ ഏറ്റവും തീവ്രവും വിവാദപരവും വിചിത്രവുമായിരുന്നു ഇത്തവണത്തെ യുഎസ് തിരഞ്ഞെടുപ്പും തിരഞ്ഞെടുപ്പ് ഫലവും. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യമായ അമേരിക്ക. വലിയ തയ്യാറെടുപ്പുകളായിരുന്നു സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിന് വേണ്ടി നടത്തിയത്.
2024 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടായിരുന്നത് കരുത്തരായ സ്ഥാനാർത്ഥികൾ ആയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ മുൻ പ്രസിഡൻ്ററ്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപും മറുവശത്ത് യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ 49-ാമത് വൈസ് പ്രസിഡൻ്ററ്റും ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയുമായ കമലാ ഹാരിസുമായിരുന്നു. 2024 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ ഏറ്റവും ചർച്ചയായ വിഷയങ്ങളിലൊന്നാണ് കുടിയേറ്റം, സാമ്പത്തിക നയവും ദേശീയ സുരക്ഷയും എല്ലാം. കടുത്ത മത്സരം തന്നെയായിരുന്നു ഇത്തവണയും നടന്നത്. പ്രചാരണ ചൂട് പിടിച്ചു നിൽക്കുമ്പോളാണ് പെൻസിൽവേനിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഡൊണാൾഡ് ട്രംപിന് വെടിയേക്കുന്നത്. അദ്ദേഹത്തിന്റെ വലതുചെവിക്കാണ് വെടിയേറ്റത്. ഇതൊരു ആസൂത്രിത നാടകമെന്നും വർത്തകളുണ്ടായി. പക്ഷേ, ട്രംപിനെ അതൊന്നും ബാധിച്ചില്ല. ക്രിമിനൽ കേസിൽ കുറ്റക്കാരൻ, സ്ത്രീകളെക്കുറിച്ചുള്ള അധിക്ഷേപ കരമായ പരാമർശങ്ങൾ, നീലച്ചിത്ര നടിക്ക് പണം കൊടുത്തിട്ട് അത് കണക്കിൽ തട്ടിക്കാൻ ശ്രമം ഇതെല്ലാം ട്രംപിനെതിരെ ഉയർന്ന കേസുകൾ ആയിരുന്നു. ട്രംപിന്‍റെ രാഷ്ട്രീയഭാവി അവസാനിച്ചുവെന്ന് വിശ്വസിച്ച ജനങ്ങളെയും റിപബ്ലിക്കൻ നേതാക്കളെയും ഞെട്ടിച്ച നിമിഷമായിരുന്നു ട്രംപിന്‍റെ അവിശ്വസനീയമായ വിജയം. തനിക്കെതിരെ ഉയർന്ന ഒരു ആരോപണങ്ങളും അദ്ദേഹത്തെ ബാധിച്ചില്ല.
യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നവംബർ 5 നാണ് നടന്നത്. പല ഘട്ടത്തിലും ഫലം മാറിമറിഞ്ഞുരുന്നു. അങ്ങനെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് യുഎസ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിനെ പരാജയപ്പെടുത്തി റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് വിജയക്കൊടി പാറിച്ചു. അമേരിക്കയുടെ 47ാം പ്രസിഡന്റായി ആധികാരിക വിജയമാണ് ട്രംപ് സ്വന്തമാക്കിയത്.
ട്രംപിൻറെ ഉജ്ജ്വലമായ തിരിച്ചുവരവ്
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ തലപ്പത്തേക്ക് ഡൊണാൾഡ് ട്രംപ് ഒരിക്കൽകൂടി എത്തിയപ്പോൾ, അത് പുതിയ ചരിത്രത്തിന് കൂടിയാണ് വഴിയൊരുങ്ങിയത്. 2016 ൽ ആദ്യമായി ട്രംപ് അധികാരത്തിലെത്തുമ്പോൾ അന്ന് പോപ്പുലർ വോട്ട് ട്രംപിനൊപ്പം നിന്നിരുന്നില്ലെങ്കിൽ ഇത്തവണ പോപ്പുലർ വോട്ടിൽ മുന്നിലെത്താനും ഇലക്ടറൽ വോട്ടിലെ മേധാവിത്വവും ഒപ്പം സെനറ്റും ട്രംപിനൊപ്പം നിന്നു. അമേരിക്കൻ പ്രസിഡന്റ് പദവിയിൽ ഉജ്ജ്വലമായ തിരിച്ചുവരവാണ് ട്രംപ് നടത്തിയത്. 2016 ന് പുറമെ 2024 ലും പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് എത്തുന്നതോടെ തുടർച്ചയായല്ലാതെ രണ്ടു തവണ പ്രസിഡന്റാകുന്ന രണ്ടാമനായി ട്രംപ് മാറുകയും ചെയ്തു.
127 വർഷത്തിന് ശേഷമാണ് ആ ചരിത്രം തിരുത്തപ്പെടുന്നത്. ഇതിന് മുമ്പ് മുൻപ് ഗ്രോവൻ ക്ലീൻ ലൻഡായിരുന്നു ഈ റെക്കോർഡിന് ഉടമ. 1885 മുതൽ 1889 വരേയും 1893 മുതൽ 1897 വരേയും അദ്ദേഹം അധികാരത്തിലിരുന്നു. ഇതിന് പുറമെ നാലു തവണ മത്സരിക്കുകയും ജയിക്കുകയും ഏറ്റവും കൂടുതൽ കാലം പദവി വഹിക്കുകയും ചെയ്ത ഫ്രാങ്ക്ലിൻ റൂസ്വെൽറ്റിന് ശേഷം കൂടുതൽ തവണ മത്സരിക്കുന്ന നേതാവായും ട്രംപ് മാറി. റിച്ചാർഡ് നിക്സൺ 1960 ൽ ജോൺ എഫ് കെന്നഡിയോട് തോറ്റിരുന്നു. പിന്നീട് 1968 ലും 1972 ലും ജയിച്ചു. 1951 ൽ ആണ് പ്രസിഡന്റ് പദവി രണ്ട് ടേം ആയി നിജപ്പെടുത്തിയത്. അമേരിക്കയുടെ ചരിത്രത്തിൽ, 70 വയസ്സുള്ളപ്പോൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റുമാരിൽ ഒരാളാണ് ഇനി ട്രംപും. ദേശീയവാദം കൈമുതലാക്കിയ ട്രംപ് തന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകൊണ്ടും കൂട്ട നാടുകടത്തലുകളാലും ശ്രദ്ധനേടി. 2016-ൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തിയാണ് ട്രംപ് അന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
സ്ഥിരതയും തുടർച്ചയുമില്ലാത്ത നയങ്ങളും തീരുമാനങ്ങളുമായിരുന്നു ട്രംപിന്റെ ഒന്നാമൂഴത്തെ വ്യത്യസ്തമാക്കിയത്. 2020 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡനോട് പരാജയപ്പെട്ട ശേഷം അദ്ദേഹം കാട്ടിക്കൂട്ടിയ വിക്രിയകളും കേട്ടുകേൾവിയില്ലാത്തതായിരുന്നു. മറ്റ് ഏതൊരു രാജ്യത്തായാലും അത്തരമൊരാൾ വീണ്ടും മത്സരിക്കാൻ കഴിയാത്ത വിധം അയോഗ്യനാക്കപ്പെടുമായിരുന്നു. അന്ന് ക്യാപ്പിറ്റോളിൽ അനുയായികളെ കലാപത്തിനു പ്രേരിപ്പിച്ചതിനു പുറമേ മറ്റു ചില ക്രിമിനൽ കേസുകളിൽ കൂടി അദ്ദേഹം കുറ്റക്കാരനാണെന്നു കണ്ടെത്തി. അത്തരം ഒരാൾ വീണ്ടും മത്സരത്തിന് ഒരുമ്പെട്ടാൽ മറ്റ് ഏതൊരു ജനാധിപത്യ രാജ്യത്തായാലും പരാജയം ഉറപ്പായിരുന്നു. യുഎസ് ജനത പക്ഷേ, ട്രംപ് തന്നെ മതിയെന്നു തീരുമാനിച്ചു.
സിറിയയിൽ 5 പതിറ്റാണ്ട് നീണ്ട അസദ് ഭരണത്തിന് അന്ത്യം
ലോകത്തെ തന്നെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു സിറിയയില്‍ ബാഷര്‍ അല്‍ അസദ് സര്‍ക്കാരിനെ മറിച്ചിട്ട് വിമത സേനകള്‍ അധികാരം പിടിച്ചെടുത്ത വാര്‍ത്ത. ഒരു രാജ്യത്തെ കാല്‍ക്കീഴിലാക്കാന്‍ വിമതസൈന്യത്തിനു വേണ്ടിവന്നത് വെറും പത്തുദിവസം. കഴിഞ്ഞ നവംബര്‍ മാസം അവസാനമാണ് രാജ്യത്തിന്റെ വടക്കുകിഴക്കു ഭാഗത്തുള്ള ആലപ്പോ നഗരം വിമതസേനകള്‍ പിടിച്ചെടുത്തത്. പിന്നെയെല്ലാം അതിവേഗത്തിലായിരുന്നു. തലസ്ഥാനമായ ഡമാസ്‌കസ് ലക്ഷ്യമാക്കി തെക്കുഭാഗത്തേക്കുള്ള പ്രയാണത്തിന്റെ വഴിയില്‍ സര്‍ക്കാരിന്റെ ശക്തികേന്ദ്രങ്ങളും പട്ടണങ്ങളും ചീട്ടുകൊട്ടാരം പോലെ നിലം പൊത്തി. ഞായറാഴ്ചയായപ്പോള്‍ ഡമാസ്‌കസും വീണു.
54 വർഷത്തോളമായി അസാദ് കുടുംബമാണ് സിറിയ ഭരിക്കുന്നത്. ബാഷര്‍ അല്‍ അസാദിന്റെ പിതാവ് ഹാഫെസ് അല്‍ അസാദായിരുന്നു 2000 വരെ സിറിയയുടെ ഭരണാധികാരി. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ഭരണമേറ്റെടുത്ത ബാഷര്‍ അല്‍ അസാദ് തുടക്കത്തില്‍ പരിഷ്‌കരണ പദ്ധതികള്‍ പലതും നടപ്പാക്കാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും വൈകാതെ പിതാവിന്റെ ഏകാധിപത്യ ഭരണരീതി തന്നെ പിന്തുടരുകയായിരുന്നു. വടക്ക് പടിഞ്ഞാറന്‍ സിറിയയില്‍ നവംബര്‍ ഇരുപത്തിയേഴിന് ഇസ്ലാമിക് തീവ്രവാദി സംഘമായ ഹയാത്ത് താഹിര്‍ അല്‍ ഷാം (എച്ച്.റ്റി.എസ്) ചില റിബല്‍ വിഭാഗങ്ങള്‍ക്കൊപ്പം നടത്തിയ വലിയ ആക്രമണമാണ് അസാദ് ഭരണകൂടത്തിന്റെ വീഴ്ചയ്ക്ക് വഴിയൊരുക്കിയത്.
ദിവസങ്ങള്‍ക്കുള്ളില്‍ റിബലുകള്‍ സിറിയയുടെ രണ്ടാമത്തെ ഏറ്റവും വലിയ നഗരം പിടിച്ചെടുക്കുകയും തലസ്ഥാനമായ ഡമാസ്‌കസിലേയ്ക്ക് നീങ്ങാന്‍ ആരംഭിക്കുകയും ചെയ്തു. തന്ത്രപ്രധാന ഇടങ്ങളില്‍ നിന്നുള്ള സര്‍ക്കാരിന്റെ പിന്തിരിയലും സൈന്യത്തിന്റെ തകര്‍ച്ചയും അസാദ് ഭരണകൂടത്തെ ദുര്‍ബലമാക്കി. ഡിസംബര്‍ എട്ടിന് എച്ച്.റ്റി.എസും സഖ്യകക്ഷികളും ഡാമസ്‌കസില്‍ പ്രവേശിച്ച് അസാദ് കുടുംബത്തിന്റെ അരനൂറ്റാണ്ടിലധികം നീണ്ട ഭരണത്തിന് ഔദ്യോഗികമായ അന്ത്യം കുറിച്ചു. സിറിയയില്‍ നിന്ന് ഒളിച്ചോടിയ അസാദ് റഷ്യയില്‍ അഭയം തേടിയിരിക്കുകയാണ്.
ബ്രിട്ടനിൽ കൺസർവേറ്റിവുകളെ തകർത്ത് ലേബർ പാർട്ടി
2024 ലെ ബ്രിട്ടീഷ് രാഷ്ട്രീയവും മാറിമറിഞ്ഞു. 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണത്തെ അവസാനിപ്പിച്ച് കൊണ്ട് ലേബർ പാർട്ടി അധികാരത്തിൽ വന്നു. ഭരണ കാലാവധി പൂർത്തിയാകും മുമ്പ് നടത്തിയ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനും പ്രധാനമന്ത്രിയുമായ ഋഷി സുനക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. 650 ല്‍ 412 സീറ്റുകളും ലേബര്‍ പാര്‍ട്ടി തൂത്തുവാരി. 121 സീറ്റുകളിലേക്കാണ് ലേബര്‍ പാര്‍ട്ടി അവരെ കൂപ്പ്കുത്തിച്ചത്. ബ്രെക്‌സിറ്റാനന്തര ബ്രിട്ടണില്‍ ടോറികളുടെ അധികാര നൈരന്തര്യത്തെയാണ് ലേബര്‍ പാര്‍ട്ടി നിലംപരിശാക്കിയത്. സര്‍ കെയര്‍ റൊഡ്‌നി സ്റ്റാമര്‍ ആണ് പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. പ്രധാനമന്ത്രി കസേരയിലെത്തിയ ലേബര്‍ പാര്‍ട്ടി അധ്യക്ഷനും 2020 മുതല്‍ പ്രതിപക്ഷത്തെ നയിക്കുന്ന അഭിഭാഷകന്‍ കൂടിയായ രാഷ്ടീയ പോരാളിയാണ് സ്റ്റാമര്‍. ഇനി ദേശീയ പുനരുദ്ധാരണത്തിന്റെ നാളുകള്‍ ആയിരിക്കുമെന്നും മാറ്റത്തിനുള്ള നാന്ദി കുറിക്കാന്‍ സമയമായെന്നും വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നുമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം ബ്രിട്ടീഷ് സ്വപനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ കൂട്ടി.
സർക്കാറിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നെങ്കിലും സുനക് അപ്രതീക്ഷിതമായി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. 2022 ഒക്ടോബറിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയെ തുടർന്ന് ബ്രിട്ടന്റെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സുനക് ആദ്യമായാണ് ജനവിധി തേടിയത്. ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വിജയകരമായ കോര്‍പ്പറേറ്റ് വഴിത്തിരിവുകളില്‍ ഒന്നായിരുന്നു ഈ തെരഞ്ഞെടുപ്പ്.
ഷൈഖ് ഹസീനയുടെ പലായനം.. തകര്‍ച്ചയ്ക്ക് പിന്നിൽ ?
ബംഗ്ലാദേശിൽ ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടർന്ന് 15 വര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ച് പ്രധാനമന്ത്രി ഷൈഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടിവന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വിട്ട് ഷെയ്ഖ് ഹസീനയും സഹോദരിയും സൈനിക ഹെലികോപ്റ്ററിൽ ഇന്ത്യയിലേക്ക് കടന്നു. ഹസീനയുടെ രാജിയോളം എത്തിയ വീഴ്ചയുടെ തുടക്കം ‘റസാക്കര്‍’ എന്ന ഒരൊറ്റ വാക്കില്‍ നിന്നാണ്. ബംഗ്ലാദേശില്‍ ‘റസാക്കര്‍’ എന്നത് വളരെ നിന്ദ്യമായ പദമാണ്. സന്നദ്ധപ്രവര്‍ത്തകര്‍ എന്നര്‍ത്ഥം വരുന്ന ഈ വാക്ക് കിഴക്കന്‍ പാകിസ്താനില്‍ തീവ്ര ഇസ്ലാമിസ്റ്റുകളായ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ പാകിസ്താന്‍ സായുധസേന സ്വാതന്ത്ര്യസമര സേനാനികളെ ലക്ഷ്യം വച്ച് നടത്തിയ അതിക്രമങ്ങളെ പിന്തുണിച്ചിരുന്നവരെ വിളിച്ചിരുന്ന പേരാണ്. അവര്‍ ബംഗ്ലാദേശിന്റെ വിമോചനസമരത്തെ എതിര്‍ത്തവരായിരുന്നു.
ഹീനമായ പല കുറ്റകൃത്യങ്ങളും റസാക്കര്‍മാര്‍ക്കുനേരെ ആരോപിക്കപ്പെടുന്നുണ്ട്. സ്വാതന്ത്ര്യസമരസേനാനികളുടെയും വിമുക്തഭടന്മാരുടെയും കുടുംബാംഗങ്ങള്‍ക്കു സര്‍ക്കാര്‍ ജോലിയുടെ 30 ശതമാനം സംവരണം ചെയ്തുകൊണ്ടുള്ള ക്വാട്ട സമ്പ്രദായം ഹൈക്കോടതി പുനഃസ്ഥാപിച്ചതിനുപിന്നാലെ ജൂലൈ ഒന്നുമുതലാണ് ബംഗ്ലാദേശിന്റെ വിവിധയിടങ്ങളില്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. ഈ സമ്പ്രദായം അന്യായമാണെന്നും മെറിറ്റ് അടിസ്ഥാനമാക്കിയാണ് തസ്തികകള്‍ നികത്തേണ്ടതെന്നുമായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം.
എന്നാല്‍ ഈ പ്രക്ഷോഭങ്ങള്‍ ആളിക്കത്തുന്നത് ഹസീനയുടെ റസാക്കര്‍ പ്രയോഗത്തോടെയാണ്. പ്രക്ഷോഭകാരികളെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു ഹസീനയുടെ പരാമര്‍ശം. ”പോരാളികളുടെ കൊച്ചുമക്കള്‍ക്ക് ക്വാട്ട ലഭിച്ചില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ആനുകൂല്യം ലഭിക്കേണ്ടത്? റസാക്കര്‍മാരുടെ കൊച്ചുമക്കള്‍ക്കാണോ?” എന്നായിരുന്നു ഹസീനയുടെ ചോദ്യം. ഇതോടെ വിദ്യാര്‍ഥികള്‍ തെരുവുകളില്‍ കലാപമഴിച്ചുവിട്ടു. സംവരണം സുപ്രീംകോടതി റദ്ദാക്കിയെങ്കിലും ഹസീന രാജിവെക്കണമെന്ന ആവശ്യം രാജ്യമാകെ ആഞ്ഞടിച്ചു. പ്രക്ഷോഭം കനത്ത സാഹചര്യത്തിലാണ് സ്ഥാനം രാജിവെച്ച് ഹസീന രാജ്യം വിട്ടത്. ബംഗ്ലാദേശിലെ പ്രക്ഷേഭങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ഷെയ്‌ഖ് ഹസീന നിലവില്‍ ഇന്ത്യയിൽ താമസിച്ച് വരികയാണ്. നോബേല്‍ സമ്മാനജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ പിന്നാലെ അധികാരമേറ്റു.
ശ്രീലങ്കയിൽ ഇടതുപക്ഷം അധികാരത്തിലേറി
ഇടതുപക്ഷം അധികാരത്തിലെത്തിയ തിരഞ്ഞെടുപ്പാണ് ശ്രീലങ്കയില്‍ കഴിഞ്ഞുപോയത്. അനുര കുമാര ദിസനായകെ രാജ്യത്തിന്റെ പ്രസിഡന്റായി. ശ്രീലങ്കയിലെ ഇടതുപാര്‍ട്ടിയായ ജനത വിമുക്തി പെരുമുനയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പവറിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു ദിസനായകെ. 225 അംഗ പാർലമെൻ്റിൽ 159 സീറ്റുകൾ നേടിയാണ് ഇടത് സഖ്യത്തിന്‍റെ ജയം.
അധികാരത്തുടര്‍ച്ചയ്ക്കായ് മത്സരിച്ച റനില്‍ വിക്രമസിംഗെയും ഇടതുപാര്‍ടിയായ ജെവിപിയുടെ അനുര കുമാര ദിസനായകെയും പ്രതിപക്ഷനേതാവായ സജിത് പ്രേമദാസയും മുന്‍പ്രസിഡന്റ് മഹീന്ദ രജപക്‌സെയുടെ മകന്‍ നമല്‍ രജപക്‌സെയുമാണ് മത്സരരംഗത്തുണ്ടായിരുന്നത്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ശ്രീലങ്കന്‍ തെരഞ്ഞെടുപ്പ് ഇത്രയും ശക്തമായ മത്സരത്തെ അഭിമുഖീകരിച്ചത്. നേപ്പാളിന് ശേഷം ഇടതുപക്ഷം അധികാരത്തിലെത്തുന്ന ഇന്ത്യയുടെ അയൽരാജ്യം കൂടിയാണിത്.
തായ്‌ലൻഡിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി
തായ്‌ലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രി, 37-കാരിയായ പോടോങ്ടാൻ ഷിനവത്ര (ഇങ് ഷിൻ) അധികാരത്തിലെത്തിയ വര്ഷം കൂടിയായിരുന്നു 2024. ജയിൽ ശിക്ഷ അനുഭവിച്ച അഭിഭാഷകനെ മന്ത്രിയായി നിയമിച്ചതുവഴി ഭരണഘടനാ ലംഘനം നടത്തിയെന്ന് ചൂണ്ടികാട്ടി പ്രധാനമന്ത്രിയായിരുന്ന ഫ്യൂ തായ് പാർട്ടിയുടെ സ്രെത്ത തവിസിനെ കോടതി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ നടന്ന രാഷ്ട്രീയ സംഭവവികാസങ്ങൾക്കൊടുവിലാണ് പോടോങ്ടാൻ പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തിയത്.
ജപ്പാൻ പ്രധാനമന്ത്രിയായി ഷിഗെരു ഇഷിബ
ഷിഗെരു ഇഷിബ ജപ്പാൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ഫ്യൂമിയോ കിഷിദ ഔദ്യോഗികമായി സ്ഥാനമൊഴിഴിഞ്ഞ സ്ഥാനത്തേക്കാണ് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഷിഗെരു ഇഷിബ ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായത്. മുൻ പ്രതിരോധ മന്ത്രിയായ അദ്ദേഹം അഞ്ചാമത്തെ ശ്രമത്തിലാണ് വിജയം നേടിയത്. ഫ്യൂമിയോ കിഷിദയുടെ പിൻഗാമിയെ കണ്ടെത്താനുള്ള മത്സരത്തിൽ ആകെ ഒൻപത് സ്ഥാനാർഥികളായിരുന്നു ഉണ്ടായിരുന്നത്. ഇവരെ കടത്തിവെട്ടിയാണ് ഷിഗെരു ജപ്പാന്റെ നൂറ്റിരണ്ടാമത്തെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.
വീണ്ടും പ്രധാനമന്ത്രിയായി ഷഹബാസ് ഷരീഫ്
പാകിസ്ഥാന്‍ മുസ്ലിം ലീഗ് നേതാവ് ഷഹബാസ് ഷരീഫ് വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ അസംബ്ലിയാണ് ഷഹബാസ് ഷരീഫിനെ പാക് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. ദേശീയ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പില്‍ 201 അംഗങ്ങള്‍ ഷഹബാസ് ഷരീഫിനെ പിന്തുണച്ചു. എതിര്‍ സ്ഥാനാര്‍ഥിയായ പിടിഐയിലെ ഒമര്‍ അയൂബ് ഖാന് 92 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. രണ്ടാം തവണയാണ് ഷഹബാസ് ഷരീഫ് പാകിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.
റഷ്യ, വെനസ്വേല, ദക്ഷിണാഫ്രിക്ക, വെനസ്വേല,അസര്‍ബൈജാന്‍, അല്‍ജീരിയ, ഇന്തോനേഷ്യ, ഇറാന്‍, ബോട്‌സ്വാന, ജോര്‍ദാന്‍, കുവൈത്ത്, മാലിദ്വീപ്, മംഗോളിയ, ദക്ഷിണ കൊറിയ, ഛാഡ്, ഘാന, മഡഗാസ്‌കര്‍, മൗറിഷ്യസ്, മൊസാംബിക്, നമീബിയ, റ്വവാന്‍ഡ, സെനഗല്‍, ടോംഗോ, ടുണീഷ്യ, എല്‍ സാല്‍വദോര്‍, മെക്‌സിക്കോ, യുറുഗ്വെയ്, ഭൂട്ടാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ബല്‍ഗേറിയ, ബലാറസ്, ക്രൊയേഷ്യ, ലിത്വാനിയ, സ്ലൊവാക്യ, ജോര്‍ജിയ, ഹംഗറി, ഐസ്‌ലന്‍ഡ് എന്നി രാജ്യങ്ങളിലും ഈ വര്‍ഷം നിര്‍ണായക തിരഞ്ഞെടുപ്പുകള്‍ നടന്നു.