റാന്നിയിൽ ബീവറേജസ് കോർപറേഷന് മുന്നിൽ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. അരവിന്ദ്, ശ്രീക്കുട്ടൻ, അജോയ് എന്നീ പ്രതികളാണ് പിടിയിലായത്. എറണാകുളത്ത് നിന്നാണ് മൂന്നു പേരെയും റാന്നി പോലീസ് പിടികൂടിയത്. അരവിന്ദ് ആണ് വാഹനം ഇടിച്ച് അമ്പാടിയെ കൊലപ്പെടുത്തിയത്. വാഹനത്തിൽ ഒപ്പമുണ്ടായിരുന്നവരാണ് അജോയ്, ശ്രീക്കുട്ടൻ എന്നിവർ.
കഴിഞ്ഞ ദിവസം റാന്നിയിലെ ബീവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റിന് സമീപം യുവാക്കളുടെ ഇരു സംഘങ്ങൾ തമ്മിൽ വാക്ക് തർക്കവും സംഘര്‍ഷവുമുണ്ടായി. ഇതിന്റെ തുടർച്ചയായാണ് മന്ദമരുതിയിൽ വച്ച് യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. കീക്കൊഴൂരിൽ വാടകയ്ക്ക് താമസിക്കുന്ന അമ്പാടിയാണ് (24) കൊല്ലപ്പെട്ടത്. ബീവറേജസ് കോർപ്പറേഷന് സമീപം നടന്ന വാക്കേറ്റത്തിനും സംഘർഷത്തിനും ശേഷം മടങ്ങിപ്പോയ ഇരു സംഘങ്ങളും പിന്നീട് രണ്ട് കാറുകളിലായി മന്ദമരുതിയില്‍ എത്തുകയായിരുന്നു. അമ്പാടി കാറിൽ നിന്ന് ഇറങ്ങിയപ്പോൾ എതിർ സംഘം കാർ അതിവേഗം മുന്നോട്ടെടുത്ത് അമ്പാടിയെ ഇടിച്ച് തെറിപ്പിച്ചു. നിലത്ത് വീണ അമ്പാടിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി. കാർ റിവേഴ്സ് എടുത്ത് വീണ്ടും യുവാവിൻ്റെ ശരീരത്തിലൂടെ കയറ്റിയിറക്കിയ ശേഷം അക്രമി സംഘം കടന്നു കളയുകയായിരുന്നു. ഗുരുതര പരിക്കേറ്റ് അമ്പാടിയെ ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ആദ്യം സ്വാഭാവിക വാഹനാപകടമായാണെന്നാണ് അധികൃതർ വിലയിരുത്തിയത്. അമ്പാടിക്കൊപ്പമുണ്ടായിരുന്ന യുവാക്കൾ ബീവറേജസിന് സമീപം നടന്ന വാക്കു തര്‍ക്കത്തിൻ്റെ വിവരം അറിയിച്ചതോടെയാണ് കൊലപാതകമാണെന്ന് വ്യക്തമായത്. സംഭവ സമയം ഇരു സംഘങ്ങളും മദ്യ ലഹരിയിലായിരുന്നു. റാന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് പ്രതികളെ പിടികൂടിയത്.