തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുപ്പ് വസ്ത്രത്തിന് വിലക്കേർപ്പെടുത്തിയത് പോലെ തന്നെ ഗവർണർ പങ്കെടുക്കുന്ന പരിപാടിയിലും കറുപ്പ് വസ്ത്രത്തിന് വിലക്കേർപ്പെടുത്തി സർക്കുലർ പുറത്ത്. തിരുവനന്തപുരം ബിഷപ്പ് പേരെര സ്കൂളിൽ ആണ് സ്കൂൾ അധികൃതർ സർക്കുലർ ഇറക്കിയിരിക്കുന്നത്. രക്ഷിതാക്കൾ ഈ ദിവസം കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന് സർക്കുലറിൽ പറയുന്നു. മറ്റന്നാൾ ആണ് സ്കൂൾ വാർഷിക ആഘോഷ പരിപാടി. ഈ ചടങ്ങിലാണ് ഗവർണർ എത്തുന്നത്. ഇതിനോട് അനുബന്ധിച്ചാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്. ഇതോടെ മുഖ്യന് പിന്നാലെ കറുപ്പ് പേടി ഗവർണർക്കും ആയോ എന്ന തരത്തിൽ വിവാദങ്ങൾ ഉയർന്നിട്ടുണ്ട്
എന്നാൽ ഗവർണറുടെ ഓഫീസിൽ നിന്ന് ഇത്തരത്തിൽ ഒരു നിർദ്ദേശം വന്നതായി അറിവില്ല. സ്കൂൾ തന്നെ ഇറക്കിയ സർക്കുലറാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. മറ്റന്നാളാണ് സ്കൂളിൻ്റെ 46-ാമത് വാർഷികാഘോഷം നടക്കുന്നത്. ഗവർണർ ഉദ്ഘാടനം ചെയ്യുന്ന പരിപാടി വൈകുന്നേരമാണ് നടക്കുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട തീരുമാനങ്ങളെ കുറിച്ച് പ്രിൻസിപ്പാൾ സർക്കുലർ ഇറക്കിയിട്ടുണ്ട്. രക്ഷിതാക്കൾക്ക് പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ട്. എന്നാൽ പരിപാടിയിലേക്ക് വരുന്നവർ കറുപ്പ് വസ്ത്രം ധരിക്കരുത് എന്നാണ് സർക്കുലറിൽ പറയുന്നത്. സുരക്ഷയെ മുൻകരുതിയുടെ തീരുമാനമാണ് ഇതെന്നാണ് മനസ്സിലാക്കുന്നത്.
STORY HIGHLIGHT: black dress banned in tvm bishop perera school