കൊല്ലം കണ്ണനല്ലൂരിന് സമീപം സ്‌കൂള്‍ ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു. സ്‌കൂള്‍ കുട്ടികളെ ഇറക്കിയ ശേഷം തിരിച്ചു സ്‌കൂളിലേക്ക് വരുന്ന വഴിക്കാണ് ബസിന് തീപിടിച്ചത്. അപകടത്തിൽ ആളപായമില്ല. ഒരു കുട്ടിയും ആയയും മാത്രമായിരുന്നു ഡ്രൈവര്‍ക്കൊപ്പം ബസില്‍ ഉണ്ടായിരുന്നത്. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിലാണ് എല്ലാവരും രക്ഷപ്പെട്ടത്. നാന്ത്രിക്കല്‍ പ്രവര്‍ത്തിക്കുന്ന ട്രിനിറ്റി ലൈസിയം എന്ന സ്വകാര്യ സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്.
ബസിന്റെ എന്‍ജിന്റെ ഭാഗത്തുനിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ ഉടന്‍തന്നെ വാഹനം റോഡിന്റെ വശത്തേക്ക് ഒതുക്കി. പിന്നാലെ കുട്ടിയേയും ആയയേയും വണ്ടിക്കുപുറത്ത് എത്തിച്ചു. തൊട്ടുപിന്നാലെ തീ ആളിപ്പടരുകയായിരുന്നു. മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ബസ് കത്തിയതിന് അടുത്തുതന്നെ ഒരു ട്രാന്‍സ്‌ഫോര്‍മറും പെട്രോള്‍ പമ്പും ഉണ്ടായിരുന്നു തീ പടരാതിരുന്നത് കൊണ്ട് വലിയ ഒരു ദുരന്തമാണ് ഒഴിവാക്കിയത്.
ബസിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. കണ്ണനല്ലൂര്‍ നിന്നും പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് ഉദ്യോഗസ്ഥരും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഇതുസംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തും.
STORY HIGHLIGHT: school bus caught fire in kollam