കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അഞ്ചാം ദിവസമായ ഇന്ന് (17 ഡിസംബർ) 67 സിനിമകൾ പ്രദർശനത്തിന്. രാജ്യാന്തര മത്സര വിഭാഗത്തിൽ ഏഴ് ചിത്രങ്ങളും ലോക സിനിമ വിഭാഗത്തിൽ 23 ചിത്രങ്ങളും ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗത്തിൽ 7 ചിത്രങ്ങളും മലയാളം സിനിമ ടുഡേ വിഭാഗത്തിൽ 4 ചിത്രങ്ങളും അടക്കം സിനിമകളുടെ നീണ്ട നിരതന്നെ ഇന്ന് ചലച്ചിത്ര പ്രേമികൾക്ക് മുന്നിലെത്തും.
ലോകസിനിമാ വിഭാഗത്തിൽ ‘കോൺക്ലേവി’ന്റെ ആദ്യ പ്രദർശനം ഇന്നാണ്. ഏറെ പ്രേക്ഷക പ്രശംസ നേടിയ ‘മെമ്മറീസ് ഓഫ് എ ബേണിംഗ് ബോഡി’,’റിഥം ഓഫ് ദമാം’,’ലിൻഡ’ എന്നീ ചിത്രങ്ങൾ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗത്തിൽ ‘ദ റൂം നെക്സ്റ്റ് ഡോറി’ന്റെ രണ്ടാം പ്രദർശനം ഇന്നാണ്.
മലയാളം ക്ലാസിക് ചിത്രം ‘നീലക്കുയിൽ’, ഇന്ത്യൻ സമാന്തര സിനിമയുടെ അതികായനായ കുമാർ സാഹ്നിയുടെ ‘തരംഗ്’, ഷബാന ആസ്മി കേന്ദ്ര കഥാപാത്രമായി എത്തിയ ഗൗതം ഗോസെ ചിത്രം ‘പാർ’, ഐഎഫ്എഫ്കെ ജൂറി അധ്യക്ഷയായ ആഗ്നസ് ഗൊദാർദ് ഛായാഗ്രഹണം നിർവഹിച്ച ‘ബ്യൂ ട്രവെയ്ൽ’ തുടങ്ങി 6 ചിത്രങ്ങളുടെ മേളയിലെ ഏകപ്രദർശനം ഇന്നാണ്.
ഒരു നൂറ്റാണ്ട് പിന്നിടുന്ന അർമേനിയൻ സിനിമയെ കുറിച്ചുള്ള പാനൽ ഡിസ്കഷൻ വൈകിട്ട് മൂന്നിന് നിള തിയേറ്ററിൽ നടക്കും. പാത്ത്, ഫെമിനിച്ചി ഫാത്തിമ,കിസ് വാഗൺ, മായുന്നു മാറിവരയുന്നു നിശ്വാസങ്ങളിൽ തുടങ്ങിയവയാണ് ഇന്ന് പ്രദർശിപ്പിക്കുന്ന മലയാള ചിത്രങ്ങൾ.
STORY HIGHLIGHT: IFFK day 5 From Neelakuil to Beau Travel