നരേന്ദ്ര മോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പിനുള്ള ഭരണഘടന ഭേദഗതി ബില്ലുകൾ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ഉച്ച തിരിഞ്ഞ് രണ്ടു ബില്ലുകൾ സഭയുടെ പരിഗണനയ്ക്ക് വെക്കും. ഇഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പിനായുള്ള ബില്‍, കേന്ദ്രഭരണ പ്രദേശങ്ങളുടെ കാലാവധി സംബന്ധിച്ച ഭേദഗതി ബില്‍ എന്നിവയാണ് ലോക്സഭയില്‍ അവതരിപ്പിക്കുക. ബില്‍ പരിശോധിക്കാനുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയെ ലോക്സഭ സ്പീക്കറാണ് പ്രഖ്യാപിക്കുക. രാജ്യസഭയിൽ ഭരണഘടനയെ കുറിച്ചുള്ള ചർച്ചക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയും. ജെപിസിയിലേക്കുള്ള നോമിനികളെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നിര്‍ദേശിക്കാം. സഭയിലെ അംഗബലം കണക്കിലെടുത്താകും അംഗങ്ങളെ ഉള്‍പ്പെടുത്തുക. സംയുക്ത പാര്‍ലമെന്ററി സമിതി അംഗങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലെ ജനപ്രതിനിധികള്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തും.
രണ്ടാം മോദി സർക്കാരിന്റെ അവസാനഘട്ടത്തിലാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം സംഘപരിവാർ മുന്നോട്ടുവെച്ചത്. പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിക്ക് 2023 സെപ്തംബറിൽ രൂപം നൽകിയിരുന്നു. ആറുമാസംകൊണ്ട് സമിതി റിപ്പോർട്ട് സമർപ്പിച്ചു. തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തിയാൽ രാജ്യം വലിയ സാമ്പത്തിക കുതിപ്പ് കൈവരിക്കുമെന്ന നിരീക്ഷണമാണ് ഈ ആശയം മുന്നോട്ടുവെക്കാൻ കാരണം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും ‘ഒറ്റ തെരഞ്ഞെടുപ്പ്’ ബിൽ പാസാക്കാമെന്നുമായിരുന്നു മോദിയുടെയും ബിജെപിയുടെയും പദ്ധതി. ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനാകാതെ വന്നതോടെ പ്രതീക്ഷ തെറ്റി. ‘ഒറ്റ തെരഞ്ഞെടുപ്പ്’ നടപ്പാക്കാൻ ഭരണഘടനയിൽ ഭേദഗതികൾ കൊണ്ടുവരേണ്ടതുണ്ട്. ലോക്സഭയിലും രാജ്യസഭയിലും ബിജെപിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷമില്ലാത്തതിനാൽ ഭരണഘടനാ ഭേദഗതിയും മറ്റും സർക്കാരിന് എളുപ്പമാകില്ല. ഡിസംബർ 4 ന് ആരംഭിച്ച പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം ഡിസംബർ 20 ന് അവസാനിക്കും.