Explainers

ഇനിയും ‘ക്യൂ’ നില്‍ക്കണോ നമ്മള്‍ ?: അവശരെ സര്‍ക്കാര്‍ ഓഫീസുകളില്‍ ക്യൂ നിര്‍ത്തരുതെന്ന് സര്‍ക്കുലര്‍ ഇറക്കി സര്‍ക്കാര്‍; കരളുറപ്പുള്ള കേരളത്തില്‍ നടപ്പാകുമോ ഇത് ?

മഹാ പ്രളയം കേരളത്തെ മുക്കിക്കൊല്ലാനുറച്ച് എത്തിയപ്പോള്‍, കൈവിരലുകള്‍ പരസ്പരം കോര്‍ത്ത്-മനസ്സുറപ്പോടെ മലയാളികള്‍ ഒന്നിച്ചു പറഞ്ഞൊരു വാക്കുണ്ട്. ഈ കാലവും കടന്നു പോകും. ഒപ്പം പാടിയ പാട്ടുണ്ട്. നന്‍മയുള്ള ലോകമേ…കാത്തിരുന്ന് കാണുക…കരളുറപ്പുള്ള കേരളത്തെ എന്ന്. പിന്നീട് നമ്മള്‍ രണ്ടാം പ്രളയത്തെയും കോവിഡിനെയും സധൈര്യം നേരിട്ടു. പ്രകൃതിയും മനുഷ്യരും തീര്‍ത്ത പ്രതിസന്ധികളെ തരണം ചെയ്തു. ഇതെല്ലാം മലയാളിയുടെ ഒരുമയും കരുണയും കരുത്തുമാണ് തെളിയിച്ചത്. എന്നാല്‍, ഇനിയും മാറാത്ത കുറേ പുഴുക്കുത്തുകള്‍ സര്‍ക്കാര്‍ തലത്തിലുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരും മലയാളികളാണ്. എന്നാല്‍, വ്യത്യാസപ്പെട്ടിരിക്കുന്നത്, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നും, സാധാരണ മലയാളികളെന്നുമാണ്. ഈ വ്യത്യാസത്തെ വലിയൊരന്തരമായി കാണുന്ന ഉദ്യോഗസ്ഥര്‍ ഇന്നും ശൊളോണിയല്‍ സംസ്‌ക്കാരത്തിന്റെ ഭാഗം തന്നെയാണ്. അതിപ്പോ പോലീസായാലും ബില്ലേജ് ഓഫീസറായാലും കണക്കാണ്. എന്തിന് ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാര്‍ പോലും ഇങ്ങനെയാണ്. ജനങ്ങള്‍ക്ക് ഇവരെ കാണണമെങ്കില്‍, ഒരാവശ്യം സാധ്യമാക്കണമെങ്കില്‍,

ബ്രിട്ടീഷുകാരുടെ ‘ഷൂ നക്കേണ്ടി’ വന്നിട്ടുള്ളതു പോലെ ഗതികെട്ട് ക്യൂ നിന്ന്, റാന്‍മൂളി ഔദാര്യം പോലെ വാങ്ങണം. ഇത് ബ്രിട്ടീഷ് കാലത്തിന്റെ അവശിഷ്ടമാണെന്ന് പറയാതെ വയ്യ. സര്‍ക്കാര്‍ ഓഫീസുകളെല്ലാം സാധാരണക്കാര്‍ക്ക് ബാലികേറാ മലയാക്കി മാറ്റിയത് ഉദ്യോഗസ്ഥരാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ സേവന സന്നദ്ധതയോടെ നിലകൊള്ളുന്ന ഇടമല്ലെന്ന് വരുത്തി തീര്‍ത്തിരിക്കുന്നത് ഉദ്യോഗസ്ഥരാണ്.

അവരെ നിയന്ത്രിക്കുന്നതോ രാഷ്ട്രീയക്കാരും ജനപ്രതിനിധികളും. മന്ത്രിമാര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത ഉദ്യോഗസ്ഥരും കേള്‍ക്കുന്ന ഉദ്യോഗസ്ഥരും എന്ന തട്ടുമുണ്ട്. മന്ത്രി എന്ന പദവിയെ ദുരുപയോഗം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഉദ്യോഗസ്ഥരാണ് ഏറെയും. ഇതോടെ മന്ത്രിയും ബ്രിട്ടീ,ുകാരനായി മാറും. കിട്ടുന്ന അഞ്ചു വര്‍ഷം ജനസേവനം എന്നത് മറന്ന് എന്തെങ്കിലും കാട്ടിക്കൂട്ടുകയും ചെയ്യും. എന്നാല്‍, ഇടയ്‌ക്കൊക്കെ ജനങ്ങളെ ഓര്‍മ്മവരുമ്പോള്‍ കണ്ണില്‍ പൊടിയിടാന്‍ ചില ഉത്തരവുകള്‍ ഇറക്കിക്കും. ഇത്തരം ഉത്തരവുകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് കേരളം.

ഇപ്പോഴിതാ സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടു മനസ്സിലാക്കിയെന്നോണം ഒരു ഉത്തരവിറക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളിലും ബില്‍ കൗണ്ടറുകള്‍ക്കും ഉള്‍പ്പെടെ പൊതുജനങ്ങള്‍ ഇടപാട് നടത്തുന്ന സ്ഥലങ്ങളില്‍ മുതിര്‍ന്നവര്‍, ഭിന്നശേഷിക്കാര്‍, ഗുരുതര രോഗം ബാധിച്ചവര്‍ ഇനി ക്യൂ നില്‍ക്കേണ്ടതില്ല. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഓര്‍മ്മിപ്പിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

ഇതു സംബന്ധിച്ച് സര്‍ക്കുലറും ഇറക്കിയിട്ടുണ്ട്. വൈദ്യുതിയും വെള്ളവും അമിത ചാര്‍ജ്ജ് ഈടാക്കിക്കൊണ്ട് ജനങ്ങളെ പിഴിയുമ്പോള്‍, അത് കൃത്യമായി ഖജനാവില്‍ എത്താന്‍ ജനങ്ങള്‍ക്ക് ഒരു സഹായം. വരിയില്‍ നിന്നില്ലെങ്കിലും സാരമില്ല, ബില്ലടച്ചാല്‍ മതി എന്നതാണ് സര്‍ക്കാരിന്റെ പോളിസി.

സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നത്

സര്‍ക്കാര്‍ ഓഫീസുകള്‍ നികുതി ബില്‍ കൗണ്ടറുകള്‍ തുടങ്ങി പൊതുജനങ്ങള്‍ ഇടപാടുനടത്തുന്ന സ്ഥലങ്ങളിലെല്ലാം മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ മതിയായ സൗകര്യങ്ങള്‍ എല്ലാ സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഫീസുകളിലും ഏര്‍പ്പെടുത്തുന്നതിന് എല്ലാ വകുപ്പ് മേധാവികള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പ്രസ്തുത നിര്‍ദ്ദേശം പല ഓഫീസുകളിലും ശരിയായി പാലിക്കപ്പെടുന്നില്ലെന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഇത് വളരെ ഗൗരവമയി കാണുകയും സര്‍ക്കാര്‍ ഓഫീസുകള്‍, നികുതി ബില്‍ കൗണ്ടറുകള്‍ തുടങ്ങി പൊതുജനങ്ങള്‍ ഇടപാടു നടത്തുന്ന എല്ലാ സേവനകേന്ദ്രങ്ങളിലും മുതിര്‍ന്ന പൗരന്മാര്‍, ഗുരുതരമായി രോഗം ബാധിച്ചവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് വരി (ക്യൂ) നില്‍ക്കാതെ മുന്‍ഗണനയില്‍ സേവനം ലഭ്യമാക്കേണ്ടതാണെന്ന് എല്ലാ വകുപ്പ്/സ്ഥാപന മേധാവികള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കുന്നു.

ക്യൂ എന്നത് തന്നെ ഒരു വലിയ ശിക്ഷയാണ്. അതും അസുഖ ബാധിതര്‍ക്കും വയസ്സായവര്‍ക്കും. ഈ സര്‍ക്കുലര്‍ കൊണ്ട് സര്‍ക്കാരിന്റെ കടമ കഴിഞ്ഞിരിക്കുന്നു. ഇനി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൈയ്യിലാണ്. ബിവറേജസ് കോര്‍പ്പറേഷനില്‍ പോലും ക്യൂ നില്‍ക്കാന്‍ തമ്മിലടിക്കുമ്പോള്‍ ഇടപെടുന്ന പോലീസ് പൊതുദര്‍ശനത്തിനു വെച്ചിരിക്കുന്ന മൃതദേഹം കാണാനും ക്യൂ പാലിക്കണമെന്ന് ശഠിക്കുന്ന കേരളമാണിത്. ഇവിടെ ക്യൂ പാലിക്കണം എന്ന ബോര്‍ഡില്ലാത്ത ഒരിടം പോലുമില്ല. ദൈവത്തെ കാണാന്‍ പോലും ക്യൂ പാലിക്കുന്ന കേരളത്തില്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ എങ്ങനെ പ്രായോഗികമാകും.

എന്നാല്‍, ക്യൂ നില്‍ക്കേണ്ടത് ആര് എന്നതിന് ഒരു വ്യവസ്ഥ ഉണ്ടാക്കാനെങ്കിലും ഈ സര്‍ക്കുലര്‍ ഉപകരിക്കട്ടെ. അങ്ങനെയെങ്കിലും അവശര്‍ക്ക് ഗുണമുണ്ടാകട്ടെ. പക്ഷെ, പ്രായോഗിക തലത്തില്‍ ഇത് നടപ്പാക്കേണ്ടത് ഉദ്യോഗസ്ഥര്‍ തന്നെയാണ് ആരാണ് ഇത് പ്രയോഗത്തിലെത്തിക്കുക. ഇിയും ക്യൂ ഉണ്ടാകും. അതില്‍ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന എല്ലാ വിഭാഗക്കാരും നില്‍ക്കേണ്ടിയും വരുമെന്നുറപ്പാണ്. കാരണം, സര്‍ക്കാര്‍ ഇറക്കുന്ന സര്‍ക്കുലറുകളോ, എന്തിന് ഉത്തരവുകള്‍ പോലും പ്രയോഗത്തില്‍ വരുമ്പോള്‍, അത് സാധാരണക്കാരന് ഗുണമില്ലാത്ത രീതിയിലേക്ക് മാറുന്നുണ്ട്.

CONTENT HIGHLIGHTS; Should we still stand in ‘queue’?: The government has issued a circular not to queue in government offices; Will this be implemented in Kerala?

Latest News