മനുഷ്യ മാംസം ഭക്ഷണമാക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഈ കേരളത്തില്‍ത്തന്നെ എത്ര ആദിവാസികളെ ഇവിടുള്ള സവര്‍ണ്ണര്‍ പച്ചയക്കു തിന്നേനെ?. അത്രയും വെറുപ്പും ജാതി വെറിയും മനസ്സില്‍ കൊണ്ടു നടക്കുന്ന കേരളമാണ് നമുക്ക് കാണാനാകുന്നത്. വെടിയിറച്ചിക്കായി അനധികൃതമായി കാട്ടില്‍ കയറി വെടി പൊട്ടിക്കുന്ന സവര്‍മ്ണന്റെ കണ്ണില്‍പ്പെടാതെ ജീവിച്ചാല്‍ മരിക്കാതെ രക്ഷപ്പെടാം. ഇല്ലെങ്കില്‍ ജീവിക്കാനുള്ള ആദിവാസികളുടെ അവകാശത്തെ കഴുത്തു ഞെരിച്ച് കൊന്നുകളയുകയാണ് നവോത്ഥാന കേരളത്തിലെ സവര്‍ണ്ണ നായകന്‍മാരുടെ രീതി. എന്നിട്ട്, കേരളം നവോത്ഥാനത്തിലും നവോന്‍മേഷത്തിലും മുന്നിലാണെന്ന് മൈക്കുകെട്ടി വിളിച്ചു പറയും. തെക്കു നിന്ന് വടക്കോട്ടു നോക്കി, ദളിത് വിഭാഗത്തെ ചുട്ടു കൊല്ലുന്നേ എന്ന് നിലവിളിക്കും. എന്നിട്ട് സ്വന്തം തെറ്റിനെ ഒറ്റപ്പെട്ട സംഭവമായി മാറ്റി വെള്ള പൂശും. ഇതാണ് നടന്നു കൊണ്ടിരിക്കുന്നത്.
ഒടുവില്‍ അടിച്ചുകൊന്ന ആദഗിവാസി യുവാവ് മധുവിന്റെ കാര്യത്തില്‍ ആയാലും, കോഴിക്കോട് മെഡിക്കല്‍ കോളേജിലിട്ട് തല്ലിച്ചതച്ച് ജീവനുംകൊണ്ടോടിയ ആദിവാസി യുവാവ് തൂങ്ങി മരിച്ചതും ഇങ്ങനെയൊക്കെയുള്ള നവോത്ഥാനത്തിന്റെ നേര്‍ ചിത്രങ്ങളാണ്. ഇപ്പോഴിതാ ഒരു ആദിവാസി യുവാവിനെ നരാധമന്‍മാരായ കുറച്ചാളുകള്‍ കാറില്‍ കൊരുത്തിട്ട് നടുറോഡിലൂടെ വലിച്ചിഴച്ച് കൊണ്ടു പോയത് ആര കിലോമീറ്ററോളമാണ്. കേരളത്തിന്റെ തെരുവീഥികളില്‍ പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ സ്വതന്ത്രമായി ഇറങ്ങി നടക്കാന്‍ തുടങ്ങിയിട്ട് നാളധികമായിട്ടില്ലെന്ന് ഓര്‍മ്മിക്കണം. നവോത്ഥാനത്തിന്റെ മറ്റൊരു മുഖം കാട്ടിത്തരുന്നവരെ പിടിക്കാന്‍ പോലീസ് ശക്തമായി ഇറങ്ങിത്തിരിച്ചിട്ടുണ്ട്.
പക്ഷെ, പിടിച്ചുകെട്ടി കോടതിയിലാക്കുമ്പോള്‍ തെളിവുമില്ല, പരാതിയുമില്ലാത്ത അവസ്ഥയില്‍ അഴര്‍ രക്ഷപ്പെടും. വാളയാറിലെ രണ്ടു പെണ്‍കുട്ടികളെ കൊന്നവര്‍ ഇപ്പോള്‍ ആ അമ്മയെ നോക്കി ചിരിച്ചു കാണിക്കുകയാണ്. കേരളത്തിലെ ആദിവാസി ഉന്നതികളില്‍ അച്ഛനില്ലാതെ വളരുന്ന കുട്ടികളും സവര്‍ണ ടൂറിസ്റ്റുകളുടെ സംഭാവനയാണെന്ന് പറയാതെവയ്യ. ഇതെല്ലാം കേരളത്തിന്റെ കപട നവോത്ഥാനത്തെയാണ് തുറന്നു കാട്ടുന്നത്. ജാതി കോമരങ്ങള്‍ തുള്ളിയുറഞ്ഞ പഴയ കാലത്തും, പിന്നീടു വന്ന ബ്രിട്ടീഷുകാരുടെ കാലത്തും അതിനു ശേഷം എത്തിയ ജനാധിപത്യ കാലത്തും ആദിവാസി-ദളിത് പീഡനങ്ങള്‍ക്കു മാത്രം കുറവുണ്ടായിട്ടില്ല.
അവര്‍ എന്നും അടിമകള്‍ തന്നെയാണെന്നാണ് വിശ്വാസവും വെയ്പ്പും. ഇതല്ലേ, ഇന്നും നടക്കുന്നത്. മാതന്‍ എന്ന ആദിവാസിക്കു നേരെ നടന്ന നരഹത്യാ അഭ്യാസം ഇതു തന്നെയാണ്. ആ കാറിലിരുന്നവര്‍ ആദിവാസി സമൂഹത്തില്‍പ്പെട്ടവരോ, ദളിതരോ അല്ലെന്നുറപ്പാണ്. അപ്പോള്‍ അവരുടെ ഉദ്ദേശം ആഈദിവാസികള്‍ പുഴുക്കളെപ്പോലെ ജീവിച്ചു മരിക്കുന്നവരാണെന്നാണ്. നാട്ടില്‍ ജീവിക്കുന്നവര്‍ ശ്രീരാമന്‍മാരും കാട്ടില്‍ ജീവിക്കുന്നവര്‍ കാട്ടാളരുമാണെന്ന സങ്കല്പ്പം ഇനിയും മറികടക്കാന്‍ കഴിയാത്ത കാലത്തെ എങ്ങനെയാണ് നവോത്ഥാന കേരളമെന്നു വിളിക്കാന്‍ കഴിയുന്നത്. ആദിവാസികളെ മനുഷ്യരായിപ്പോലും കാണാത്തവര്‍ അവരെ കൊല്ലാതെ വിട്ടതാണ് അദ്ഭുതം.
മൃതദേഹം കൊണ്ടു പോകാന്‍ ആംബുലന്‍സ് വിട്ടു കൊടുക്കാത്ത മനുഷ്യരും കേരളത്തിലുണ്ട്. വയനാട് മാനന്തവാടിയില്‍ തന്നെയാണ് ഈ സംഭവവും ഇന്നലെ ഉണ്ടായത്. നവോത്ഥാന കേരളത്തിലെ മുഖ്യമന്ത്രിയോ, മന്ത്രിമാരോ ഒന്നിന്റെയും പേരില്‍ ഊറ്റം കൊള്ളരുത്. കാരണം, മനുഷ്യനെ മനുഷ്യനായി കാണാത്ത ഒരു സമൂഹം ഇന്നും നിങ്ങളുടെ ഭരണത്തിന്‍ കീഴിലുണ്ട്. അതിനെ പ്രതിപക്ഷമെന്നോ, ഒറ്റപ്പെട്ടതെന്നോ പറഞ്ഞ് ചെറുതായി കാണരുത്. കേരളം മാറിയിട്ടില്ല. ജാതിവാല്‍ ഇന്നും പേരിനൊപ്പം തൂക്കിയിട്ട് നടക്കുന്ന നേതാക്കളും, നവോത്ഥാന നായകരും ചേര്‍ന്ന് മനുസ്മൃതിയും, അടിമത്തവും വേറൊരു തരത്തില്‍ നിലനിര്‍ത്തിപ്പോരുന്നുണ്ട്.
അതിനെ കാണാതെ പോകാനാവില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് മാതനു നേരെ നെറികെട്ട സവര്‍ണ നാട്ടുവാസികളുടെ ക്രൂരപീഡനം അരങ്ങേറിയത്. നടുറോഡില്‍ നടന്ന കിരാത സംഭവത്തിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ചത്താലും ഇതിനപ്പുറം മറ്റൊന്നും സംഭവിക്കില്ലെന്ന് അറിയാവുന്നതു കൊണ്ട് അത്ഭുതപ്പെടുന്നില്ല. മാതന് ജീവന്‍ തിരിച്ചു കിട്ടിയല്ലോ എന്നതു മാത്രമാണ് ആശ്വാസകരം. പക്ഷെ, പീഡനങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. അത് തുടരുക തന്നെ ചെയ്യും. കേരളത്തിലെ ജാതീയതയുടെ വിഷം കൂടിക്കൂടി വരികയാണ്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തലത്തിലാണെന്നു മാത്രം. കേരളത്തില്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെ മന്ത്രി ഭരിക്കുകയാണ്. ഒ. കേളു. എന്നിട്ടും, എന്തേ ഇങ്ങനെയൊക്കെ നിരന്തരം സംഭവിക്കുന്നു എന്നതാണ് കൗതുകകരം.
ആദിവാസി മേഖലയില്‍ നിന്നും ഒരു മന്ത്രി എത്താന്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയോളം കേരളം കാത്തിരുന്നു. അതിനുമുമ്പ് ആദിവാസികള്‍ നടത്തിയ സമരങ്ങള്‍ ചരിത്രമാണ്. മുത്തങ്ങ, അരിപ്പ തുടങ്ങിയ സമരങ്ങളെല്ലാം വലിയ ചര്‍ച്ചയായതാണ്. പക്ഷെ, അത്തരം സമരങ്ങള്‍ ചര്‍ച്ച ചെയ്തതും തീരുമാനമെടുത്തതുമൊക്കെ സവര്‍ണ്ണ നേതാക്കളാണെന്നു മാത്രം. കേളു മന്ത്രിയും സവര്‍ണ്ണ മന്ത്രിമാരുടെ അടിമയായി ഇരിക്കുന്നിടത്തോളം കാലം ആദിവാസികള്‍ക്കും ദളിതര്‍ക്കും ശാപമോക്ഷം കിട്ടില്ലെന്നുറപ്പാണ്.
CONTENT HIGHLIGHTS; Kerala, a caste that does not want to change: Is it the generosity of the upper class that did not kill the Matan tribal?; Are all caste-tail killers?; Adivasi-Dalit community who are yet to get rid of the curse