സംസ്ഥാനത്ത് വാഹനാപകടങ്ങൾ സ്ഥിരം കാഴ്ചയാകുന്ന സാഹചര്യത്തിൽ കർശന നിർദേശങ്ങൾ നൽകുകയാണ് ഗതാഗതമന്ത്രി. വൃത്തിയോടെയും അച്ചടക്കത്തോടെയും വാഹനം ഓടിക്കാൻ എല്ലാവരും ശ്രദ്ദിക്കണം, നല്ലരീതിയിലുള്ള ഒരു ഡ്രൈവിങ് സംസ്കാരം സംസ്ഥാനത്ത് വളർത്തിക്കൊണ്ടുവരണം എന്നാണ് മന്ത്രി പറയുന്നത്. ഇതിനായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ്, ബ്ലോഗേഴ്സ്, റീൽസ് താരങ്ങൾ തുടങ്ങിയവരെല്ലാം ഇക്കാര്യം സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തണം എന്നാണ് മന്ത്രി പറയുന്നത്. ഓരോരുത്തരും അവരുടേതായ ശൈലിയിൽ ട്രാഫിക് സിഗ്നൽ ലംഘിക്കരുത് എന്ന സന്ദേശം പങ്കുവെച്ചുകൊണ്ട് , ഒരു മൂന്ന് നിയനമങ്ങളെങ്കിലും സാധാരണക്കാരുടെ ശ്രദ്ധയിൽപെടുത്തണം. നിരവധി ഫോളോവേഴ്സുള്ളവർ ഇക്കാര്യങ്ങൾ പറയുമ്പോൾ ജനങ്ങൾ കുറച്ചുകൂടി ശ്രദ്ധിക്കും. അതിനായി മുന്നിട്ടറങ്ങണമെന്നും മന്ത്രി ആഹ്വാനം ചെയ്യുന്നു.
പത്തനംതിട്ട, പാലക്കാട്, ആലപ്പുഴ അപകടങ്ങൾ വളരെ ദുഖകരമായ സംഭവമെന്നും ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനമെന്നും മന്ത്രി പറഞ്ഞു. ഉറങ്ങിയ ശേഷം വണ്ടി ഓടിക്കുന്ന സംസ്കാരം ഉണ്ടാക്കണം. പത്തനംതിട്ടയിലെ സംഭവത്തിൽ വീട് അടുത്തായതിനാൽ വീട്ടിലെത്തി ഉറങ്ങാമെന്ന് അദ്ദേഹം കരുതിക്കാണുമെന്നും മന്ത്രി പറഞ്ഞു.
അശ്രദ്ധമൂലമാണ് പല അപകടങ്ങളും സംഭവിക്കുന്നത്. പാലക്കാട്ടെ അപകടം കുഞ്ഞുങ്ങളുടെ കുറ്റം കൊണ്ട് സംഭവിച്ചതല്ല. പല സ്വിഫ്റ്റ് ഡ്രൈവർമാരും അശ്രദ്ധമായി വണ്ടിയോടിക്കുന്നണ്ടെന്നും കെ.ബി.ഗണേഷ്കുമാർ പ്രതികരിച്ചു. ചില റോഡുകൾ പണിഞ്ഞിരിക്കുന്നത് ഗ്രൗണ്ട് റിയാലിറ്റി അറിയാതെയാണ്. അപകടത്തിന് കാരണമാകുന്നുണ്ടിതൊക്കെ. അശാസ്ത്രീയമായാണ് പല റോഡുകളും നിർമ്മിച്ചിരിക്കുന്നത്. പ്രാദേശിക പരിശോധന നടത്തിയല്ല റോഡ് നിർമ്മാണം നടത്തുന്നത്. നാഷണൽ ഹൈവേ ഡിസൈൻ ചെയ്യുന്നത് ഗൂഗിൾ മാപ്പ് നോക്കിയാണെന്നും സംസ്ഥാനത്തെ ഉദ്യോഗസ്ഥരോട് കാര്യങ്ങൾ തിരക്കാറില്ലെന്നും മന്ത്രി ആരോപിച്ചു.