ചെന്നൈ: സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ ജീവനക്കാരനും സുഹൃത്തും പിടിയിൽ. ദുബായിൽ നിന്നും ചെന്നൈയിൽ എത്തിയ എയർഇന്ത്യ വിമാനത്തിലെ ക്യാബിൻ ക്രൂ അംഗത്തെയും യാത്രക്കാരനെയുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. 24 ക്യാരറ്റിന്റെ 1.7 കിലോഗ്രാം സ്വർണം കടത്താനാണ് വിമാനത്തിൽ വന്ന ഒരു യാത്രക്കാരനെ ഇയാൾ സഹായിച്ചത്. വിമാനത്താവളത്തിൽ ഇറങ്ങിയ ഇരുവരും അവിടെ വെച്ചു തന്നെ പിടിയിലാവുകയും ചെയ്തു.
ഞായറാഴ്ച ദുബൈയിൽ നിന്ന് ചെന്നൈയിൽ എത്തിയ എയർ ഇന്ത്യ വിമാനത്തിലെ ക്യാബിൻ ക്രൂ ജീവനക്കാരനെയും വിമാനത്തിൽ വന്ന ഒരു യാത്രക്കാരനെയും സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രത്യേകം നിരീക്ഷിക്കുകയും പിന്നീട് പിടികൂടുകയുമായിരുന്നു. വിമാനത്തിൽ വെച്ച് ജീവനക്കാരന് സ്വർണം കൈമാറിയ വിവരം ചോദ്യം ചെയ്യലിൽ യാത്രക്കാരൻ സമ്മതിച്ചുവെന്ന് കസ്റ്റംസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വിമാനത്താവളത്തിൽ വെച്ചു നടത്തിയ വിശദമായ പരിശോധനയിൽ മിശ്രിത രൂപത്തിലുള്ള സ്വർണം ഇയാളിൽ നിന്ന് കസ്റ്റംസ് പിടിച്ചെടുക്കുകയും ചെയ്തു. ജീവനക്കാരന്റെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. കസ്റ്റംസ് നടപടികൾ പൂർത്തിയ ശേഷം രണ്ട് പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
STORY HIGHLIGHT: gold smuggling chennai airport air india cabin crew