വന്യജീവി ആക്രമണത്തിൽ നിരവധി ജീവനുകളാണ് സംസ്ഥാനത്ത് ദിവസവും പൊലിയുന്നത്. ഇപ്പോൾ അവസാനത്തെ ഇരയാണ് കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ എൽദോസ് എന്ന നാല്പതുകാരൻ. മാതാപിതാക്കൾക്കുള്ള ക്രിസ്മസ് സമ്മാനങ്ങളുമായി വീട്ടിലേക്ക് വന്ന വഴിയാണ് എൽദോസിനെ കാട്ടാന ആക്രമിക്കുന്നത്. ഇന്നലെ വൈകിട്ട് സ്ഥലത്ത് ഉൾപ്പെടെ നിരവധിപേർ പ്രതിഷേധവുമായി എത്തിയിരുന്നു. അവസാനം കളക്ടർ ഉൾപ്പെടെ വന്നാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്.
ആരെങ്കിലും മരിക്കുമ്പോൾ മാത്രം ഉണർന്ന് പ്രവർത്തിക്കുന്ന സർക്കാരിനെയാണ് കേരളത്തിൽ കഴിഞ്ഞ കുറെ നാളുകളായി കാണുന്നത്. വാക്ക് പറയുന്ന മന്ത്രിയുടെ വാക്ക് മാറ്റവും കേരളത്തിന് പുത്തരിയല്ല. രണ്ടുദിവസം മുൻപ് ഇതേ പ്രദേശത്ത് കാട്ടാന മറിച്ചിട്ട് പന വീണ് സ്കൂട്ടറിൽ സഞ്ചരിച്ച എൻജിനീയർ വിദ്യാർത്ഥിനിയെ ആൻമേരി കൊല്ലപ്പെട്ടിരുന്നു. ഇതോടെ മന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണെന്ന് പ്രതിപക്ഷം പറയുന്നത് വെറുതെയല്ല എന്ന് വേണം കരുതാൻ. കാരണം ആറുമാസം മുൻപ് വനമന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും നടന്നില്ല എന്നത് ഇക്കഴിഞ്ഞ രണ്ടു മരണങ്ങളും ചൂണ്ടിക്കാണിക്കുന്ന തെളിവ് കൂടിയാണ്.
കോതമംഗലം നിയോജകമണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളില്‍ വന്യമൃഗശല്യം രൂക്ഷമാണെന്ന് ഈ വര്‍ഷം ജൂണില്‍ നിയമസഭാ സമ്മേളനത്തില്‍ ആന്റണി ജോണ്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി വനം മന്ത്രി വ്യക്തമാക്കിയിരുന്നു. ശല്യം കൂടുതലുള്ള പ്രദേശങ്ങില്‍ ഏറുമാടം സ്ഥാപിച്ച് കാട്ടാനകളെ കാട്ടിലേക്ക് കയറ്റി വിടാന്‍ താല്‍ക്കാലിക വാച്ചർമാരെ നിയമിച്ചിട്ടുണ്ട്. വനപാതകളില്‍ സൗരോര്‍ജ്ജ വിളക്കുകള്‍ സ്ഥാപിച്ചു, രാത്രികാല പട്രോളിംഗ് നടത്തുന്നു. ഇതിനും പുറമെ 10 കിലോമീറ്റര്‍ സൗരോര്‍ജ്ജ വേലി നിര്‍മ്മിക്കാന്‍ നബാര്‍ഡിന്റെ അംഗീകാരം ലഭിച്ചു – ഇതൊക്കെയായിരുന്നു മന്ത്രി എ കെ ശശീന്ദ്രൻ്റെ മറുപടി.
എന്നാൽ സഭയ്ക്ക് നല്കിയ ഈ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല എന്നാണ് രണ്ട് ദിവസങ്ങളിലായി നടന്ന കാട്ടാന ആക്രമണങ്ങള്‍ തെളിയിക്കുന്നത്. എല്‍ദോസിന്റ മരണത്തെ തുടര്‍ന്ന് പ്രതിഷേധവുമായി എത്തിയ ജനങ്ങള്‍ ജില്ലാ ഭരണകൂടത്തോട് പ്രധാനമായി ചോദിച്ചതും മന്ത്രിയുടെ വാഗ്ദാനങ്ങളെ ക്കുറിച്ചായിരുന്നു. കാനനപാതയില്‍ സൗരോര്‍ജ്ജ വിളക്കില്ലാത്തതും, സൗരോര്‍ജ്ജ വേലിയുടെ പണി തുടങ്ങാത്തതും അവര്‍ എണ്ണിയെണ്ണിപ്പറഞ്ഞു.
വലിയ പ്രതിഷേധം ഉയര്‍ന്നതോടെ എട്ട് കിലോമീറ്റര്‍ ട്രെഞ്ചിംഗ് ജോലികളും വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കുന്നതും ഇന്ന് തുടങ്ങി. സോളാര്‍ ഫെന്‍സിംഗിന്റെ ജോലികള്‍ 21ന് ആരംഭിക്കും. സോളാര്‍ തൂക്കുവേലി സ്ഥാപിക്കാനുള്ള ജോലികള്‍ ഉടനെ തുടങ്ങും. 27ന് കളക്ടര്‍ നേരിട്ടെത്തി അവലോകന യോഗം നടത്തും എന്നെല്ലാം ഇപ്പോൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം നടപ്പാക്കാന്‍ രണ്ടു ജീവനുകൾ നഷ്ടപ്പെടുന്നതുവരെ കാക്കേണ്ടിയിരുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്.
1000 പേരാണ് പിണറായി സര്‍ക്കാരിന്റെ കാലത്ത് വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. വന്യമൃഗ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും അത് കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്. മനുഷ്യ വന്യമൃഗ സംഘര്‍ഷ ലഘൂകരണ മാര്‍ഗ്ഗങ്ങള്‍ക്കായി 48.85 കോടിയാണ് ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ വകയിരുത്തിയത്. അനുവദിച്ചതാകട്ടെ 21.82 കോടിയും. പ്ലാനിംഗ് ബോര്‍ഡിന്റെ കണക്ക് പ്രകാരം ചെലവഴിച്ചത് ഇതിൻ്റെ 44.67 ശതമാനം മാത്രവുമാണ്.
STORY HIGHLIGHT: man wild conflict kerala