ലഖ്‌നൗ: സ്വത്ത് തർക്കത്തെ തുടർന്ന് മകനും കാമുകിയും ചേർന്ന് അച്ഛനെ ജീവനോടെ കത്തിച്ചു. ഉത്തർപ്രദേശിലെ രാംപുരിയിൽ ആണ് സംഭവം. രാമു റാവത്തിനെ (44) പ്രതികള്‍ കുഴല്‍ക്കിണറില്‍ തള്ളിയിട്ട ശേഷം കത്തിക്കുകയായിരുന്നു. പ്രതികളായ ധര്‍മ്മേഷ് റാവത്ത് (26), സംഗീത (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം രാമു കൃഷി സ്ഥലത്തിന് കാവല്‍ നില്‍ക്കാന്‍ പോയി. പിന്നീട് വെള്ളിയാഴ്ച രാവിലെ രാമുവിന്റെ മൃതദേഹം കൃഷിസ്ഥലത്തെ 30 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് രാമുവിന്റെ മകള്‍ ജൂലി പോലീസില്‍ പരാതി നല്‍കി.
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് ധര്‍മ്മേഷ് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനിടെ ധര്‍മ്മേഷ് കുറ്റസമ്മതം നടത്തുകയായിരുന്നു. തനിക്ക് അവകാശപ്പെട്ട 2.5 ബിഘ (1.549 ഏക്കര്‍) കൃഷിഭൂമി പിതാവ് തരില്ല എന്ന സംശയത്തെ തുടര്‍ന്നാണ് കാമുകി സംഗീതയുമായി ചേര്‍ന്ന് ധര്‍മ്മേഷ് ക്രൂരകൃത്യം നടത്തിയത്.
ഭൂമിയും മറ്റ് സ്വത്തുക്കളും ലഭിക്കാനായി സംഗീത രാമുവിനെ വശീകരിച്ച് ബന്ധം സ്ഥാപിച്ചിരുന്നതായും പോലീസ് പറയുന്നു. തുടര്‍ന്ന് കൃഷിസ്ഥലത്ത് കാവല്‍ നില്‍ക്കാന്‍ പോയ രാമുവിനോട്, അവിടെയെത്തിയ ധര്‍മ്മേഷും സംഗീതയും ഇക്കാര്യം ഉന്നയിച്ചു. സ്വത്ത് നല്‍കാന്‍ കഴിയില്ലെന്ന് രാമു പറഞ്ഞതോടെ വാക്കുതര്‍ക്കം ആരംഭിച്ചു. ഇതിനിടെ പിതാവിനെ ധര്‍മ്മേഷ് കുഴല്‍ക്കിണറിലേക്ക് തള്ളിയിടുകയും മുകളില്‍ വൈക്കോല്‍ ഇട്ട് ജീവനോടെ കത്തിക്കുകയുമായിരുന്നു.