Movie News

തിയേറ്ററുകളിൽ തീ പാറിച്ച മികച്ച പാൻ ഇന്ത്യൻ ചിത്രങ്ങൾ; 2024 ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിന്റെ പുതിയ അധ്യായം – Movies look back 2024

2024 അവസാനിക്കുമ്പോൾ തുടക്കം കുറിക്കുന്നത് ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിന്റെ പുതിയ അധ്യായമാണ്

2024 ൽ തെന്നിന്ത്യൻ സിനിമകൾ ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ സൃഷ്ടിച്ച തരം​ഗം ചെറുതല്ല. ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ച് തെന്നിന്ത്യൻ സിനിമ ലോകം അതിന്റെ ഉയർച്ചയുടെ പടവുകൾ താണ്ടുകയാണിപ്പോൾ. വന്‍താരങ്ങളല്ല നല്ല കഥയും മേക്കിംഗുമാണ് സിനിമയുടെ പ്രധാന ഘടകങ്ങള്‍ എന്ന് ഓര്‍മിപ്പിക്കുന്ന വര്‍ഷം കൂടിയാണ് കടന്ന് പോകുന്നത്. എന്നാൽ താരപരിവേഷം ഊട്ടിയുറപ്പിക്കുന്ന മാസ് മസാല ചേരുവകളെ പ്രേക്ഷകർ കൈവിട്ടിട്ടില്ലെന്നും കൂടി 2024 തെളിയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ
പാൻ ഇന്ത്യൻ ചിത്രങ്ങളെ നിറഞ്ഞ കൈയടിയോടെയാണ് സിനിമ പ്രേമികൾ വരവേറ്റതും. പുഷ്പ 2: ദ റൂൾ, ദേവര, ഇന്ത്യൻ 2 , കങ്കുവ, കൽക്കി 2898 എ ഡി, അമരൻ എന്നീ ചിത്രങ്ങളിലൂടെ തുടർന്നുപോവുകയാണ് ഈ ദക്ഷിണേന്ത്യൻ തരംഗം. 2024 ൽ തിയേറ്ററിൽ തീ പാറിച്ച മികച്ച പാൻ ഇന്ത്യൻ ചിത്രങ്ങൾ ഇവയാണ്.

ഫയറല്ല! വെെൽഡ് ഫയർ… ‘പുഷ്പ 2: ദി റൂൾ’

അല്ലു അർജുനെ മികച്ച ന‌ടനുളള ദേശീയ അവാർഡിന് അർഹനാക്കിയ ‘പുഷ്പ: ദ റെയ്സി’ന്റെ രണ്ടാം ഭാ​ഗമാണ് ‘പുഷ്പ 2: ദി റൂള്‍’. സുകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് തിയേറ്ററുകളില്‍ വമ്പൻ വിജയമാണ് സമ്മാനിച്ചത്. സമ്മിശ്ര നിരൂപണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നതെങ്കിലും വൻ പ്രതീക്ഷകൾക്കൊടുവിൽ ഡിസംബർ 5 നാണ് പുഷ്പ 2 തിയേറ്ററുകളിൽ റിലീസ് ചെയ്തത്. തിയേറ്ററുകളിൽ അത്യപൂർവമായ നേട്ടമാണ് ചിത്രം സ്വന്തമാക്കിയത്. ആഗോളതലത്തിൽ 1414 കോടി രൂപയുടെ കളക്ഷനാണ് ചിത്രം നേടിയിരുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. സുകുമാർ റൈറ്റിംഗ്‌സിൻ്റെ സഹകരണത്തോടെ മൈത്രി മൂവി മേക്കേഴ്‌സിൻ്റെ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ്. ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർത്തിരിക്കുകയാണ് പുഷ്പ 2: ദ റൂളിൽ. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്.

ഭൂത‌വും ഭാവിയും ഒന്നിക്കുന്ന ‘കൽക്കി 2898 എ.ഡി’

2024 ൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ പ്രഭാസ് ചിത്രമാണ് കൽക്കി 2898 എ.ഡി. ജൂൺ 27 ന് തിയറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തിൽ 1100 കോടി രൂപയാണ് സ്വന്തമാക്കിയത്. ഭൂതകാലത്തെയും ഭാവിയെയും ബന്ധിപ്പിക്കുന്ന നാഗ് അശ്വിൻ സയൻസ് ഫിക്‌ഷൻ ചിത്രം വരുന്നത് ഇതാദ്യമാകും. പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ ,ദീപിക പദുക്കോൺ, ദിഷാ പഠാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. കെട്ടുകഥകൾക്കും അപ്പുറമുള്ള കാഴ്ചാവിസ്മയമാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചത്. ബി.സി 3101-ലെ മഹാഭാരത ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് കൽക്കി നിര്‍മിച്ചിരിക്കുന്നത്. സയൻസ് ഫിക്ഷനായി ഒരുക്കിയ ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്.

ജൂനിയര്‍ എന്‍ടിആറിന്‍റെ സോളോ ഹിറ്റ്; ‘ദേവര പാർട്ട് 1’

ജൂനിയര്‍ എന്‍ടിആർ പ്രാധാന വേഷത്തിലെത്തി വൻ ഹിറ്റായി മാറിയ ചിത്രമാണ് ദേവര പാർട്ട് 1. തകർപ്പൻ ഡയലോഗുകളും ​​കിടിലൻ ആക്ഷൻ രം​ഗങ്ങളും ചേർത്തൊരുക്കിയ ഗംഭീര ദൃശ്യവിരുന്നായിരുന്നു കൊരട്ടല ശിവ സംവിധാനം ചെയ്ത ദേവര പാർട്ട് 1. ആഗോളതലത്തില്‍ ചിത്രം 521 കോടിയാണ് സ്വന്തമാക്കിയിരുന്നത്. കടലിലെ പോരാട്ടം ഇതിവൃത്തമാക്കി ദേവര എന്ന ഇതിഹാസ കഥാപാത്രത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത്. ജാന്‍വി കപൂർ നായികയായി എത്തുന്ന ചിത്രത്തിൽ പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരൈൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ബോളിവുഡ് താരം സെയ്ഫ് അലി ഖാനാണ് ചിത്രത്തിൽ പ്രധാന വില്ലനായി എത്തുന്നത്. ജൂനിയര്‍ എൻടിആറിന്‍റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹീറോ ഹിറ്റ് ആണ് ദേവര പാര്‍ട്ട് 1. ചിത്രത്തിലെ ആദ്യഗാനം ‘ഫിയർ സോങ്ങ്’ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയപ്പോൾ രണ്ടാമത്തെ ഗാനം ‘ചുട്ടമല്ലെ’ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രത്നവേലു ഐ എസ് സി ആണ് ഛായാഗ്രഹണം. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും സാബു സിറിൾ പ്രൊഡക്ഷൻ ഡിസൈനും കൈകാര്യം ചെയ്യുന്നു.

സേനാപതിയുടെ രണ്ടാം വരവ് ‘ഇന്ത്യൻ 2’

കമല്‍ഹാസനെ നായകനാക്കി എസ് ശങ്കർ സംവിധാനം ചെയ്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ഇന്ത്യൻ 2. എന്നാൽ പ്രതീക്ഷയ്‍ക്കൊത്ത വിജയം നേടാൻ കമല്‍ഹാസൻ ചിത്രത്തിന് സാധിച്ചിരുന്നില്ല. ആഗോളതലത്തില്‍ നിന്ന് ആകെ 148.78 കോടിയാണ് ചിത്രം നേടിയെടുത്തിരുന്നത്. കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ‘ഇന്ത്യൻ’ വൻ ഹിറ്റായി മാറിയിരുന്നു. ഇന്ത്യനിലൂടെ കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. ഇന്ത്യൻ 2 വിലും ഇന്ത്യൻ താത്തയായി നിറഞ്ഞാടുകയായിരുന്നു കമല്‍ഹാസൻ. ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയിന്‍റ് മൂവീസ് എന്നിവർ ചേർന്നു നിർമിച്ചിരിക്കുന്ന ചിത്രത്തിൽ കാജൽ അഗർവാൾ, സിദ്ധാര്‍ഥ്, എസ്.ജെ. സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്. കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. ലോകേഷ് കനകരാജിനൊപ്പം രത്‍നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചത്.

അലറലോടലറല്‍! സൂര്യയുടെ ‘കങ്കുവ’ വിളയാട്ടം

300 കോടി ബജറ്റിൽ ഒരുങ്ങുന്ന സയൻസ് ഫിക്‌ഷൻ ചിത്രമാണ് സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’. സൂര്യയുടെ തീ പാറുന്ന പ്രകടനവുമായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നത്. ഇതുവരെ ചെയ്തതിൽ സൂര്യയുടെ ഏറ്റവും ശക്തമായ ആക്‌ഷൻ കഥാപാത്രമായിരുന്നു ചിത്രത്തിലേത്. ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് സൂര്യ എത്തുന്നത്. ആഗോളതലത്തില്‍ 127.64 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. പിരീഡ് ആക്ഷന്‍ ഡ്രാമയായി ഒരുക്കിയ ചിത്രം സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജ, യു.വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. മികച്ച വിഷ്വൽ ട്രീറ്റാണ് കങ്കുവ നൽകുന്നത്. പക്ഷേ ചിത്രം പറയുന്നത് പുതുമയുള്ള കഥയല്ല. ആയിരം വർഷം മുൻപ് ഒരു സാങ്കൽപിക ദേശത്തുനടന്ന കഥയാണ് ‘കങ്കുവ’യിലൂടെ പറയുന്നത്. അതിവേഗം കഥ പറയുന്ന രീതിയാണ് ചിത്രത്തിനുള്ളത്. ടൈം ട്രാവലിലൂടെ കഥ പറയുന്ന ചിത്രത്തിൽ ബോബി ഡിയോളാണ് വില്ലനായി എത്തുന്നത്. പശ്ചാത്തലസംഗീതമൊരുക്കിയ ദേവിശ്രീ പ്രസാദും ക്യാമറ ചലിപ്പിച്ച വെട്രി പളനിസാമിയുമാണ് കങ്കുവയുടെ നട്ടെല്ല്.

സിനിമയെ വെല്ലുന്ന യഥാർത്ഥ കഥ ‘അമരൻ’

2014-ലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജിന്റെ ജീവിതകഥ പറയുന്ന സിനിമയെ വെല്ലുന്ന യഥാർത്ഥ കഥ അതാണ് അമരൻ. സിനിമാ പ്രേമികളും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരുന്നതും. സായി പല്ലവിയും ശിവകാര്‍ത്തികേയനും പ്രധാന വേഷത്തില്‍ എത്തിയ ബ്ലോക് ബസ്റ്റർ ചിത്രവുമായിരുന്നു അമരൻ. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുമ്പോൾ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായി പല്ലവി വേഷമിടുന്നു. ആഗോളതലത്തിൽ 320 കോടിയാണ് ചിത്രം സ്വന്തമാക്കിയിരുന്നത്. ഉലകനായകന്‍ കമല്‍ഹാസന്‍റെ രാജ് കമല്‍ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. ശിവ കാർത്തികേയന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവെച്ചിരിക്കുന്നത്. മേജർ മുകുന്ദ് വരദരാജൻ എന്ന ധീര രക്തസാക്ഷിയുടെ ജീവിതവും പ്രണയവും സമാനതകളില്ലാത്ത പോരാട്ട വീര്യവുമാണ് അമരൻ എന്ന ചിത്രത്തിന്റെ പ്രമേയം. അചഞ്ചലമായ പ്രണയവും പങ്കിട്ട സ്വപ്നങ്ങളും ഇന്ദുവിന്റെ ത്യാഗവും തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരുടെ കണ്ണുനനയിക്കുന്നു.

2024 ൽ ചലച്ചിത്ര മേഖലയെ ഒന്നാകെ പിടിച്ചു കുലുക്കിയ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റ് അവസാനിക്കാതെ വീണ്ടും തുടരുകയാണ്. ടോക്സിക്, ഹനുമാൻ, സ്ത്രീ 2 , സിംഗം എഗൈൻ, ക…തുടങ്ങിയ പാൻ ചിത്രങ്ങൾ എതിരാളികളില്ലാതെ ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച ചിത്രം തന്നെയായിരുന്നു. 2024 അവസാനിക്കുമ്പോൾ തുടക്കം കുറിക്കുന്നത് ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിന്റെ പുതിയ അധ്യായമാണ്.

STORY HIGHLIGHT: Movies look back 2024