40 വര്‍ഷമായി ജനശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ് അമേരിക്കയിലെ മോണ ഷോര്‍സ് ഹൈസ്‌കൂള്‍ ക്വയര്‍ ഗ്രൂപ്പുകളൊരുക്കുന്ന ‘പാട്ട് പാടുന്ന’ ക്രിസ്മസ് ട്രീ. ഈ ക്രിസ്മസ് ട്രീ ഒരുക്കുന്നത് ഒരു ദൃശ്യ വിസ്മയം മാത്രമല്ല, മോണ ഷോര്‍സ് സമൂഹത്തിന്റെ കഴിവും സര്‍ഗാത്മകതയും കാട്ടിത്തരുന്ന സംഗീത വിസ്മയം കൂടിയാണ്. ക്രിസ്മസ് കാലമാകുമ്പോഴാണ് ഈ പാട്ടുപാടുന്ന ക്രിസ്മസ് ട്രീ സജീവമാകുന്നത്. ക്രിസ്മസ് ട്രീ എന്നുപറയുമ്പോള്‍ ഒരു വലിയ മരത്തില്‍ അലങ്കാര ബള്‍ബുകളും തൊങ്ങലുകളും ഒക്കെ പിടിപ്പിച്ച ഒന്നാണെന്ന് കരുതിയെങ്കില്‍ തെറ്റി.
ഇത് ഒരു സാധാരണ ക്രിസ്മസ് ട്രീ അല്ല. 67 അടി ഉയരമുള്ള 15 വരികളില്‍ നില്‍ക്കുന്ന 180 പാട്ടുകാര്‍ ചേര്‍ന്ന ഒരു കലാസൃഷ്ടിയാണ്. കലാപരമായി ധാരാളം പ്രത്യേകതകള്‍ ചേര്‍ത്തൊരുക്കിയതാണ് ഈ സിംഗിങ് ക്രിസ്മസ് ട്രീ. 25,000 LED ലൈറ്റുകള്‍, സമൃദ്ധമായ അലങ്കാരങ്ങളും നക്ഷത്രങ്ങളും കൊണ്ട് അലങ്കരിച്ച 67 അടി ഉയരമുളള ഇതിന്റെ സ്റ്റീല്‍ ഫ്രെയിമിന് മിന്നുന്ന ഡിസ്‌പ്ലേയാണ് ഉളളത്. ഓരോ സ്ഥാനത്തിനനുസരിച്ചാണ് ഗായകര്‍ക്ക് ട്രീയില്‍ ഇരിക്കാന്‍ അവസരം നല്‍കുന്നത്. മരത്തിന്റെ ഏറ്റവും ഉയരത്തില്‍ നക്ഷത്രത്തിനടുത്ത് ‘വൃക്ഷ മാലാഖ’യുടെ സ്ഥാനമുണ്ട്. അതിന് താഴെ മുതിർന്ന ആളുകളും ഏറ്റവും ഒടുവില്‍ ജൂനിയറായുള്ള കുട്ടികളും ക്രമമനുസരിച്ച് ഇരിക്കും.
‘വൃക്ഷ മാലാഖ’ എന്ന സ്ഥാനം ഓരോ വര്‍ഷവും തിരഞ്ഞെടുക്കപ്പെട്ട ഒരു വിദ്യാര്‍ഥിക്കാണ് നല്‍കുന്നത്. ഈ വര്‍ഷം ‘വൃക്ഷ മാലാഖ’ ആകാനുള്ള ഭാഗ്യം ലഭിക്കുന്നത് വീല്‍ചെയര്‍ ഉപയോഗിക്കുന്ന ക്വയര്‍ ഗ്രൂപ്പിലെ ആനി എന്ന പെണ്‍കുട്ടിയ്ക്കാണ്. ഈ ഗായക സംഘത്തിന്റെ വക്താവ് ഡേവ് ആന്‍ഡേഴ്‌സനും ഈ കലാസൃഷ്ടിയുടെ നിര്‍മ്മാതാവായ ഗൈ ഫ്രിസല്ലറും കൂടിയാണ് സിംഗിങ് ക്രിസ്മസ് ട്രീക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.1985 ല്‍ നോര്‍ട്ടണ്‍ ഷോര്‍ട്ട്‌സിലെ സെന്റ് ഫ്രാന്‍സിസ് ഡി സെയില്‍സ് പള്ളിയിലാണ് ആദ്യമായി പാടുന്ന ക്രിസ്മസ് ട്രീ അവതരിപ്പിച്ചത്. ഒരു പ്രാദേശിക പരിപാടിയായി ആരംഭിച്ച ഈ ക്വയര്‍ ഗ്രൂപ്പ് ഇന്ന് അന്താരാഷ്ട്ര അംഗീകാരം നേടിക്കഴിഞ്ഞു. ഈ സിംഗിങ് ക്രിസ്മസ് ട്രീ സന്തോഷത്തിന്റെ പ്രതീകമായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്.
STORY HIGHLIGHTS : what-is-the-tallest-singing-christmas-tree-in-america