തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പ്രതിഷേധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഓഫീസിലേക്ക് കെഎസ്യു നടത്തിയ മാർച്ചിൽ സംഘർഷം. ഓഫീസിനുമുന്നിൽ പോലീസ് മാർച്ച് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതോടെ കെഎസ്യു പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയും അതിനുമുകളിൽ കയറുകയും ചെയ്തു. ഈ സമയത്താണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഏഴു തവണയാണ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. സ്ഥലത്ത് പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷവും ഉണ്ടായി.
കെഎസ്യു അധ്യക്ഷൻ അലോഷ്യസ് സേവ്യറാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. സർക്കാരിന്റേത് അനങ്ങാപ്പാറ നയമാണെന്നും സർക്കാർ നടത്തുന്ന അന്വേഷണം പ്രഹസനമാണെന്നും അലോഷ്യസ് പറഞ്ഞു. പ്രൈവറ്റ് ട്യൂഷൻ മാഫിയ അധ്യാപകരുടെ പിന്തുണയോടെ പ്രവർത്തിക്കുകയാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. പണം പിഴിഞ്ഞെടുക്കുന്ന മാഫിയയായി സ്വകാര്യ ട്യൂഷൻ സെന്ററുകൾ മാറിയെന്ന് എം ലിജു പ്രതികരിച്ചു. ഭരണാനുകൂല അധ്യാപക സംഘടനയിലുള്ളവർക്ക് ഈ മാഫിയയുമായി ബന്ധമുണ്ട്. മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തുവന്നതെന്നും ലിജു പറഞ്ഞു.
STORY HIGHLIGHT: ksu march clash