കൊച്ചി: ആറു വയസ്സുകാരിയുടെ കൊലപാതകത്തിന് പിന്നിൽ കുടുംബ പ്രശ്നങ്ങൾ ആണെന്ന് പോലീസ്. ഭർത്താവിന്റെ ആദ്യ ബന്ധത്തിലുള്ള കുട്ടി തന്റെ കുട്ടികൾക്ക് ഭാവിയിൽ ഭീഷണി ആകുമോ എന്ന് ആശങ്കയും ആദ്യ ഭാര്യ ഭർത്താവുമായി അടുക്കുന്നു എന്ന് ചിന്തയുമാണ് ആറു വയസ്സുകാരിയെ രണ്ടാനമ്മ ശ്വാസം മുട്ടിച്ചു കൊന്നതിനു പിന്നിൽ എന്നും പോലീസ് പറയുന്നു. യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ആയിരുന്നു ഇവർ പോലീസിനോട് കൊലപാതകത്തെ കുറിച്ച് വിശദീകരിച്ചത്. ഇവർക്ക് ദുർമന്ത്രവാദത്തിന്റെ സ്വാധീനം ഉണ്ടെങ്കിലും കൊലപാതകത്തിൽ ഇതൊരു ഘടകം ആയിട്ടില്ല എന്നാണ് നിഗമനം.
ആറു വയസ്സുകാരിയുടെ കൊലപാതത്തിൽ ഉത്തർപ്രദേശ് സ്വദേശി അനീഷയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 20 വർഷത്തിലേറെയായി നെല്ലിക്കുഴിയിൽ താമസിക്കുന്ന അജാസ്ഖാൻ എന്ന ഉത്തർപ്രദേശ് സ്വദേശി ആദ്യഭാര്യയുമായി പിണങ്ങി പിരിഞ്ഞ ശേഷമാണ് അനീഷയോടൊപ്പം ജീവിക്കാൻ തുടങ്ങിയത്. അനീഷയുടെ ആദ്യ ബന്ധത്തിലെ രണ്ടു വയസ്സുകാരിയായ മകളും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
അടുത്തിടെ അനീഷ അജാസ് ഖാനില്‍ നിന്ന് ഗര്‍ഭിണിയാവുകയും ചെയ്തു. അജാസ് ഖാന്റെ ആദ്യ ഭാര്യയിലുളള മകള്‍ തന്റെ മക്കളുടെ ഭാവിക്ക് തടസമാകുമോ എന്ന ആശങ്ക അനീഷയ്ക്കുണ്ടായിരുന്നു. പിണങ്ങിപ്പിരിഞ്ഞ ആദ്യ ഭാര്യ അജാസുമായി വീണ്ടും അടുക്കുന്നെന്ന സംശയവും അനീഷയ്ക്കുണ്ടായി. ഇതോടെയാണ് ആറു വയസുകാരിയായ മുസ്കാനെ അനീഷ കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് പൊലീസ് നിഗമനം.
ശരീരത്തില്‍ ബാധ കയറുന്നതു പോലെയുളള പെരുമാറ്റം അനീഷയില്‍ നിന്ന് ഉണ്ടാകാറുണ്ടായിരുന്നെന്ന് അജാസ് ഖാന് നാട്ടുകാരോട് പറഞ്ഞിരുന്നു. പ്രാദേശികമായി ദുര്‍മന്ത്രവാദം ചെയ്യുന്നയാള്‍ അനീഷയെ ചികില്സിക്കുകയും ചെയ്തിരുന്നു. കുഞ്ഞിനെ കൊല്ലാന്‍ ഇയാളുടെ സ്വാധീനം കാരണമായിട്ടുണ്ടോ എന്ന സംശയം പൊലീസിനുണ്ടായിരുന്നെങ്കിലും തെളിവൊന്നും കിട്ടിയില്ല. കൊലപാതകത്തില്‍ അജാസ് ഖാനും പങ്കില്ലെന്നാണ് പൊലീസ് നിഗമനം. അജാസ് ഖാന്റെ ആദ്യ ഭാര്യയെ കണ്ടെത്തി കൊല്ലപ്പെട്ട കുഞ്ഞിന്റെ മൃതദേഹം കൈമാറാനാണ് പൊലീസ് നീക്കം. അനീഷയുടെ രണ്ടു വയസുകാരിയായ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറും.
STORY HIGHLIGHT: six year old girl murder case updates