ആലപ്പുഴ: കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തലയാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രതിപക്ഷ നേതാവിനെക്കാൾ യോഗ്യൻ രമേശ് ചെന്നിത്തലയാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.
അതേസമയം, എൻഎസ്എസുമായി ഇണങ്ങിയതുകൊണ്ട് ചെന്നിത്തലയ്ക്കു പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും അദ്ദേഹവും എസ്എൻഡിപിയും തമ്മിലുള്ള ബന്ധം കടലും കടലാടിയും പോലെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ചെന്നിത്തല എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ട്. രമേശ് നല്ലവനാണ്. തമ്മിൽ ഭേദം തൊമ്മനാണ്. താക്കോൽ സ്ഥാനത്ത് ആരു വന്നിട്ടും കാര്യമില്ല. താക്കോൽ കിട്ടിയിട്ട് വേണ്ടേയെന്നും അഞ്ചു പേര് താക്കോലിനായി നടക്കുകയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
രമേശ് ചെന്നിത്തല വൈകിയാണെങ്കിലും എൻഎസ്എസുമായി ഇണങ്ങിയത് നന്നായി. എന്നാൽ, അവരുമായി ഇണങ്ങിയതുകൊണ്ട് ചെന്നിത്തലയ്ക്കു പ്രത്യേകിച്ച് ഗുണമില്ല. പിണങ്ങിയ കാരണം അവർക്കറിയാം. തലയിലെഴുത്തില്ലാത്ത നേതാവാണ് ചെന്നിത്തല. കോൺഗ്രസിന് കണ്ടകശ്ശനിയാണെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിനു ജനിക്കാത്ത കുട്ടിക്ക് എന്തിന് പേരിടണമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.
11 വർഷത്തെ ഇടവേളയ്ക്കുശേഷം രമേശ് ചെന്നിത്തലയ്ക്ക് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തു നടക്കുന്ന മന്നം ജയന്തിയിൽ ക്ഷണം ലഭിച്ചിരുന്നു. ചടങ്ങിൽ മുഖ്യപ്രഭാഷകനാണ് ചെന്നിത്തല. ജനുവരി രണ്ടിനാണു സമ്മേളനം. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ താക്കോൽ സ്ഥാന വാദവുമായി എൻഎസ്എസ് രംഗത്തെത്തിയതു വലിയി രാഷ്ട്രീയ വിവാദമായിരുന്നു. പരാമർശം ചെന്നിത്തല പിന്നീട് തള്ളിപ്പറഞ്ഞതായിരുന്നു സംഘടനയുമായി അകൽച്ചയ്ക്കു കാരണം.
STORY HIGHLIGHT: vellappally nadeshan about ramesh chennithala