തിരുവനന്തപുരം : ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ക്രിസ്മസ് – ന്യൂയർ ഫെയറുമായി സപ്ലൈകോ. ഡിസംബർ 21 ശനിയാഴ്ച മുതൽ 30 വരെയാണ് സപ്ലൈകോയുടെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ ക്രിസ്മസ് – ന്യൂയർ ഫെയറുകൾ സംഘടിപ്പിക്കുക. കുറഞ്ഞ ചിലവിൽ സബ്സിഡിയോട് കൂടി ആവശ്യ ഇനങ്ങൾ വാങ്ങാനുള്ള അവസരമാണ് ഇത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് പ്രത്യേക ക്രിസ്മസ് – ന്യൂ ഇയർ ഫെയറുകൾ സംഘടിപ്പിക്കുന്നത്. മറ്റു ജില്ലകളിൽ ജില്ലാ ആസ്ഥാനത്തെ സപ്ലൈകോയുടെ പ്രധാന സൂപ്പർ മാർക്കറ്റ് സപ്ലൈകോ ക്രിസ്മസ് – ന്യൂ ഇയർ ഫെയറായി പ്രവർത്തിക്കും.
13 ഇനം സബ്സിഡി സാധനങ്ങൾക്ക് പുറമെ ശബരി ഉത്പന്നങ്ങൾ, എഫ്എംസിജി ഉത്പന്നങ്ങൾ എന്നിവ 10 മുതൽ 40 ശതമാനം വിലക്കുറവിൽ ഫെയറുകളിലൂടെ വിൽപന നടത്തും. ബ്രാന്റഡ് നിത്യോപയോഗ സാധനങ്ങൾക്ക് 5 മുതൽ 30 ശതമാനം വരെ വിലക്കുറവാണ് സപ്ലൈകോയിൽ നൽകുക.
ഇതിനുപുറമെ ജില്ലാ ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4 വരെ ഫ്ലാഷ് സെയിൽസ് നടത്തും. സബ്സിഡി ഇതര ഉത്പന്നങ്ങൾക്ക് നിലവിൽ നൽകുന്ന ഓഫറിനെക്കാൾ 10 ശതമാനം വരെ അധിക വിലക്കുറവ് ഈ സമയത്ത് ജനങ്ങൾക്ക് ലഭ്യമാകുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു. ക്രിസ്മസ് – ന്യൂ ഇയർ ഫെയറുകൾ സംഘടിപ്പിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മന്ത്രി വ്യക്തമാക്കി.
ഫെയറുകളുടെ സംസ്ഥനതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10.30ന് പുത്തരിക്കണ്ടം മൈതാനിയിലെ നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി ജിആർ അനിലിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ പൊതുവിദ്യഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആദ്യ വിൽപ്പന നിർവഹിക്കും.
അതേസമയം, ഏതൊക്കെ ഇനങ്ങളാണ് ക്രിസ്മസ് – ന്യൂ ഇയർ ഫെയറുകളിൽ ലഭ്യമാകുകയെന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല. നാളെയോടെ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകും.
STORY HIGHLIGHT: subsidy items available xmas new year supplyco fair