വാഷിംഗ്ടണ്‍: ഓരോ ദിവസവും ഓരോ ഭീഷണി എന്നതാണ് നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിലപാട്. ഏറ്റവുമൊടുവിൽ യൂറോപ്യൻ യൂണിയനെ ഭീഷണിപ്പെടുത്തിയാണ് ട്രംപ് രംഗത്തെത്തിയത്. അമേരിക്കയിൽ നിന്ന് കൂടുതൽ എണ്ണയും ഗ്യാസും വാങ്ങിയില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകും എന്നാണ് പുതിയ ഭീഷണി.
യൂറോപ്പ് തങ്ങളിൽ നിന്നും എണ്ണയും വാതകവും വാങ്ങിയില്ലെങ്കിൽ എല്ലാത്തിന്‍റെയും താരിഫ് കൂടും എന്നാണ് ഭീഷണി. മുൻപും യൂറോപ്യൻ യൂണിയനെ ഭീഷണിപ്പെടുത്തി ട്രംപ് രംഗത്തെത്തിയിരുന്നു. നാറ്റോയ്ക്കുള്ള അധിക ധനസഹായം നിർത്തുമെന്നായിരുന്നു മുൻപ് പ്രസിഡന്‍റായപ്പോഴുള്ള ഭീഷണി.
ചില അമേരിക്കൻ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് ഉയർന്ന നികുതി ഏർപ്പെടുത്തിയതിൽ ഇന്ത്യക്കെതിരെയും മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യ ചുമത്തിയ ഉയർന്ന താരിഫിന് പ്രതികാരമായി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും ഉയർന്ന താരിഫ് ചുമത്താനുള്ള തന്‍റെ ഉദ്ദേശ്യം ട്രംപ് ആവർത്തിച്ചു. ‘ഇന്ത്യ ഞങ്ങൾക്ക് നികുതി ചുമത്തിയാൽ, ഞങ്ങളും അതേ രീതിയിൽ അവർക്കും നികുതി ചുമത്തും. മിക്കവാറും ഇന്ത്യ ഞങ്ങൾക്ക് നികുതി ചുമത്തുകയാണ്. അതേ സമയം, ഞങ്ങൾ ഇന്ത്യക്ക് നികുതി ചുമത്തിയിട്ടില്ലെന്നും’ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചൈനയുമായുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ചില യുഎസ് ഉൽപ്പന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ഇന്ത്യയും ബ്രസീലും ഉൾപ്പെടുന്നുവെന്നും ട്രംപ് പറഞ്ഞു.
content highlight : buy-oil-and-gas-from-us-or-else-donald-trump-threatens-europe