ഉച്ചയൂണിന് എന്തെങ്കിലും വെറൈറ്റിയായി തയ്യാറാക്കാൻ ആഗ്രഹിക്കുന്നയാളാണോ നിങ്ങൾ? എങ്കിൽ ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തുനോക്കൂ. രുചികരമായ കോവയ്ക്ക ഫ്രൈ.
ആവശ്യമായ ചേരുവകൾ
- കോവയ്ക്ക- 250 ഗ്രാം
- വെളുത്തുള്ളി- 3 അല്ലി
- സവാള- 1
- കറിവേപ്പില- ആവശ്യത്തിന്
- മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ
- ഉഴുന്ന്- 1 ടേബിൾ സ്പൂൺ
- പരിപ്പ്- 1 ടേബിൾ സ്പൂൺ
- മല്ലി- 1 ടേബിൾ സ്പൂൺ
- കുരുമുളക്- അര ടേബിൾ സ്പൂൺ
- തേങ്ങ ചിരകിയത്- ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു സ്പൂൺ ഉഴുന്ന്, പരിപ്പ്, മല്ലി, അര സ്പൂൺ കുരുമുളക് എന്നിവ ഒരു പാനിലിട്ട് നന്നായി വറുക്കുക. ഇതിലേക്ക് തേങ്ങ ചിരകിയതും ചേർത്ത് നന്നായി വറുത്തെടുക്കുക. ഈ വറവിലേക്ക് അൽപ്പം മുളകുപൊടി ചേർത്ത് പൊടിച്ചെടുക്കുക. ഒരു പാൻ എടുത്ത് അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. കടുക് പൊട്ടിച്ചതിനു ശേഷം വെളുത്തുള്ളി മൂപ്പിക്കുക. ഇതിലേക്ക് സവാളയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. ശേഷം മുറിച്ചുവച്ച കോവയ്ക്കയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വഴറ്റുക. നന്നായി വഴന്നു വരുമ്പോൾ മുൻപു തയ്യാറാക്കി വച്ച പൊടികൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. സ്വാദിഷ്ടമായ കോവയ്ക്ക ഫ്രൈ തയ്യാർ.