മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റമെന്ന നിലയില്‍ പ്രീ റിലീസ് ശ്രദ്ധ നേടിയ ചിത്രമാണ് ബറോസ്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് വിദ്യാർഥികളുമായി സംവദിക്കുന്ന ഒരു പരിപാടിയിൽ നടൻ മോഹൻലാൽ പറഞ്ഞ കാര്യമാണ് ചർച്ചയാകുന്നത്. ഈ സിനിമ തന്റെ അമ്മയെ കാണിക്കാൻ കഴിയില്ലെന്നായിരുന്നു താരം പറഞ്ഞത്.
മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെയാണ്. ‘തിയേറ്ററിൽ കൊണ്ടുപോയി ത്രീ ഡി കണ്ണട വച്ച് ഈ ചിത്രം അമ്മയെ കാണിക്കാൻ പറ്റില്ലെന്ന സങ്കടമുണ്ട്. അമ്മയെ ബറോസിലെ പാട്ടുകളൊക്കെ കേൾപ്പിച്ചു. ചിത്രം പെൻ ഡ്രൈവിലാക്കി കൊണ്ടു പോയിട്ടായാലും കാണിക്കും, ഉറപ്പ്’ എന്നാണ് താരം പറയുന്നത്. സിനിമ സംവിധാനം ചെയ്യുന്ന കാര്യം അറിയിച്ചപ്പോൾ അമ്മയുടെ പ്രതി കരണത്തെപ്പറ്റി കുട്ടികളുടെ ചോദ്യത്തിനായിരുന്നു ഈ മറുപടി. മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും ചേർന്ന് മനോരമ നല്ല പാഠത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ബറോസും ആയിരം കുട്ടികളും’ ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനച്ചടങ്ങിലാണ് കൗതുകച്ചോദ്യങ്ങളു മായി കുട്ടികളെത്തിയത്. 47 വർഷം തികയുന്ന തന്റെ സിനിമാ ജീവിതത്തിലെ ആദ്യ സംവിധാന സംരംഭം കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയാകണമെന്ന നിർബന്ധം തനിക്കുണ്ടായിരുന്നുവെന്നും ഇതിനിലെ മോഹൻലാൽ പറഞ്ഞു.
ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ഇതിനകം തന്നെ ആരംഭിച്ച് കഴിഞ്ഞു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ അടക്കമുള്ള പ്ലാറ്റ്ഫോമുകളില്‍ രാവിലെ 10 മുതല്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ക്രിസ്മസ് ദിനത്തിലാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24 ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നു. ഈ വര്‍ഷം മാര്‍ച്ച് 28 ആയിരുന്നു പ്രഖ്യാപിക്കപ്പെട്ടിരുന്ന റിലീസ് തീയതിയെങ്കിലും ആ ദിവസം എത്തിയില്ല. മെയ് 6 ന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അതും നടന്നില്ല. ചിത്രം ഓണത്തിന് എത്തുമെന്നും പ്രേക്ഷകരില്‍ പ്രതീക്ഷ ഉണ്ടായിരുന്നു. അതും യാഥാര്‍ഥ്യമായില്ല. ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഡിസംബര്‍ 25 ന് ചിത്രം എത്തുന്നത്.
ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍.