ന്യൂഡൽഹി: സ്കൂളിൽ പഠിക്കുന്ന സമയത്ത് നമ്മളിൽ പലരും ആഗ്രഹിച്ചിട്ടുള്ള കാര്യമായിരിക്കും സ്കൂൾ ഒന്ന് തകർന്ന് വീഴണം, അല്ലെങ്കിൽ സ്കൂളിൽ ബോംബ് വയ്ക്കണമെന്നൊക്കെ. എന്നാൽ ഇവിടെ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി ഉയർത്തിയിരിക്കുകയാണ് വിദ്യാർത്ഥികൾ. പരീക്ഷ മാറ്റിവയ്ക്കാനും സ്കൂൾ അടച്ചിടാനും ആണ് ഇങ്ങനെ ചെയ്തത് എന്നാണ് വിദ്യാർഥികളുടെ വിശദീകരണം. ഡൽഹിയിലെ 3 സ്കൂളുകൾക്ക് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. വെങ്കിടേശ്വര ഗ്ലോബൽ സ്കൂൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഭീഷണി സന്ദേശങ്ങൾക്ക് പിന്നിൽ വിദ്യാർഥികൾ ആണെന്ന് പോലീസ് കണ്ടെത്തിയത്.
പ്രശാന്ത് വിഹാറിൽ നവംബർ 28നുണ്ടായ സ്ഫോടനത്തിന് ശേഷമാണ് ഇവിടെ ഇ-മെയിൽ ഭീഷണി വന്നത്. എന്നാൽ, അന്വേഷണത്തിനൊടുവിൽ ഇതിന് പിന്നിൽ വിദ്യാഥികളാണെന്ന് പൊലീസ് കണ്ടെത്തി. പരീക്ഷ മാറ്റിവെക്കാൻ വേണ്ടി രണ്ട് സഹോദരങ്ങൾ ചേർന്നാണ് ഇത്തരമൊരു ഭീഷണി സ്കൂളിലേക്കയച്ചത്. കൂടുതൽ പരിശോധനയിൽ മുമ്പുണ്ടായ ബോംബ് ഭീഷണികളിൽനിന്നാണ് കുട്ടികൾക്ക് ഇത്തരമൊരു ആശയം കിട്ടിയതെന്ന് മനസ്സിലായി. കുട്ടികളെ കൗൺസലിംഗിന് ശേഷം രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു. രക്ഷിതാക്കൾക്ക് ഇതുസംബന്ധിച്ച് താക്കീതും നൽകി.
കൂടുതൽ പരിശോധനയിൽ രോഹിണിയിലും പശ്ചിം വിഹാറിലുമുള്ള രണ്ട് സ്കൂളുകളിലും സമാന രീതിയിലാണ് ഭീഷണി സന്ദേശം വന്നിട്ടുള്ളതെന്ന് മനസ്സിലായി. സ്കൂളുകൾ അടക്കാൻ വേണ്ടി വിദ്യാത്ഥികൾ ചേർന്ന് അയച്ചതാണ് ഇ-മെയിൽ സന്ദേശങ്ങൾ.
11 ദിവസത്തിനിടെ ഡൽഹിയിലെ 100ലധികം സ്കൂളുകളിലേക്കാണ് ഭീഷണി സന്ദേശം വന്നത്. ഇത്തരം സന്ദേശങ്ങൾ വിപിഎൻ ഉപയോഗിച്ച് അയച്ചിരിക്കുന്നതുകൊണ്ടാണ് പ്രതികളിലേക്ക് എത്താൻ വൈകുന്നതെന്ന് പൊലീസ് പറയുന്നു.
STORY HIGHLIGHT: bomb threat in delhi