Health

ബെസ്റ്റാണ് സ്വീറ്റ് കോൺ; ആരോഗ്യ ഗുണങ്ങൾ നിരവധി – amazing health benefits of sweet corn

പോഷക സമ്പുഷ്‌ടമായ ഒരു ധാന്യമാണ് ചോളം അഥവാ സ്വീറ്റ് കോൺ. ആരോഗ്യഗുണങ്ങൾ ഏറെയുള്ളതാണ് ചോളം. ഫൈബര്‍, പ്രോട്ടീൻ, വിറ്റാമിനുകള്‍, ധാതുക്കൾ, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവയുടെ സമ്പന്ന ഉറവിടമാണിത്. ഫോളേറ്റിന്റെ ഉറവിടമാണ് ചോളം. ഇത് ഗര്‍ഭിണികൾക്ക് ഏറെ നല്ലതാണ്. ഗർഭസ്ഥ ശിശുക്കളിലെ നാഡീവൈകല്യം തടയാൻ ഇത് സഹായിക്കും. ഉദരാരോഗ്യം മെച്ചപ്പെടുത്താനും ദഹന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇത് സഹായിക്കും. ചോളത്തിൽ പ്രോട്ടീനും ഫൈറ്റോകെമിക്കലുകളും അടങ്ങിയിട്ടുള്ളതിനാൽ വീക്കങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും ഗുണം ചെയ്യും.

ഹൃദയാരോഗ്യം

നാരുകൾ, ആൻ്റി ഓക്‌സിഡൻ്റുകൾ, അവശ്യ പോഷകങ്ങൾ എന്നിവയുടെ കലവറയാണ് സ്വീറ്റ് കോൺ. ഇത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുകയും ഹൃദയധമനികളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യും. പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ചോളം സഹായിക്കും. ഇതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ദി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഹൃദയത്തെ ആരോഗ്യമുള്ളതാക്കി ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു.

ചർമ്മത്തിൻ്റെ ആരോഗ്യം

ചോളത്തിലടങ്ങിയ നിരോക്സീകാരികൾ പ്രത്യേകിച്ച് വൈറ്റമിൻ സി, ചർമത്തിനു ക്ഷതമേൽപ്പിക്കുന്ന, പ്രായമാകലിനു കാരണമാകുന്ന ഫ്രീറാഡിക്കലുകളോട് പൊരുതി ആരോഗ്യമുള്ള ചർമമേകുന്നു. കൊളാജൻ ഉത്പാദനത്തെ പിന്തുണയ്ക്കുകയും അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും ഇത് ഗുണം ചെയ്യും. ചർമ്മത്തിൻ്റെ ഇലാസ്‌തികത നിലനിർത്താനും ചോളം കഴിക്കുന്നത് നല്ലതാണ്. ചോളത്തിലടങ്ങിയ ബീറ്റാ കരോട്ടിൻ വൈറ്റമിൻ എ ആയി മാറുകയും ചർമത്തിലെ തകരാറുകൾ പരിഹരിച്ച് ആരോഗ്യകരമായ ചർമം നൽകുകയും ചെയ്യുന്നു.

ശരീരഭാരം കുറയ്ക്കാൻ

ചോളത്തിൽ ഉയർന്ന അളവിൽ ജലാംശവും ഫൈബറും അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കും. കലോറി ഉപഭോഗം കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത കുറയ്ക്കാനും ചോളം ഉത്തമമാണ്. സ്വീറ്റ്‌കോണിൽ കൊഴുപ്പും കാലറിയും കുറവാണ്. നാരുകൾ ധാരാളം അടങ്ങിയതിനാൽ ഏറെ നേരം വയർ നിറഞ്ഞ തോന്നലുണ്ടാക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെയും അനാരോഗ്യകരമായ ലഘുഭക്ഷണം കഴിക്കുന്നതിനെയും തടയുന്നു.

കണ്ണിന്‍റെ ആരോഗ്യം

കണ്ണിന്റെ ആരോഗ്യത്തിന് വേണ്ട രണ്ട് കരോട്ടിനോയ്ഡുകളായ ല്യൂട്ടിൻ, സീസാന്തിൻ ഇവ ചോളത്തിൽ ധാരാളമായുണ്ട്. കൂടാതെ ഇതിൽ ഫിനോളിക് സംയുക്തങ്ങൾ തുടങ്ങീ നിരവധി ആൻ്റി ഓക്‌സിഡൻ്റുകൾ സ്വീറ്റ് കോണിൽ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ അപകടകാരികളായ നീല വെളിച്ചത്തെ തടഞ്ഞ് ഓക്സീകരണ നാശത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നു. ഇതുവഴി തിമിരം, മക്യുലാർ ഡീജനറേഷൻ ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടെങ്കിലും താരതമ്യേന ഗ്ലൈസമിക് സൂചിക കുറഞ്ഞ ഭക്ഷണമാണ് ചോളം. അതിനാൽ ഏത് തരത്തിൽ നോക്കിയാലും ചോളം ഒരു ആരോഗ്യകരമായ ഭക്ഷണമാണ്.

STORY HIGHLIGHT: amazing health benefits of sweet corn