World

റഷ്യയിലെ ജീവിതത്തിൽ തൃപ്തയല്ല! ബാഷര്‍ അസദില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ അസ്മ ?

സിറിയയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷാര്‍ അൽ അസദിന്റെ ഭാര്യ അസ്മ അൽ അസദ് വിവാഹമോചനത്തിന് അപേക്ഷ നൽകിയതായി റിപ്പോർട്ട്. റഷ്യയിലെ ജീവിതത്തിൽ തൃപ്‌തയല്ലാത്തതിന് പിന്നാലെയാണ് വിവാഹമോചനത്തിന് അപേക്ഷ നൽകിയതെന്ന് തുർക്കി, അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജന്മനാടായ ലണ്ടനിലേക്ക് മാറാനാണ് അസ്മ ആഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. റഷ്യൻ കോടതിയിലാണ് വിവാഹമോചന അപേക്ഷ സമർപ്പിച്ചത്. ഇതോടൊപ്പമാണ് മോസ്കോ വിടാനും പ്രത്യേക അനുമതി തേടിയത്.

24 വര്‍ഷം പ്രസിഡന്റ് പദവി അലങ്കരിച്ച ബശ്ശാറുല്‍ അസദ് ഈ മാസം ആദ്യവാരത്തിലാണ് വിമതര്‍ പിടിക്കുമെന്ന് ഉറപ്പായ വേളയില്‍ സിറിയ വിട്ടത്. അസദിന് അഭയം നല്‍കിയെന്ന് പിന്നീട് റഷ്യ സ്ഥിരീകരിച്ചു. താന്‍ പോരാടുമായിരുന്നുവെന്നും റഷ്യയുടെ ആവശ്യം പരിഗണിച്ചാണ് രാജ്യം വിട്ടതെന്നും കഴിഞ്ഞ ദിവസം അസദ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു.

സിറിയന്‍ സ്വദേശികളാണ് മാതാപിതാക്കളെങ്കിലും ലണ്ടനിലാണ് അസ്മ ജനിച്ചതും വളര്‍ന്നതും. ബ്രിട്ടിഷ് – സിറിയ ഇരട്ടപൗരത്വമുള്ളയാളാണ് അസ്മ. 2000ൽ 25-ാം വയസ്സിൽ സിറിയയിലേക്ക് താമസം മാറിയ അവർ, അതേവർഷം തന്നെ ബഷാർ അൽ അസദിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ മൂന്ന് മക്കളുണ്ട്. ഹഫീസ്, സെയ്ൻ, കരീം എന്നിവരാണു മക്കൾ. സിറിയയില്‍ കലാപം ആരംഭിച്ചതു മുതൽ മക്കൾക്കൊപ്പം ലണ്ടനിലേക്ക് കടക്കാനായിരുന്നു അസ്മ ശ്രമിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ലണ്ടനിലെ കിങ്സ് കോളജിൽ കമ്പ്യൂട്ടർ സയൻസിലും ഫ്രഞ്ച് സാഹിത്യത്തിലും ബിരുദം നേടിയ അസ്മ, ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കിങിലായിരുന്നു കരിയര്‍ തുടങ്ങിയിരുന്നത്. മോസ്കോയിൽ അഭയം പ്രാപിച്ച അസദ്, നിലവിൽ റഷ്യൻ സർക്കാരിന്റെ കടുത്ത നിയന്ത്രണങ്ങൾക്കു വിധേയനായാണു കഴിയുന്നത്. മോസ്കോ വിടുന്നതിനോ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോ വിലക്കുള്‍പ്പെടെയുള്ളതാണ് നിയന്ത്രണങ്ങള്‍.

അസദിന് അഭയം നല്‍കിയെങ്കിലും റഷ്യ അദ്ദേഹത്തിന്റെ ആസ്തികള്‍ മരവിപ്പിച്ചിട്ടുണ്ട് എന്നാണ് വിവരം. മോസ്‌കോ വിട്ടുപോകാന്‍ സാധിക്കില്ല. രാഷ്ട്രീയമായ ഒരു പരിപാടികളിലും പങ്കെടുക്കാനും സാധിക്കില്ലത്രെ. പണവും ആസ്തികളും ഉപയോഗിക്കാന്‍ സാധിക്കാത്ത മട്ടാണ്. 270 കിലോ സ്വര്‍ണം, 200 കോടി ഡോളര്‍, 18 അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ അസദിന്റേതായി മോസ്‌കോയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest News