ക്രിസ്തുമസ് ദിനത്തിൽ റിലീസിന് ഒരുങ്ങുന്ന പുതിയ കന്നഡ ചിത്രമാണ് മാക്‌സ്. ഇക്കഴിഞ്ഞ ദിവസം സിനിമയുടെ പേരിനെച്ചൊല്ലി ഒരു വാർത്താസമ്മേളനത്തിൽ നടന്ന സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കന്നഡ സൂപ്പര്‍താരം കിച്ച സുദീപ് ആണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത്. അതുകൊണ്ട് തന്നെ സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് കിച്ച സുദീപ്. പ്രമോഷന്റെ ഭാഗമായി ഒരു വാർത്താസമ്മേളനത്തിൽ ഇരിക്കെ ഒരു മാധ്യപ്രവർത്തകന്റെ ചോദ്യമാണ് താരത്തെ ചൊടിപ്പിച്ചത്. കന്നഡ സിനിമയ്ക്ക് എന്തുകൊണ്ടാണ് ഇംഗ്ലിഷ് പേര് നല്‍കിയത് എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് തക്ക മറുപടിയാണ് കിച്ച സുദീപ് നൽകിയത്. കന്നഡ ഭാഷയിലെ ചിത്രങ്ങള്‍ക്ക് ഇംഗ്ലീഷിലുള്ള ടൈറ്റില്‍ നല്‍കേണ്ട ആവശ്യമുണ്ടോയെന്നും മാധ്യമ പ്രവർത്തകൻ ചോദിച്ചു. ചോദ്യം ചോദിച്ച റിപ്പോര്‍ട്ടറെ കുറച്ചുനേരം രൂക്ഷമായി നോക്കിയ ശേഷമാണ് കിച്ച സുദീപ് മറുപടി നല്‍കിയത്.
തന്റെ മുമ്പില്‍ വച്ചിരിക്കുന്ന ചാനല്‍ മൈക്കുകളെ ചൂണ്ടി ഇതില്‍ എത്ര ഇംഗ്ലിഷ് പേരുകളുണ്ട് എന്ന് കിച്ച സുദീപ് തിരിച്ചു ചോദിച്ചു. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് ‘ഇവിടെ ഒരുപാട് ചാനലുകളുണ്ട്. എല്ലാത്തിലും ഇംഗ്ലിഷുണ്ട്. കന്നഡയിലാണ് എഴുതിയിരിക്കുന്നത്. കാണുന്നത് കന്നഡക്കാരാണ്. ഞാന്‍ സംസാരിക്കുന്നത് കന്നഡയിലാണ്. ഇവിടെ ഇംഗ്ലിഷ് മീഡിയം സ്‌കൂളുകളുണ്ട്. അവിടെ പോകുന്നത് കന്നഡക്കാരാണ്. എന്താണ് നിങ്ങളുടെ പ്രശ്‌നം. ആപ്പിളിന് എന്താണ് കന്നഡയില്‍ പറയുന്നത്?.’ ഇത്രയും പറഞ്ഞ് താരം ദേഷ്യത്തോടെ ഇരിക്കുകയായിരുന്നു.
വിജയ് കാര്‍ത്തികേയ സംവിധാനം ചെയ്യുന്ന മാക്‌സ് ഡിസംബര്‍ 25ന് ആണ് തിയേറ്ററില്‍ എത്താനൊരുങ്ങുന്നത്. വരലക്ഷ്മി ശരത്കുമാര്‍, സംയുക്ത ഹൊര്‍ണാഡ്, സുകൃത, സുനില്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനു ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
2022-ല്‍ പുറത്തിറങ്ങിയ വിക്രാന്ത് റോണയാണ് കിച്ച സുദീപിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അനുപ് ഭണ്ഡാരിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. വിക്രാന്ത് റോണയ്ക്ക് ശേഷം കിച്ച സുദീപ് അനുപ് ഭണ്ഡാരിയുമായി കൈകോര്‍ക്കുന്ന ചിത്രമാണ് ബില്ല രംഗ ബാഷ.