India

ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണം; ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ് – bangladeshs diplomatic note to india wants sheikh hasina

മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്ന് ഇന്ത്യയോടാവശ്യപ്പെട്ട് ബംഗ്ലാദേശ്. ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് നയതന്ത്രതലത്തില്‍ കത്ത് നല്‍കി. വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് 16 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് രാജ്യം വിട്ട ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം പ്രാപിക്കുകയായിരുന്നു. നാല് മാസം പിന്നിടുമ്പോഴാണ് ഹസീനയെ തിരിച്ചയക്കണമെന്ന ശക്തമായ ആവശ്യം ബംഗ്ലാദേശ് മുന്‍പോട്ട് വയ്ക്കുന്നത്.

ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിലെ ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീര്‍ ആലമാണ് ഇക്കാര്യം ഉന്നയിച്ച് വിദേശ കാര്യമന്ത്രാലയത്തിന് നല്‍കിയത്. നിയമ നടപടിക്ക് ഹസീന എത്രയും വേഗം വിധേയയാകണമെന്ന് വിദേശകാര്യമന്ത്രി തൗഹിദ് ഹുസൈനും ആവശ്യപ്പെട്ടു. നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന കൈമാറ്റ ഉടമ്പടി പ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് ബംഗ്ലാദേശിന്‍റെ ആവശ്യം.

ഷെയ്ഖ് ഹസീനയ്ക്കും കൂടെയുണ്ടായിരുന്ന മന്ത്രിമാര്‍ക്കും മുതിര്‍ന്ന ഉപദേഷ്ടാക്കള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരേ ഐസിടി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഹസീനയ്‌ക്കെതിരേ കൂട്ടക്കൊലയാണ് ചുമത്തിയിരിക്കുന്നത്. ബംഗ്ലാദേശിലെ നിയമനടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇടക്കാല സര്‍ക്കാരിലെ വിദേശകാര്യ മന്ത്രി തൗഹീദ് ഹുസൈന്‍ മാധ്യമങ്ങളെ അറിയിച്ചു. ഹസീനയെ ഇന്ത്യയില്‍നിന്ന് വിട്ടുകിട്ടാന്‍ സൗകര്യമൊരുക്കാന്‍ തന്റെ ഓഫീസ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചതായി ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീര്‍ ആലമും വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക വിലയുത്തല്‍ ഇതുവരെ വന്നിട്ടില്ല.

STORY HIGHLIGHT: bangladeshs diplomatic note to india wants sheikh hasina