വർഷാവസാന പരീക്ഷകളിൽ വിജയിക്കാത്ത കുട്ടികൾക്ക് അടുത്ത ക്ലാസുകളിലേക്ക് സ്ഥാനംകയറ്റം നൽകുന്നത് ഒഴിവാക്കി കേന്ദ്ര സർക്കാർ. കേന്ദ്രസർക്കാരിന് കീഴിലുള്ള വിദ്യാലയങ്ങളിൽ 5, 8 ക്ലാസുകളിലെ കുട്ടികളെയാണ് തീരുമാനം ബാധിക്കുന്നത്. വർഷാവസാന പരീക്ഷകളിൽ പരാജയപ്പെടുന്ന വിദ്യാർഥികൾക്ക് അധിക പരിശീലനം നൽകുന്നതിനും ഫലം വന്ന് രണ്ട് മാസത്തിനുള്ളിൽ വീണ്ടും പരീക്ഷ എഴുതാനും അവസരം നൽകുമെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ, സൈനിക് സ്കൂളുകൾ എന്നിവയുൾപ്പെടെ കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള മൂവായിരത്തിലധികം സ്കൂളുകൾക്ക് ഈ വിജ്ഞാപനം ബാധകമാകുമെന്ന് സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സെക്രട്ടറി സഞ്ജയ് കുമാർ അറിയിച്ചു. പുനഃപരീക്ഷയിലും പരാജയപ്പെട്ടാൽ ക്ലാസ് കയറ്റം അനുവദിക്കില്ല. എന്നാൽ വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ ഒരു സ്കൂളിനും ഒരു കുട്ടിയെയും പുറത്താക്കാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി.
സ്കൂൾ വിദ്യാഭ്യാസം ഒരു സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്ന വിഷയമായതിനാൽ, സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. 2019 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ (ആർടിഇ) ഭേദഗതിക്ക് ശേഷം 16 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും 5, 8 ക്ലാസുകളിലെ എല്ലാ കുട്ടികളെയും ജയിപ്പിക്കുന്ന ‘നോ ഡിറ്റൻഷൻ നയം’ ഒഴിവാക്കിയിരുന്നു.
STORY HIGHLIGHT: central government scraps no detention policy