Kerala

കൊക്കിന് ജീവനുണ്ടെങ്കിൽ അജിത് കുമാറിനെ ഡിജിപി കസേരയിൽ ഇരുത്തില്ല; വെല്ലുവിളിയുമായി പി വി അൻവർ – pv anvar against pinarayi vijayan

തൻ്റെ കൊക്കിൽ ജീവനുണ്ടെങ്കിൽ അജിത് കുമാറിനെ ഡിജിപി കസേരയിൽ ഇരുത്തില്ലെന്നും പിണറായിയെയും പി ശശിയെയും വെല്ലുവിളിക്കുന്നുവെന്നും പി വി അൻവർ എംഎൽഎ. കൂടാതെ അജിത് കുമാറിനെ തൊടാൻ പിണറായി വിജയന് സാധിക്കില്ല എന്നും അജിത് കുമാർ മുഖ്യമന്ത്രിയെയും കൊണ്ടേ പോകൂവെന്നും പിവി അൻവർ പറഞ്ഞു.

എം ആർ അജിത്കുമാറുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ തന്നെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടതാണ്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൃത്യമായ അന്വേഷണം നടത്താൻ കഴിഞ്ഞില്ല. ശശിക്കെതിരെയും അജിത് കുമാറിനെതിരെയും പരാതികൾ ഉന്നയിച്ച ഘട്ടത്തിൽ തന്നെ പൊതുപ്രസ്താവനകൾ അവസാനിപ്പിക്കണം എന്ന് അന്ന് പാർട്ടി പറഞ്ഞതാണ്. അതിനു ശേഷം മുഖ്യമന്ത്രി പി ശശിയേയും, അജിത്കുമാറിനെയും ന്യായീകരിച്ചു. ആർഎസ്എസിൻ്റെ കരാള ഹസ്തങ്ങളിൽ കേരളത്തിന്റെ അഭ്യന്തര വകുപ്പ് ഒതുങ്ങി.

ആർഎസ്എസ് നേതാക്കൾ പറയാൻ മടിക്കുന്നത് ഇവിടെ സിപിഐഎം നേതാക്കൾ പറയുന്നു. അജിത് കുമാർ വിഷയത്തിൽ ഉൾപ്പടെ കെടി ജലീൽ കൊറേ വീമ്പ് ഇറക്കിയിരുന്നു. എവിടെ പോയി കെടി ജലീലെന്ന് ചോദിച്ച അൻവർ ഇത്ര സംഭവങ്ങൾ ഉണ്ടായിട്ടും ജലീലിന് മറുപടി ഇല്ലെന്നും ആരോപിച്ചു. വിജയരാഘവന്റെ പ്രസ്താവനയിൽ കെ ടി ജലീലിനും, വി അബ്ദുറഹ്മാനും, പിടിഎ റഹീമും ഒന്നും മിണ്ടുന്നില്ല. പറഞ്ഞത് ശരിയായില്ല എന്ന് പറയാൻ പോലും ഇവർ തയ്യാറായില്ല. പിണറായിക്കെതിരെ ചെറുവിരൽ അനക്കിയാൽ അവർ പാർട്ടിയിൽ ഉണ്ടാവില്ല.

അരീക്കോട് എസ്‌ ഒജി ക്യാമ്പിലെ കമാൻഡോ വിനീതിന്റെ ആത്മഹത്യയിലും അൻവർ പ്രതികരിച്ചു. എല്ലാ ആരോപണങ്ങളും എത്തുന്നത് അജിത് കുമാറിലാണ്. പൊലീസ് മേഖലയെ ഈ വിധത്തിൽ എത്തിച്ചതിനു പിന്നിൽ അജിത് കുമാറാണ്. അവർക്ക് എല്ലാ പിന്തുണയും നൽകുന്നത് പി ശശിയാണ്. രാഷ്ട്രീയപരമായ ഒരു നീക്കം ഉണ്ടാകുമെന്നും ആരും പ്രതീക്ഷിക്കാത്ത ഒരു പ്രഖ്യാപനം ഉണ്ടാകുമെന്നും പി വി അൻവർ കൂട്ടിച്ചേർത്തു. ഈ നാട്ടിൽ നിയമവ്യവസ്ഥ ഉണ്ടോ എന്ന് എന്ന് കാണിച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

STORY HIGHLIGHT: pv anvar against pinarayi vijayan