തിരുവനന്തപുരത്ത് എൻഎസ്എസ് ക്യാമ്പിലുണ്ടായിരുന്ന വിദ്യാർത്ഥിയെ രക്ഷിതാക്കളുടെ അനുമതിയില്ലാതെ സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ റെഡ് വോളറ്റിയർ മാർച്ചിനായി കൊണ്ടുപോയി എന്ന പരാതിയുമായി പിതാവ്. ഏണിക്കര സ്വദേശി ഹരികുമാറിന്‍റെ മകൻ സിദ്ധാർത്ഥിനെയാണ് ക്യാമ്പിൽ നിന്നും രക്ഷിതാക്കളുടെ അനുമതിയില്ലാതെ കൊണ്ടുപോയത്. മകനെ കാണാനായി ക്യാമ്പിൽ അച്ഛനെത്തിയപ്പോഴാണ് പ്രാദേശിക സിപിഎം പ്രവർത്തകർ ക്യാമ്പനിൽ നിന്നും കുട്ടിയെ കൊണ്ടുപോയ കാര്യമറിയുന്നത്. സംഭവത്തില്‍ ഹരികുമാർ പേരൂർക്കട പോലീസിൽ പരാതി നൽകി.
കരകുളം ഹയർസെൻ്ററി സ്കൂളിലെ എൻഎഎസ്എസ് വിദ്യാർത്ഥികളുടെ ക്യാമ്പ് പുരോഗമിക്കുന്നത് പേരൂർക്കടയിലുളള പി എസ് എൻ എം സ്കൂളിലാണ്. ക്യാമ്പിൽ പങ്കെടുത്തിരുന്ന ഏണിക്കര സ്വദേശി സിദ്ധാർത്ഥിനെയാണ് വൈകുന്നേരം പ്രാദേശിക സിപിഎം പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും വാഹനത്തിലെത്തി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി റെഡ് വോളറ്റിയർ മാർച്ചിൽ പങ്കെടുക്കാൻ കൂട്ടികൊണ്ടുപോയത്. അധ്യാപകർ ക്യാമ്പിൽ നിന്നും കുട്ടിയെ കൊണ്ടുപോകാൻ അനുമതി നൽകുകയും ചെയ്തു. വൈകുന്നേരം മകനെ കാണാൻ അച്ഛൻ ഹരികുമാറെത്തിയപ്പോഴാണ് കുട്ടി ക്യാമ്പിലില്ലെന്ന് അറിഞ്ഞത്. ഇതോടെയാണ് ഹരികുമാർ പോലീസിൽ വിവരമറിയിക്കുന്നത്.
ക്യാമ്പിലുള്ള കുട്ടിയെ കൊണ്ടുപോകാൻ അനുമതി ചോദിച്ചുവെങ്കിലും അച്ഛൻ നൽകിയിരുന്നില്ല. പോലീസിൽ പരാതി നൽകിയപ്പോൾ കുട്ടിയെ ക്യാമ്പിൽ കൊണ്ടുപോയി തിരിച്ചുവിട്ടു. ക്യാമ്പ് വിട്ടുപോയ സിദ്ധാർത്ഥ് എസ്എഫ്ഐ പ്രവർത്തകനാണ്. സ്കൂളിൽ നിന്നും അച്ഛനോടും അനുമതി വാങ്ങിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കൊണ്ടുപോയതെന്ന് സിദ്ധാർത്ഥ് പറയുന്നത്. ഹരികുമാർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടില്ല. അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും ബാലവകാശ കമ്മീഷണനും പരാതി നൽകുമെന്ന് ഹരികുമാർ പറയുന്നു.
STORY HIGHLIGHT: student was taken from nss camp to cpm conference without permission