ട്രക്കിന്റെ ടയറിനിടയിൽ നിന്ന് തല പുറത്തേക്ക് നീട്ടി സഹായത്തിനായി നിലവിളിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ പുറത്ത്. ബൈക്കുമായാണ് യുവാവ് ട്രക്കിന്റെ മുന്നിൽ കുടുങ്ങിക്കിടന്നത്. ഇയാളെയും വലിച്ചുകൊണ്ട് വാഹനം ഹൈവേയിലൂടെ വേഗത്തിൽ മുന്നോട്ടു നീങ്ങുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഉത്തർപ്രദേശിലെ ആഗ്ര ഹൈവേയിലാണ് സംഭവം.
സാകിർ എന്ന യുവാവാണ് വാഹനത്തിനടിയിലായത്. ഇയാൾക്കൊപ്പം സുഹൃത്തായ മറ്റൊരാൾ കൂടി വാഹനത്തിനടിയിൽ കുടുങ്ങിയിരുന്നു. ഭക്ഷണം കഴിച്ച ശേഷം ബൈക്കിൽ വരികയായിരുന്ന ഇവർ ട്രക്കിനെ ക്രോസ് ചെയ്യുന്ന സമയത്ത് പെട്ടെന്ന് വേഗത്തിൽ ട്രക്ക് മുന്നോട്ടെടുക്കുകയായിരുന്നു. ബൈക്കും ഇവരുടെ കാലുകളും ട്രക്കിന്റെ മുൻഭാഗത്ത് കുടുങ്ങി. ഇവരെയും ബൈക്കിനെയും വലിച്ചിഴച്ചു കൊണ്ട് ട്രാക്ക് മുന്നോട്ട് നീങ്ങി. തങ്ങൾ ഉറക്കെ നിലവിളിച്ചിട്ടും വാഹനം നിർത്തിയില്ലെന്ന് ഇരുവരും പ്രതികരിച്ചു.
യുവാവ് തല പുറത്തേക്ക് നീട്ടി സഹായം തേടുന്നത് കണ്ട മറ്റ് വാഹനങ്ങളിലെ യാത്രക്കാർ ട്രക്കിനെ ഓവർടേക്ക് ചെയ്ത് മുന്നിൽ കടന്ന് വാഹനം നിർത്തിക്കുകയായിരുന്നു. ഒരു സംഘം ആളുകൾ ട്രക്ക് ഡ്രൈവറെ മർദിച്ചു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
STORY HIGHLIGHT: two men trapped at the front side of a moving truck