2024 കടന്ന് പോകുമ്പോൾ സ്ത്രീകള്‍ അബലകളാണെന്ന് പറയുന്ന ഒരു വിഭാഗത്തിന് മുന്നില്‍ പ്രതികാരത്തിന്റെയും വിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും കഥകള്‍ പറഞ്ഞെത്തിയ നിരവധി സിനിമകളുണ്ടായിട്ടുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച സ്ത്രീപക്ഷ സിനിമകൾ മലയാളത്തിലും തെന്നിന്ത്യൻ സിനിമാലോകത്തും അനവധിയാണ് 2024 സമ്മാനിച്ചിരുന്നത്. ഈ വർഷം തീയേറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ടതും അല്ലാത്തതുമായ സിനിമകൾ ഉണ്ടായി എന്ന തന്നെ പറയാം. അവയെല്ലാം ഏറെ പക്വമായി കൈകാര്യം ചെയ്ത ചിത്രങ്ങളുമായിരുന്നു. 2024 മലയാള സിനിമയുടെ സുവർണ്ണകാലം എന്ന് പൊതുവേ വിശേഷിപ്പിക്കുന്ന ഒരു പ്രയോഗമാണ്. സ്ത്രീപക്ഷ സിനിമകളുടെ കാര്യത്തിലും അത് തെറ്റിയില്ല. 2024 ൽ ഇറങ്ങിയ മികച്ച സ്ത്രീപക്ഷ സിനിമകൾ ഇവയാണ്.
ഉള്ളുലച്ച ‘ഉള്ളൊഴുക്ക്’
സ്ത്രീ സ്വതന്ത്രയാകാൻ ആരംഭിക്കുമ്പോൾ അവളിൽ അനന്തമായ ഒഴുക്കുണ്ടാകുന്നു. അത് ഉള്ളിൽ നിന്നുണ്ടാകുന്ന മോചനത്തിന്റെയും സ്നേഹത്തിന്റെയും കഥപറയുന്നതാണ്. അതുപോലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ ക്രിസ്ത്യൻ കുടുംബത്തിന്റെ കഥാ പരിസരത്തിലൂടെയാണ് ഉള്ളൊഴുക്കിന്റെ സഞ്ചാരം. പ്രേക്ഷകരെ ഇമോഷണലി ഒരുപാട് വീർപ്പുമുട്ടിക്കുന്ന ഒരു ചിത്രം അതാണ് ഉള്ളൊഴുക്ക്. പ്രവചനാതീതമായ സ്ത്രീകഥാപാത്രങ്ങളുടെ ജീവിതമാണ് ഉള്ളൊഴുക്കിനെ മുന്നോട്ട് നയിക്കുന്നത്. ലീലാമ്മയുടെയും അഞ്ജുവിന്റെയും സംഘര്‍ഷങ്ങളാണ് സിനിമയില്‍ പല അടരുകള്‍ ചേര്‍ത്തിണക്കി അവതരിപ്പിക്കുന്നത്. പാര്‍വതി തിരുവോത്ത്, ഉര്‍വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രമാണിത്. എല്ലാ അഭിനേതാക്കളും സ്വാഭാവികത കൊണ്ട് അത്ഭുതപ്പെടുത്തുന്ന ഉള്ളൊഴുക്കില്‍ ഉര്‍വശിയും പാര്‍വതിയും ലീലാമ്മയെയും അഞ്ജുവിനെയും ഉള്ളില്‍ തറപ്പിക്കുകയാണ്. നിസഹായത കൊണ്ട് സ്വാര്‍ത്ഥരായ മനുഷ്യരെ, ഒരേസമയം സത്യസന്ധതമായും സിനിമാറ്റിക്കായും അവതരിപ്പിക്കുന്ന ക്രിസ്റ്റോ ടോമി, ഓരോ നിമിഷത്തിലും ചിത്രം3 പ്രേക്ഷക മനസ്സിൽ ആകാംക്ഷ നിറക്കുന്നുമുണ്ട്.
പെണ്ണിന്റെ ഒറ്റയാൾ പോരാട്ടം ‘ആട്ടം’
14 അംഗങ്ങൾ ഉള്ള അരങ്ങന്ന നാടക ട്രൂപ്പിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് ആട്ടം സംസാരിക്കുന്നത്. പൂർണമായും പുരുഷ കേന്ദ്രീകൃതമായൊരു ഗ്രൂപ്പാണ് അരങ്ങ്. അഞ്ജലി എന്ന ഒരു യുവതി മാത്രമാണ് അരങ്ങിലെ സ്ത്രീ സാന്നിധ്യം. അഞ്ജലിയെ കൂടാതെ സിനിമയിൽ വന്നു പോകുന്ന മറ്റൊരു കഥാപാത്രം നാടക ഗ്രൂപ്പിലെ ഒരാളുടെ ഭാര്യ മാത്രമാണ്. ഭർത്താവിന്റെ വാക്കിന് വില കൊടുക്കുന്ന തന്റെ മക്കളെ പരിപാലിക്കുന്ന പൊതുബോധ സങ്കല്പത്തിന് ഉതകുന്ന തരത്തിലുള്ള ഒരു സ്ത്രീ സാന്നിധ്യമാണ് അവർ. അവിടെയാണ് അഞ്ജലി വ്യത്യസ്ത ആവുന്നത്. അരങ്ങിലെ എല്ലാവരോടും ഒരുപോലെ ഇടപെടുന്ന, ആൺപടയ്ക്കൊപ്പം ഇരുന്ന് മദ്യപിക്കുന്ന, പ്രണയ സങ്കല്പത്തെ തച്ചുടയ്ക്കുന്ന, ഡ്രസ്സിങ്ങിലും അഭിപ്രായത്തിലും എല്ലാം വ്യക്തമായ നിലപാടുള്ള, ആൺ ചിന്തകൾക്ക് ദഹിക്കാത്ത പെണ്ണ്. അതാണ് ആനന്ദ് ഏകർഷി സമ്മാനിച്ച അഞ്ജലി എന്ന കഥാപാത്രം. ആൺബോധത്തിനപ്പുറം സൃഷ്ടിക്കപ്പെട്ടിട്ടുള്ള കപട ബോധത്തിനെതിരെയാണ് അവൾ ഒറ്റക് നിന്ന് പോരാടുന്നത്. പെണ്ണിന്റെ ഒറ്റയാൾ പോരാട്ടമാണ് ആട്ടം. ആട്ടം ഒരു സിനിമ മാത്രമല്ല. ഒരു സിനിമക്കുള്ളിലെ നാടകം കൂടിയാണ്. ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയിരുന്നു ‘ആട്ടം’.
ആരും പറയാത്ത പറയേണ്ട കഥ ‘വിവേകാന്ദൻ വൈറലാണ്’
അസ്വാഭാവികമായ ലൈംഗിക ആഗ്രഹങ്ങളും പെരുമാറ്റങ്ങളും ഫാന്റസികളും പുലർത്തുന്ന, രതിവൈകൃതം ബാധിച്ച വിവേകാനന്ദന്റെ കഥ പറയുന്ന ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്. കമൽ എഴുതി സംവിധാനം ചെയ്തിരിക്കുന്ന സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയത്തിലൂടെ പല സ്ത്രീകളും കടന്നുപോകുന്നുണ്ട് എന്നതാണ് യാഥാർഥ്യം. ചിത്രം ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന ഒരു പ്രധാന പ്രശ്നത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. മൃഗീയമായ സ്വഭാവമുള്ള വിവേകാനന്ദൻ എന്ന ഒരു വ്യക്തിയുടെ സ്വഭാവദൂഷ്യം കാരണം വലയുന്ന സ്ത്രീകളുടെ ഒരു പോരാട്ടമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്. വിവേകാനന്ദനായി ഷൈൻ ടോം ചാക്കോ നിറഞ്ഞാടുമ്പോൾ സ്വാസിക, ഗ്രേസ് ആന്റണി, മറീന മൈക്കിൾ എന്നിവരും മികച്ച അഭിനയ മുഹൂർത്തങ്ങൾ പങ്കുവച്ച് കൈയ്യടി നേടുന്നു. 22 ഫീമെയിൽ കോട്ടയം, ജിസ് ജോയ് സംവിധാനം ചെയ്ത കെട്ട്യോളാണ് എന്റെ മാലാഖ തുടങ്ങിയ സിനിമകളിലൂടെ പറയാൻ ബാക്കി വെച്ച വിഷയമാണ് ഇവിടെ പൂർത്തീകരിക്കുന്നത്.
അഞ്ചു നായികമാർ ചുമലിൽ ഏറ്റുന്ന ചിത്രം ‘ഹെർ’
തെന്നിന്ത്യൻ സിനിമയിലെ അഞ്ച് സ്ത്രീകളെ ഒറ്റ ചരടിൽ കോർത്തിട്ട ചിത്രമാണ് ഹെർ. ഐശ്വര്യ രാജേഷ്, രമ്യ നമ്പീശൻ, ഉർവശി, ലിജോമോൾ ജോസ്, പാർവതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിൻ ജോസ് സംവിധാനം ചെയ്ത ചിത്രമാണിത്. പ്രണയം, ബന്ധങ്ങൾ, ലൈംഗികത, സ്വാതന്ത്ര്യം ഇതെല്ലാം ചിത്രത്തിൽ വിഷയമായി വരുന്നു. രണ്ടു തലമുറകൾക്കിടയിലെ മനസ്സിലാക്കലുകളുടെയും കൊടുക്കൽ വാങ്ങലിന്റെയും കഥ കൂടി പറയുന്നുണ്ട് ചിത്രം. സ്വപ്നങ്ങളും അഭിരുചികളും സ്വന്തമായ മേൽവിലാസവുമെല്ലാമുള്ള അഞ്ചു സ്ത്രീകളുടെ ജീവിതത്തിലെ ചില ഏടുകൾ കോർത്തിണക്കിയാണ് തിരക്കഥാകൃത്ത് അർച്ചനാ വാസുദേവ് കഥ പറയുന്നത്. ഈ ആന്തോളജിയിൽ ഒരു കഥയിൽ നിന്നും മറ്റൊന്നിലേക്ക് വളരെ സ്വാഭാവികതയോടെയാണ് ചിത്രം ഇറങ്ങിച്ചെല്ലുന്നത്. ‘ഹെർ’ എന്ന ചിത്രത്തിന്റെ ഒരു പോരായ്മയായി തോന്നിയത്, അഞ്ചു ചിത്രങ്ങളുടെയും പ്രമേയങ്ങളിൽ പലതും സമീപ കാലത്ത് വിവിധ ചിത്രങ്ങളും സീരിസുകളുമൊക്കെ പറഞ്ഞ വിഷയങ്ങളുടെ പുനരാഖ്യാനങ്ങൾ തന്നെയാണ് എന്നതാണ്. നായികാപ്രാധാന്യമുള്ള ചിത്രങ്ങൾ അപൂർവ്വമായി മാത്രം പിറക്കുന്ന ഒരു ഇൻഡസ്ട്രിയിൽ നിർമ്മിക്കപ്പെട്ട രീതിയിൽ ‘ഹെർ’ അതിന്റെതായ ഇടം കണ്ടെത്തുന്നുണ്ട്.
ഏകാന്തതയും മനുഷ്യബന്ധങ്ങളും ചർച്ച ചെയ്യുന്ന ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’
ഏകാന്തതയെയും മനുഷ്യബന്ധത്തിൻ്റെ ആവശ്യകതയെയും പറ്റി ചർച്ച ചെയ്യുന്ന ഹൃദയസ്പർശിയായ കഥ പറയുന്ന ചിത്രമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗ്രാൻഡ് പ്രിക്സ് നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി മാറി ചരിത്രം കുറിച്ച ചിത്രം കൂടിയാണിത്. പായൽ കപാഡിയയുടെ കഥപറച്ചിൽ രീതി ചിത്രത്തെ വേറിട്ട് നിർത്തുന്നതാണ്. ചിത്രത്തിൽ പ്രഭയായി കനി കുസൃതി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അനു എന്ന കഥാപാത്രമായി ദിവ്യപ്രഭയും തിളങ്ങിയിട്ടുണ്ട്. അപ്രതീക്ഷിതമായി ജീവിതത്തിൽ ഉടലെടുക്കുന്ന ബന്ധങ്ങൾ എങ്ങനെ നമുക്ക് ആശ്വാസം നൽകുമെന്നും ജീവിതത്തെ മാറ്റിമറിക്കുമെന്നും എന്നതിൻ്റെ ഓർമ്മപ്പെടുത്തലാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. വലിയ ഡയലോഗുകളെ ആശ്രയിക്കുന്നതിനുപകരം, നിശബ്ദതയിലൂടെ കഥാപാത്രങ്ങളുടെ മാനസികാവസ്ഥ പ്രേക്ഷകരിലേക്കെത്തിക്കാൻ ചിത്രം ശ്രമിച്ചിട്ടുണ്ട്. ഈ നിശബ്ദമായ ഫ്രെയിമുകൾ കഥാപാത്രങ്ങളുടെ വേദനയും മാനസിക സംഘർഷങ്ങളും വരച്ചുകാട്ടുന്നുണ്ട്.
ഏറെ കലാമൂല്യമുള്ള നിരവധി ചിത്രങ്ങളാണ് 2024 അവസാനിക്കുമ്പോൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ദോ പാട്ടി, ആർട്ടിക്കിൾ 370, മന്ദാകിനി തുടങ്ങിയവയെല്ലാം സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന ചിത്രമാണ്. എല്ലാ ചിത്രങ്ങളിലും സ്ത്രീ സാന്നിധ്യങ്ങൾ ഉണ്ടെങ്കിലും വേറിട്ട പ്രാധാന്യം നൽകുന്ന ചിത്രങ്ങൾ ചുരുക്കം തന്നെയാണ്. സ്ഥിരം കഥാപാത്രങ്ങളിൽ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന കഥാതന്തു തന്നെയാണ്.
STORY HIGHLIGHT: movies look back 2024