ദില്ലി: ബലാത്സംഗം, ആസിഡ് ആക്രമണം, ലൈംഗികാതിക്രമം, പോക്സോ കേസുകളിൽ അതിജീവിച്ചവർക്ക് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സക്ക് അർഹതയുണ്ടെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. അതിജീവിതർക്ക് ചികിത്സ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധനസഹായം നൽകുന്ന എല്ലാ സ്ഥാപനങ്ങളും സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും നഴ്‌സിംഗ് ഹോമുകളും കോടതിയുടെ നിർദ്ദേശം പാലിക്കണമെന്ന് ജസ്റ്റിസ് പ്രതിഭ എം. സിംഗ്, ജസ്റ്റിസ് അമിത് ശർമ്മ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധിച്ചു.
കൂടാതെ പോക്സോ കേസുകളിൽ ഉടനടി വൈദ്യസഹായവും ആവശ്യമായ സേവനങ്ങളും ലഭ്യമാക്കണമെന്നും കോടതി പറഞ്ഞു.
പ്രഥമശുശ്രൂഷ, രോഗനിർണയം, കിടത്തിച്ചികിത്സ, ഔട്ട്പേഷ്യൻ്റ് ഫോളോ-അപ്പുകൾ, ഡയഗ്നോസ്റ്റിക്, ലബോറട്ടറി പരിശോധനകൾ, ആവശ്യമെങ്കിൽ ശസ്ത്രക്രിയകൾ, ശാരീരികവും മാനസികവുമായ കൗൺസിലിംഗ്, മാനസിക പിന്തുണ, കുടുംബ കൗൺസിലിംഗ് എന്നിവ ചികിത്സയിൽ ഉൾപ്പെടുമെന്നും കോടതി വ്യക്തമാക്കി. കേസുകളിൽ അതിജീവിക്കുന്നവർക്ക് പലപ്പോഴും ആശുപത്രി പ്രവേശനം, രോഗനിർണയം, ശസ്ത്രക്രിയാ നടപടിക്രമങ്ങൾ, മരുന്നുകൾ, കൗൺസിലിംഗ് സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള അടിയന്തിര വൈദ്യസഹായമോ ദീർഘകാല വൈദ്യസഹായം ആവശ്യമാണ്. ബിഎൻഎസ്. സിആർപിസി കീഴിൽ നിലവിലുള്ള വ്യവസ്ഥകളും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (MoHFW) പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളും ഉണ്ടായിരുന്നിട്ടും, ലൈംഗിക അതിക്രമങ്ങളും ആസിഡ് ആക്രമണങ്ങളും അതിജീവിക്കുന്നവർ സൗജന്യ വൈദ്യചികിത്സ ലഭ്യമാക്കുന്നതിൽ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
പോക്‌സോ കോടതികൾ, ക്രിമിനൽ കോടതികൾ, കുടുംബ കോടതികൾ എന്നിങ്ങനെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ കോടതികളിലേക്കും വിധിയുടെ പകർപ്പ് അയക്കാനും കോടതി നിർദേശിച്ചു. ബിഎൻഎസ് സെക്ഷൻ 397 (CrPC സെക്ഷൻ 357C) അനുസരിച്ച് ഇരകളേയും അതിജീവിച്ചവരേയും അവരുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് നിർദ്ദേശം ലക്ഷ്യമിടുന്നതെന്നും കോടതി വ്യക്തമാക്കി.
content highlight : free-treatment-to-rape-acid-attack-survivors-delhi-high-court