Health

ഉറങ്ങുമ്പോൾ ആരോ അടുത്തുള്ള പോലെ, തിരിയാനോ ഉണരാനോ കഴിയാത്ത അവസ്ഥ അനുഭവിച്ചിട്ടുണ്ടോ ? എങ്കിൽ ഇതൊന്ന് അറിഞ്ഞോളൂ

ഒരു ദിവസത്തെ എല്ലാ ജോലി, പഠന ഭാരങ്ങൾക്കും ഒടുവിൽ ഒന്നു സമാധാനമായി ഉറങ്ങാൻ കിടന്നാൽ സ്വസ്ഥമായി ഉറങ്ങാൻ പറ്റാതിരിക്കാറുണ്ടോ ? ചിലർക്ക് തങ്ങളെ ശ്വാസം മുട്ടിക്കുന്നതോ കഴുത്ത് ഞെരിച്ച് കൊല്ലുന്നതോ പോലെ തോന്നുന്നു, മറ്റുള്ളവർക്ക് തങ്ങളെ കിടക്കയിൽ നിന്ന് വലിച്ചെറിയുന്നതായി തോന്നുന്നു. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം കാരണം ഒരു ഉറക്കത്തകരാറാണ്. ഉറക്ക പക്ഷാഘാതം ഒരു പാരാസോമ്നിയയാണ്. ഉറക്കത്തിനിടയിലോ അല്ലെങ്കിൽ ഉണരുന്നതിനും ഉറക്കത്തിനും ഇടയിലോ സംഭവിക്കുന്ന ഒരു ഉറക്ക തകരാറാണ്. ഈ ഉറക്ക തകരാറ് വളരെ സാധാരണമാണ്, കാരണം പലരും ജീവിതത്തിൽ ഒന്നോ രണ്ടോ തവണ ഇത് അനുഭവിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഉറക്ക പക്ഷാഘാതം ആരെയും ബാധിക്കാം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഉറക്ക പക്ഷാഘാതം അനുഭവിക്കുന്ന ഒരു വ്യക്തിക്ക് താൻ ഉണർന്നിരിക്കുന്നതുപോലെയാണ് തോന്നുക. എന്നാൽ അനങ്ങാൻ കഴിയാത്ത അവസ്ഥ. ഉറക്കത്തിൽ നിന്ന് ഉണരാൻ ശ്രമിക്കുന്നുണ്ടെങ്കിലും കഴിയാത്ത അവസ്ഥയെല്ലാം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഉറക്ക പക്ഷാഘാതത്തിന്റെ ലക്ഷണമാണ്. തളർവാതം ബാധിച്ചതുപോലെ ശരീരം ചലിപ്പിക്കാൻ കഴിഞ്ഞെന്ന് വരില്ല, പക്ഷെ ചുറ്റും നടക്കുന്നത് അറിയാൻ സാധിക്കുന്നത് പോലെ തോന്നും. ഉറക്ക പക്ഷാഘാതം അനുഭവിക്കുന്ന ചില ആളുകൾക്ക് ശ്വാസംമുട്ടൽ അല്ലെങ്കിൽ ഒരു വ്യക്തിയുടെ സാന്നിദ്ധ്യം ഉള്ളതായി തോന്നും. ചിലപ്പോൾ അടുത്ത് ആരെങ്കിലും ഇരിക്കുന്നതോ കിടക്കുന്നതോ ആയോ അല്ലെങ്കിൽ ശ്വാസമെടുക്കുന്ന നേർത്ത ശബ്ദം കേൾക്കുന്നതായോ എല്ലാം തോന്നാം. ഈ പ്രതിഭാസം കുറച്ച് നിമിഷങ്ങൾ മാത്രമേ നീണ്ടുനിൽക്കൂ, പരമാവധി കുറച്ച് മിനിറ്റുകൾ, എന്നാൽ ഇത് അനുഭവിക്കുന്ന വ്യക്തിക്ക് ഇത് ഏറെ നേരം ഉണ്ടായതു പോലെയും ഭയവും ഉത്കണ്ഠയും എല്ലാം ഉണ്ടാകും.

ഉറക്ക പക്ഷാഘാതം ഉണ്ടാകാനുള്ള പ്രധാന കാരണം സമയം തെറ്റിയുള്ള ഉറക്കവും ഉറക്കക്കുറവുമാണ്. തുടർച്ചയായി ഉറക്കത്തിന്റെ സമക്രമം മാറുമ്പോൾ ഇത് ഉറക്ക പക്ഷാഘാതത്തിലേക്ക് നയിക്കും. മറ്റൊന്ന് ജോലിയിലോ പഠനത്തിലോ അമിതമായി ഉണ്ടാകുന്ന സ്ട്രെസും കാരണമാകുന്നു. ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും പിന്തുടരുന്ന് കൃത്യസമയത്ത് ഉറങ്ങാൻ ശ്രമിക്കുക എന്നത് മാത്രമാണ് പരിഹാരം.