Kerala

ലഹരി ഉപയോഗം പൊലീസിൽ അറിയിച്ചതിന്റെ വൈരാഗ്യം; വർക്കലയിൽ 67 കാരനെ വെട്ടിക്കൊലപ്പെടുത്തി

വർക്കല: തിരുവനന്തപുരം വർക്കലയിൽ 67 കാരനെ വെട്ടിക്കൊലപ്പെടുത്തി. താഴെവെട്ടൂർ സ്വദേശി ഷാജഹാൻ ആണ് കൊല്ലപ്പെട്ടത്. മദ്യ ലഹരിയിൽ ആയിരുന്ന അഞ്ച് അംഗസംഘമാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി എട്ടരയോടെ താഴെവെട്ടൂർ പള്ളിക്ക് സമീപം വെച്ചാണ് കൊലനടക്കുന്നത്. ചൊവാഴ്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂർ പള്ളിക്ക് സമീപത്ത് ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നത് ഷാജഹാൻ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം. ത​ലക്കേറ്റ ആഴത്തിലുള്ള വെട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മുറിവേറ്റ ഷാജഹാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന താഴെ വെട്ടൂർ സ്വദേശി ഷാക്കിർ എന്നയാളെ വർക്കല പൊലീസ് പിടികൂടി. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്നും ഉടൻ‌ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.