പ്രഖ്യാപനം നടത്തിയത് മുതൽ പ്രേക്ഷകർ കാത്തിരുന്ന ബറോസ്: ഗാർഡിയൻ ഓഫ് ട്രഷേർസ് ഇന്ന് തിയറ്ററിൽ എത്തിയിരിക്കുകയാണ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകത കൂടി ബറോസിനുണ്ട്. ചിത്രത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും പ്രതിഭാശാലികളായ നിരവധി ടെക്നീഷ്യൻ ആണ് പ്രവർത്തിച്ചിരിക്കുന്നത്. മലയാളികളെ തന്റെ അഭിനയ മികവുകൊണ്ട് വിസ്മയിപ്പിച്ച താരം സംവിധായകനായി എത്തുമ്പോൾ ആദ്യ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. തിയേറ്ററിൽ എത്തിയിരിക്കുന്നതിൽ കൂടുതലും ആരാധകരാണ്. അതും കൂടുതൽ കുടുംബ പ്രേക്ഷകരും. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രം കാണാൻ കുട്ടികളും എത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവർക്കായി ചെറിയ കണ്ണടകൾ ആശീർവാദ് സെറ്റ് ചെയ്തിട്ടുണ്ട്. വ്യത്യസ്ത നിറങ്ങളിലാണ് കണ്ണടകൾ നിർമ്മിച്ചിരിക്കുന്നത്.
ഇത് ഒരു ആഘോഷ മോഹൻലാൽ ചിത്രമല്ലെന്നും കുട്ടികൾക്ക് വേണ്ടിയുള്ള സിനിമയാണെന്നും പ്രേക്ഷകർ മനസിലാക്കണമെന്ന് ആരാധകർ സോഷ്യൽ മീഡിയയിലൂടെ അഭിപ്രായപ്പെടുന്നുണ്ട്. ബറോസിലെ ഇസബെല്ലായെന്ന ഗാനം മോഹൻലാലാണ് പാടിയത്. മോഹൻലാൽ പ്രധാന വേഷം ചെയ്യുന്ന ചിത്രത്തിൽ വിദേശത്ത് നിന്നുള്ള അഭിനേതാക്കളായ മായ റാവു വെസ്റ്റ്, സീസർ ലൊറന്റെ റാറ്റൻ, ഇഗ്നാഷ്യോ മതിയോസ് തുടങ്ങിയവരുമുണ്ട്. കഴിഞ്ഞ ദിവസം ചെന്നെെയിൽ ചിത്രത്തിന്റെ പ്രത്യേക പ്രിവ്യൂ ഷോ നടന്നിരുന്നു. മോഹൻലാലും കുടുംബവും ഒപ്പം നിരവധി സഹപ്രവർത്തകരും ഷോയ്ക്ക് എത്തി.
ഇന്ത്യയിലെ ആദ്യ ത്രീ ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത് ജിജോ പൊന്നൂസിന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമയാണ് ബറോസ്. 2019 ലാണ് ബറോസ് പ്രഖ്യാപിക്കുന്നത്. നീണ്ട അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് പ്രേക്ഷകരിലേക്ക് എത്തിയത്. മോഹൻലാലിന്റെ സ്വപ്നമായിരുന്നു ബറോസ്. പ്രശസ്ത കലാസംവിധായകൻ മാർക് കിലിയനാണ് ബറോസിന്റെ സെറ്റുകൾ ഡിസൈൻ ചെയ്തത്. സന്തോഷ് ശിവനാണ് ഛായഗ്രാഹകൻ.
CONTENT HIGHLIGHT: barroz in theater updates