സീസണുകൾ മാറിമറിയുകയാണ്. അതനുസരിച്ച് ആയിരിക്കണം നമ്മുടെ ജീവിതവും മുന്നോട്ടു പോകേണ്ടത്. ആ സമയത്ത് കഴിക്കേണ്ട ഭക്ഷണം, ധരിക്കേണ്ട വസ്ത്രം എന്നിങ്ങനെ എല്ലാ കാര്യത്തിലും ശ്രദ്ധ വേണം. അല്ലെങ്കിൽ രോഗങ്ങൾ നിങ്ങളുടെ പിന്നിൽ നിന്നും മാറില്ല. വേനൽക്കാലത്ത് കഴിക്കേണ്ട ഭക്ഷണമല്ല ശൈത്യകാലത്ത് കഴിക്കേണ്ടത്. ശൈത്യകാലത്ത് നമ്മൾ കഴിക്കേണ്ടത് ശരീരത്തിൽ ചൂട് നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. പ്രോട്ടീൻ അടങ്ങിയതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങളാണ് ശൈത്യകാലത്തെ ചർമ സംരക്ഷണത്തിന് അത്യാവശ്യം. കൂടാതെ ആരോഗ്യകരമായ ദഹന വ്യവസ്ഥ ഉറപ്പാക്കേണ്ടത് സീസണൽ അണുബാധകൾ തടയുന്നതിനും അത്യന്താപേക്ഷിതമാണ്. ഇനി ശരീരത്തിൽ ചൂട് നിലനിർത്താനും ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്ന കുറച്ചു ഭക്ഷണങ്ങൾ പരിചയപ്പെട്ടാലോ..?
മുട്ട
നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ തരുന്ന ഒന്നാണ് മുട്ട. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ടയുടെ വെള്ള. ഏകദേശം 7 ഗ്രാം പ്രോട്ടീൻ, 5 ഗ്രാം നല്ല കൊഴുപ്പ് എന്നിവ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, വിറ്റാമിനുകൾ, ധാതുക്കൾ, ഇരുമ്പ്, മൈക്രോ ന്യൂട്രിയുകൾ എന്നിവയുടെ കലവറ കൂടിയാണിത്. മുട്ട ശരീര കോശങ്ങളെ നന്നാക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നവുമാണ്. മുതിർന്നവർക്ക് പ്രതിദിനം രണ്ട് മുട്ടകൾ വരെ കഴിക്കാം. മുട്ട കഴിച്ചുകഴിഞ്ഞാൽ വയറുനിറഞ്ഞതായി തോന്നുന്നതിനാൽ ഇത് അധിക കലോറി കുറയ്ക്കുന്നതിനും സഹായകമാണ്.
നിലക്കടല
പ്രോട്ടീനുകളുടെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും മികച്ച കലവറയാണ് നിലക്കടല എന്ന് പറയുന്നത്. മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുന്നതിനോടൊപ്പം ശരീരഭാരം കുറയ്ക്കാനും ഇത് നമ്മളെ സഹായിക്കാറുണ്ട്. ദഹനം മെച്ചപ്പെടുത്താനും നിലക്കടല നല്ലതാണ്. നിലക്കടല എപ്പോഴും കുതിർത്ത് കഴിക്കുന്നതാണ് നല്ലത്. നിലക്കടല നേരിട്ട് കഴിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ പീനട്ട് ബട്ടർ ഉപയോഗിക്കുന്നത് നല്ലതാകും.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങ് ഒരു സൂപ്പർ ഫുഡ് ആണ്. പ്രത്യേക രുചി കാരണം മധുരക്കിഴങ്ങ് അധികമാർക്കും ഇഷ്ടപ്പെടാതിരിക്കാൻ വഴിയില്ല. ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് പലർക്കും ധാരണയില്ല. ഫൈബറിന്റെയും പ്രോട്ടീനിന്റെയും നല്ലൊരു കലവറയാണ് മധുരക്കിഴങ്ങ്. കലോറിയുടെ അളവ് കുറവായതുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ മധുരക്കിഴങ്ങ് വളരെയധികം സഹായിക്കും. തണുപ്പുകാലത്ത് മാർക്കറ്റിൽ ഇത് സുലഭമായിരിക്കും. നാരുകൾ, വിറ്റാമിൻ എ, പൊട്ടാസ്യം, മറ്റ് പോഷകങ്ങൾ, ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മധുരക്കിഴങ്ങ് കഴിക്കുന്നത് പ്രതിരോധശേഷി ശക്തിപ്പെടുത്താനും വീക്കം കുറയ്ക്കാനും മലബന്ധം കുറയ്ക്കാനും സഹായിക്കും. ശരീരത്തിന് ആവശ്യമായ വിറ്റാമിൻ സിയും ഇതിലൂടെ ലഭിക്കും.
മില്ലറ്റുകൾ
പോഷകങ്ങളുടെ കലവറ തന്നെയാണ് മില്ലറ്റുകൾ. മില്ലറ്റുകളുടെ ഉൽപാദനത്തിൽ ലോകത്തിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം ആണുള്ളത്. ചാമയും തിനയും ചോളവും കൂവരകുമെല്ലാം ഇക്കൂട്ടത്തിൽ ഉൾപ്പെടും. ഇവയിൽ വിവിധ പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അടിസ്ഥാനപരമായി, ശൈത്യകാലത്ത് ലഭ്യമായ എല്ലാ ധാന്യവിളകളും നിങ്ങൾ കഴിക്കണം. ഏറ്റവും മികച്ച ശൈത്യകാല വിഭവമായ റാഗി ശരീരത്തിന് ആവശ്യമായ ഊഷ്മളത നൽകാൻ ഏറെ സഹായകമാണ്. ഇതിലെ അമിനോ ആസിഡിന്റെ ഉള്ളടക്കം വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. പോഷക നാരുകൾ നിറഞ്ഞതിനാൽ റാഗി മികച്ച ദഹനത്തിനും സഹായിക്കും.
നട്ട്സ്
പഴങ്ങളും പച്ചക്കറികളും വേണ്ടത്ര കഴിക്കാൻ ശ്രമിക്കുമ്പോഴും പലപ്പോഴും നട്സ് കഴിക്കാൻ നമ്മൾ അത്ര തന്നെ ശ്രദ്ധ കാണിക്കാറില്ല. എന്നാൽ ആഴ്ചയിൽ രണ്ടോ അതിലധികമോ തവണ നട്ട്സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ശൈത്യകാലത്ത്, അണ്ടിപ്പരിപ്പ് പതിവായി കഴിക്കുന്നത് നാഡീവ്യവസ്ഥയെ സജീവമാക്കി ശരീരത്തിൽ ചൂട് നിലനിർത്താൻ സഹായിക്കും. ബദാം, വാൽനട്ട് എന്നിവ ചീത്ത കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര എന്നിവ കുറയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. ബദാമിൽ വൈറ്റമിൻ ഇ, ആന്റിഓക്സിഡന്റുകൾ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഔഷധ ഗുണങ്ങൾക്ക് പേരുകേട്ട ഈന്തപ്പഴം വിറ്റാമിനുകൾ, ധാതുക്കൾ, ഇരുമ്പ്, നാരുകൾ എന്നിവയുടെ മികച്ച ഉറവിടമാണ്. രാവിലെയും വൈകുന്നേരവും ലഘുഭക്ഷണത്തിൽ ഇവ ചേർക്കുന്നത് ശരീരത്തിൽ ഊർജം നിലനിർത്താൻ സഹായിക്കും.
CONTENT HIGHLIGHT: foods to keep you warm