Entertainment

പ്രതീക്ഷ കാത്തോ ബറോസ് ? ആദ്യ ദിനം മോഹൻലാൽ ചിത്രത്തിന് ലഭിച്ച പ്രതികരണങ്ങൾ ഇങ്ങനെ

മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ സംവിധാനം ചെയ്ത ആദ്യ ചിത്രം ബറോസ് പ്രതീക്ഷ കാത്തു എന്ന പ്രതികരണങ്ങളാണ് ആദ്യ ദിനം പുറത്തുവരുന്നത്. ചിത്രത്തെ വലിയ ആവേശത്തോടെയാണ് ജനം സ്വീകരിക്കുന്നത്. സംവിധായകനായി മോഹൻലാലിന്റെ പേര് ആദ്യമായി സ്ക്രീനിൽ തെളിഞ്ഞത് പ്രേക്ഷകർക്ക് വ്യത്യസ്ത അനുഭവമായിരുന്നു. ആർപ്പു വിളികളോടെയാണ് ആ നിമിഷത്തെ ആരാധകർ ആഘോഷമാക്കിയത്. ബറോസിലെ ത്രീ ഡി കാഴ്ചകൾ പ്രേക്ഷകരെ അക്ഷരാർഥത്തിൽ വിസ്മയിപ്പിച്ചു. സിനിമ പ്രതീക്ഷിച്ചതുപോലെയല്ല അതുക്കും മേലെയാണെന്നാണ് സിനിമ കണ്ടിറങ്ങിയ പലരും അഭിപ്രായപ്പെടുന്നത്.

റിലീസ് ദിനത്തിൽ സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങിയപ്പോൾ മുതൽ സിനിമയിലെ എ ഡി, സിജിഐ എഫക്ടുകള്‍ മികച്ച് നില്‍ക്കുന്നതായാണ് പ്രേക്ഷക പ്രതികരണം. സിനിമയിലെ അണ്ടർവാർട്ടർ സോങ് പുറത്തിറങ്ങിയപ്പോൾ വലിയ അഭിപ്രായം നേടിയിരുന്നു. ഇപ്പോൾ സിനിമയിലെ വെള്ളത്തിനു അടിയിലെ സീനുകളെപ്പറ്റിയും, സിനിമ സമ്മാനിക്കുന്ന ദൃശ്യവിസ്മയത്തെ കുറിച്ചും ആരാധകര്‍ വാചാലരാകുകയാണ്. ഹോളിവുഡ് ലെവൽ മേകിങ് കൊണ്ട് വിസ്മയം തീർത്ത ചിത്രം ക്വാളിറ്റിയും നിലനിർത്തുന്നുണ്ട് എന്നും പ്രതികരണങ്ങൾ എത്തുന്നുണ്ട്. സിനിമ കുടുംബ പ്രേക്ഷകര്‍ക്കുള്ളതാണെന്നും കോമഡി മിക്സിങ് കൂടി ചേർന്നതാണെന്നുമാണ് അഭിപ്രായം.

മലയാളം ഇന്നോളം കണ്ടിട്ടില്ലാത്ത ത്രീഡിയാണ് ബറോസ് എന്നാണ് സിനിമ കണ്ടവര്‍ മിക്കവരും അഭിപ്രായപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. മോഹൻലാല്‍ പാടുന്നുവെന്നതും ബറോസ് എന്ന ചിത്രത്തിന്റെ ആകര്‍ഷണമാണ്. മനോഹരമായ ഗാനമാണ് ചിത്രത്തിലേത് എന്നാണ് താരത്തിന്റെ ആരാധകരുടെ അഭിപ്രായവും. ബറോസിന്റെ റിലീസ് പാൻ ഇന്ത്യ ചിത്രമായിട്ടാണ് എന്നതും പ്രത്യേകതയാണ്. എന്തായാലും മോഹൻലാലിന്റെ ബറോസ് മലയാള സിനിമാ ചരിത്രത്തില്‍ നാഴികക്കല്ലാകും.

‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.

Latest News