Kerala

ഉത്സവാഘോഷങ്ങളിൽ വെടിക്കെട്ടിനുള്ള മാനദണ്ഡം സർക്കാർ പരിപാടികളിലും പാലിക്കണം; ഹൈക്കോടതി – high court fireworks ruling

ആരാധനാലയങ്ങളിലെ ആഘോഷങ്ങളിൽ വെടിക്കെട്ട് നടത്തുന്നതിനുള്ള മാനദണ്ഡങ്ങൾ സർക്കാർ പരിപാടികളിലും പാലിക്കണമെന്ന് ഹൈക്കോടതി. വെടിക്കെട്ടിനുള്ള അനുമതിക്ക് ചട്ടങ്ങളിൽ ഇളവ് വരുത്താൻ സർക്കാരിനെ നിർബന്ധിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഒക്ടോബർ 11ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് വെടിക്കെട്ട് നടത്തുന്നതിന് ഫയർ ഡിസ്പ്ലേ അസിസ്റ്റന്റ് അല്ലെങ്കിൽ ഫയർ ഡിസ്പ്ലേ ഓപ്പറേറ്ററെ നിയമിക്കേണ്ടതുണ്ട്. ഇയാളെ നിയമിച്ചു കൊണ്ടുള്ള എക്സ്പ്ലോസീവ്സ് കൺട്രോളറുടെ സർട്ടിഫിക്കറ്റോടു കൂടി മാത്രമേ വെടിക്കെട്ടിനുള്ള അനുമതിക്ക് അപേക്ഷിക്കാൻ സാധിക്കൂ. ഈ നിബന്ധനകൾ പാലിച്ചില്ലെന്ന് കാണിച്ച് ഏതാനും ആരാധനാലയങ്ങളിലെ വെടിക്കെട്ടിന് ജില്ലാ കലക്ടർമാർ അനുമതി നിഷേധിച്ചിരുന്നു. അനുമതി നിഷേധിക്കപ്പെട്ട ആരാധനാലയങ്ങളുടെ ഭാരവാഹികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശങ്ങൾ.

ചട്ടങ്ങൾ നിലനിൽക്കുമ്പോൾ, വെടിക്കെട്ടിനുള്ള അനുമതിക്കായി ഇളവ് നൽകാൻ സംസ്ഥാന സർക്കാരിനെ നിർബന്ധിക്കാൻ ആവില്ലെന്ന് ജസ്റ്റിസ് എസ്.ഈശ്വരൻ വ്യക്തമാക്കി. നിയമവും പൊതു താൽപര്യവും കണക്കിലെടുത്തുള്ള സംസ്ഥാന സർക്കാരിന്റെ നിലപാട് അഭിനന്ദനാർഹമാണെങ്കിലും ഇക്കാര്യത്തിൽ സർക്കാരിനും പൗരനും ഇരട്ട നീതി പാടില്ലെന്ന് കോടതി നിർദേശിച്ചു. നിയമം എല്ലാവർക്കും ഒരുപോലെയാകണം. ഉത്സവാഘോഷങ്ങളിലെ വെടിക്കെട്ടിനുള്ള അതേ മാനദണ്ഡങ്ങൾ സർക്കാർ മേൽനോട്ടത്തിലുള്ള ടൂറിസം പരിപാടികളിലും നിർബന്ധമാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

STORY HIGHLIGHT: high court fireworks ruling