ആദ്യ സിനിമ പരാജയപ്പെട്ട് രണ്ടാം വരവിലൂടെ തുടർ വിജയങ്ങൾ നേടി ചരിത്രം സൃഷ്ടിച്ച നടനാണ് ഫഹദ് ഫാസിൽ. ഇന്ന് സൗത്ത് ഇന്ത്യയിൽ തന്നെ തിളങ്ങി നിൽക്കുന്ന വലിയ താരമൂല്യമുള്ള നടനായി ഫഹദ് മാറിക്കഴിഞ്ഞു. താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ചുള്ള വാർത്തകൾ വളരെ മുൻപ് തന്നെ പുറത്തുവന്നിരുന്നു. ഇംതിയാസ് അലി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപത്രമായി ഫഹദ് എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ബോളിവുഡിൽ ഹിറ്റുകൾ തീർക്കുന്ന സംവിധായകനാണ് ഇംതിയാസ് അലി. ഇപ്പോൾ അദ്ദേഹം തന്നെ ഫഹദ് ഫാസിലിന്റെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ്.
ഇംതിയാസ് അലിയുടെ വാക്കുകൾ ഇങ്ങനെയാണ്. ഫഹദിനെ നായകനാക്കി താൻ സിനിമയൊരുക്കുന്നു എന്ന റൂമറുകൾ താനും കേട്ടിരുന്നുവെന്നും ഫഹദുമായി വർക്ക് ചെയ്യാൻ ഇഷ്ടമാണെന്നും ഇംതിയാസ് അലി പറഞ്ഞു. ഇൻബോക്സിൽ ഇക്കാര്യം പലരും ചോദിക്കുമ്പോൾ പോലും താൻ അത് മൈൻഡ് ചെയ്യാറില്ലെന്നും എന്നാൽ ഇപ്പോൾ അതിന് പറ്റിയ സാഹചര്യമല്ലെന്നും ഇംതിയാസ് അലി കൂട്ടിച്ചേർത്തു. ഫഹദുമായി ഒരു ചിത്രം ചെയ്യുന്നുണ്ടെന്നും എന്നാൽ അത് ചിലപ്പോൾ താൻ സംവിധാനം ചെയ്തേക്കില്ലെന്നും ഇംതിയാസ് വ്യക്തമാക്കി.താനും ഫഹദും ഒരുമിച്ചുള്ള ചിത്രം ഉറപ്പായും ഉണ്ടാകുമെന്നും എന്നാൽ എത് എന്ന് തുടങ്ങുമെന്ന് പറയാൻ കഴിയില്ലെന്നും ഇംതിയാസ് അലി കൂട്ടിച്ചേർത്തു. അടുത്ത ചിത്രം എന്തായാലും ഫഹദുമായുള്ള ചിത്രമാകില്ലെന്നും ഇംതിയാസ് അലി പറഞ്ഞു. ഹോളിവുഡ് റിപ്പോർട്ടർ സംഘടിപ്പിച്ച റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജബ് വീ മെറ്റ്, റോക്ക്സ്റ്റാർ, ലവ് ആജ് കൽ, ഹൈവേ, തമാശ, അമർ സിങ് ചംകീല തുടങ്ങിയ മികച്ച ചിത്രങ്ങൾ അണിയിച്ചൊരുക്കിയ സംവിധായകനാണ് ഇംതിയാസ് അലി. ഫഹദിന്റെ ബോളിവുഡ് അരങ്ങേറ്റം ഇംതിയാസിൽ കൂടെയാകുമ്പോൾ മികച്ച സിനിമയിൽ കുറഞ്ഞതൊന്നും സിനിമാപ്രേമികൾ ആഗ്രഹിക്കുന്നില്ല. തൃപ്തി ദിംറിയാകും ചിത്രത്തിലെ നായികയെന്ന് സൂചനകളുണ്ട്.