Kerala

വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വിൽപ്പന; 18 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ – youths arrested with cannabis

പാലക്കാട് വീട് വാടകയ്ക്ക് എടുത്ത് സ്കൂൾ പരിസരത്ത് വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തി വന്ന യുവാക്കൾ പിടിയിൽ. പാലക്കാട് പുതുനഗരത്ത് 18 കിലോ കഞ്ചാവുമായാണ് യുവാക്കൾ പിടിയിലായത്. കൊടുവായൂ൪ സ്വദേശികളായ അൽത്താഫ് അലി, ആഷിഖ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊടുവായൂരിലെ ഇവരുടെ വാടകവീട്ടിൽ നിന്ന് പതിനെട്ടര കിലോയോളം വരുന്ന കഞ്ചാവും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

വീട് വാടകക്കെടുത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് പാലക്കാട് ജില്ല ലഹരി വിരുദ്ധ സ്കൂളും പുതുനഗരം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അൽത്താഫ് അലിയും ആഷിഖും പിടിയിലായത്. നിരവധി ക്രിമിനൽ കേസിൽ ഉൾപ്പെട്ട ആളാണ് അൽത്താഫ് ഹുസൈൻ. ക്രിസ്മസ് – ന്യൂ ഇയർ എന്നിവയോട് അനുബന്ധിച്ച് വിൽപ്പന നടത്തുന്നതിനായി ഒറീസയിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് കണ്ടെത്തി. സ്കൂൾ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് പ്രതികൾ കഞ്ചാവ് വൻതോതിൽ ഒറീസ – ആന്ധ്ര എന്നിവിടങ്ങളിൽ പോയി കൊണ്ടുവന്ന് വിൽപ്പന നടത്തുന്നത്.

പാലക്കാട് ജില്ല പൊലീസ് മേധാവി ആർ ആനന്ദ് ഐ പി എസിന്‍റെ നിർദ്ദേശ പ്രകാരം നാർക്കോട്ടിക് ഡി വൈ എസ് പി അബ്ദുൽ മുനീർ, ചിറ്റൂർ ഡി വൈ എസ് പി കൃഷ്ണദാസ്, മീനാക്ഷിപുരം ഇൻസ്പെക്ടർ ശശിധരൻ, പുതുനഗരം പൊലീസും ജില്ല ലഹരി വിരുദ്ധ ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

STORY HIGHLIGHT : youths arrested with cannabis