മനുഷ്യമനസ്സിലെ വികാരങ്ങളെയത്രയും വേറിട്ട കഥാപാത്രങ്ങളിലൂടെ വായനക്കാരുടെ ഹൃദയങ്ങളിലേക്കു പറിച്ചുനട്ട എഴുത്തിന്‍റെ മാന്ത്രികൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇക്കഴിഞ്ഞ 15ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മാസത്തിനിടെ പല തവണ എം.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കുറച്ചു നാളുകളായി അലട്ടിയിരുന്നു. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയിരുന്നു. മരണ സമയത്ത് ഭാര്യയും മകളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെല്ലാം ആശുപത്രിയിലുണ്ടായിരുന്നു.
ഗവർണർ പി.എസ് ശ്രീധരൻ പിള്ള, മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, ജെ ചിഞ്ചുറാണി, രാമചന്ദ്രൻ കടന്നപ്പള്ളി, എംഎൽഎമാർ, രാഷ്ട്രീയ നേതാക്കൾ, സിനിമാ മേഖലയിൽ നിന്നുള്ള പ്രമുഖർ തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളിലായി ആശുപത്രിയിൽ എത്തി ഡോക്ടർമാരോടും എംടിയുടെ ബന്ധുക്കളുമായും സംസാരിച്ചിരുന്നു.
STORY HIGHLIGHT: mt vasudevan nair passes away