മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. അമിത മദ്യപാനം ശരീരത്തിൽ പലതരം ദോഷങ്ങൾ വരുത്തി വയ്ക്കും. ശരീരത്തിനും താങ്ങാവുന്ന ഒരു പരിധി കഴിഞ്ഞാൽ ആൽക്കഹോൾ നമ്മുടെ അവയവങ്ങളെ ബാധിച്ചു തുടങ്ങും. വിവിധതരം ആരോഗ്യപ്രശ്നങ്ങൾ മദ്യപാനം കൂടിക്കഴിഞ്ഞാൽ ഉണ്ടാകാം. അമിതമദ്യപാനത്തിന്റെ ഭാഗമായി ഉണ്ടാവുന്ന ഹാങ്ങ്ഓവര്‍ ശരീരത്തില്‍ വലിയ ദോഷം ഉണ്ടാക്കും . പരിമിതമല്ലാത്ത മദ്യപാനം വരുത്തിവയ്ക്കുന്ന ഏറ്റവും വലിയ വിനയാണ് അകാല വാര്‍ദ്ധക്യം.
അമിതമദ്യപാനം വഴി ഹാങ്ങ് ഓവര്‍ സമ്മാനിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് തലച്ചോറിന് സംഭവിക്കുന്ന നാശം. വിഷലിപ്തമായ ഘടകങ്ങള്‍ ശരീരത്തിന് മറ്റുരീതിയിലും ദോഷം ചെയ്യും. ശരീരത്തിലെ ജലാംശം നഷ്ടപ്പെടും. മദ്യപിക്കുമ്പോള്‍ ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ഹാങ് ഓവറിലേക്ക് നയിക്കുമെന്നും ദില്ലി ബിഎല്‍കെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഗാസ്‌ട്രോഎന്‍ഡോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. യോഗേഷ് ബത്ര പറയുന്നു. ശരിരത്തിന്റെ ഭാരം കുറയുന്നത് കൂടുതല്‍ ഹാങോവറിന് കാരണമാകും.
കടുത്ത തലവേദന, ഛര്‍ദ്ദി, മനംപിരട്ടല്‍, ഭക്ഷണത്തോട് വെറുപ്പ്, തലകറക്കം, വിയര്‍പ്പ്, ആലസ്യം തുടങ്ങിയവയാണ് അമിതമദ്യപാനത്തിന്റെ പ്രത്യാഘാതങ്ങള്‍. ചിലരില്‍ ഇത് കുറച്ചുകൂടി കടുത്ത അവസ്ഥയില്‍ ആയിരിക്കും. ആകാംക്ഷ അടക്കമുള്ളവ ഹാങോവറിന്റെ ഭാഗമായി അനുഭവപ്പെടും. മദ്യപാനത്തിനൊപ്പം ആവശ്യത്തിന് വെള്ളം കുടിക്കാത്തതും ഭക്ഷണം കഴിക്കാത്തതും ഹാങോവറിന്റെ വലുപ്പം കൂട്ടും. വയറുവേദനയും ഗാസ്‌ട്രൈറ്റിസും മറ്റു ഭീഷണികളാണ്.
ഹാങോവറിന് അടിപ്പെട്ടാല്‍ ശരീരത്തിന് കൃത്യമായ വിശ്രമം നല്‍കണം. വേണ്ടത്ര ഉറക്കവും ആവശ്യത്തിന് പാനീയവും ഭക്ഷണവും ശരീരത്തിന് നല്ലതാണ്. തലവേദന വന്നാല്‍ ആസ്പിരിന്‍ ഗുളിക കഴിക്കുന്നവരുണ്ട്. ഇത് തലവേദനയെ അകറ്റും. പക്ഷേ അസിഡിറ്റി കൂട്ടാന്‍ കാരണമാകും. ഹാങോവര്‍ കുറയ്ക്കാന്‍ അപരിചിതമായ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കാനേ ഉപകരിയ്ക്കൂ. ഹാങോവര്‍ കുറയ്ക്കാന്‍ രാവിലെ വീണ്ടും മദ്യപിക്കുന്നത് ഒട്ടും ഗുണകരമല്ല. ഇത്തരക്കാര്‍ ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് പോകുന്നതാണ് നല്ലതെന്നും ഡോ. രാഹുല്‍ തംബെ വ്യക്തമാക്കുന്നു.
പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്കാണ് ഏറ്റവും അധികം ഹാങ്ങോവര്‍ സാധ്യത. ആള്‍ക്കഹോളിനെ ദഹിപ്പിക്കുന്ന എന്‍സൈമുകളുടെ അളവ് കുറയുന്നതും ഹാങോവറിന്റെ സാധ്യത കൂട്ടും. ഹാങോവറിനെ പ്രതിരോധിക്കാന്‍ പ്രത്യേക മരുന്നില്ല, അമിതമദ്യപാനം ഒഴിവാക്കുക മാത്രമാണ് വഴി.
content highlight : alcohol-injuries-to-health