Oman

പെടയ്ക്കണ മത്തി ഒമാൻ തീരത്ത്; കടൽ കടന്ന് ഒമാൻ മത്തി കേരളത്തിലേക്കും | SARDINE OMAN

ഒമാൻ മത്തിയ്ക്ക് കേരളത്തിലും ഇഷ്ടക്കാർ നിരവധിയാണ്

സലാല: ‘കപ്പയ്‌ക്കൊപ്പം നല്ല കുടംപുളിയിട്ടു വെച്ച മത്തിക്കറിയും’ ആഹാ പറയുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്നുണ്ടാവും അല്ലേ ? മലയാളികൾക്ക് മത്തി എന്നാൽ ഒരു വികാരം തന്നെയാണ്. എന്നാൽ ഇപ്പോൾ മത്തി താരമായിരിക്കുന്നത് അങ്ങ് ഒമാനിൽ ആണ്. ഒമാൻ മത്തിയെ കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ഔദ്യോഗികമായി സീസൺ ആരംഭിച്ചതോടെ വിപണിയിലെ മത്തി ക്ഷാമം അവസാനിച്ചിട്ടുണ്ട്. ഒമാൻ മത്തിയ്ക്ക് കേരളത്തിലും ഇഷ്ടക്കാർ നിരവധിയാണ്. മത്തി സീസൺ തുടങ്ങിയതോടെ വരുംനാളുകളിൽ കേരളത്തിലേക്ക് ഒമാനിൽ നിന്നും മത്തിയെത്തും.

കടലിനുള്ളിൽ മത്തി കൂട്ടത്തെ കണ്ടെത്തുക, വലയിലാക്കുക, കരയിലെത്തിച്ച് മീൻ വാഹനങ്ങളിലേക്ക് മാറ്റുക എന്നിങ്ങനെ അനവധി ഘട്ടങ്ങളിലൂടെയാണ് മീൻപിടിത്തം എന്നതിനാൽ മത്തി സീസണിൽ നല്ല തോതിൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നുണ്ട്. മീൻപിടിത്തം മുതൽ വിപണനം വരെയുളള പ്രക്രിയകളിൽ യുവാക്കൾക്ക് തൊഴിൽ ലഭ്യതയും ഉറപ്പാക്കിയാണ് സീസൺ സജീവമാകുന്നത്. മത്തിക്കൂട്ടത്തെ വലയിലാക്കുന്നതു മുതൽ വിൽപന വരെയുള്ള കാര്യങ്ങൾക്ക് നേതൃത്വം നൽകാൻ ഒരാളുണ്ടാകും. മീൻപിടിത്ത ബോട്ടിൽ 20 മുതല്‍ 30 പേർ വരെയുണ്ടാകും.

മത്തി മനുഷ്യർക്ക് മാത്രമല്ല ഭക്ഷണമായി മാറുന്നത്. വ്യത്യസ്ത ഇനം ജീവികൾക്ക് തയാറാക്കുന്ന ഭക്ഷണത്തിൽ മത്തി ഉണക്കിയതും ഉപയോഗിക്കുന്നുണ്ട്. കന്നുകാലികൾക്ക് നൽകുന്ന പ്രോട്ടീനിലും മത്തി ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രോട്ടീൻ കൂടുതൽ പാൽ ലഭിക്കാൻ സഹായിക്കുന്നതിനാൽ കന്നുകാലി വളർത്തൽ മേഖലയിലുള്ളവർക്കും സീസൺ വളരെയധികം പ്രയോജനം ചെയ്യും. മീൻ വിപണിയുടെ വളർച്ചയ്ക്കും സീസൺ ഗണ്യമായ സംഭാവന നൽകുന്നുണ്ട്.

അതേസമയം, മത്തി സീസണില്‍ ധാരാളം വിനോദ സഞ്ചാരികളാണ് ദോഫാർ തീരത്തേക്ക് എത്തുന്നത്. മത്തി ചാകര കാണാനും മീൻപിടിത്തത്തിലെ പ്രക്രിയകൾ കാണാനും മനസിലാക്കാനും എല്ലാമായാണ് ഇവർ എത്തുന്നതെന്ന് മീൻപിടിത്ത തൊഴിലാളികൾ പറയുന്നു. വിപണിയിലേക്ക് എത്തുന്നതിന് മുൻപ് തീരത്ത് നിന്നു തന്നെ നേരിട്ട് വാങ്ങുമ്പോൾ വിലയിലും ഗണ്യമായ കുറവുണ്ടെന്നതിനാൽ പിടയ്ക്കുന്ന മത്തി ലൈവ് ആയി തന്നെ വാങ്ങിക്കാൻ എത്തുന്ന മലയാളികളും ഏറെ.

ചുരുക്കി പറഞ്ഞാൽ മീൻ പിടിത്തക്കാർക്ക് മാത്രമല്ല തൊഴിൽ, കന്നുകാലി വളർത്തൽ, ആഭ്യന്തര ടൂറിസം, വിപണി ഉൾപ്പെടെയുള്ള മേഖലകൾക്ക് മത്തി സീസൺ വലിയതോതിൽ ഗുണം ചെയ്യുന്നുണ്ട്.

CONTENT HIGHLIGHT: sardine season in oman

 

Latest News