മലയാളത്തിലെ എവർ ഗ്രീൻ ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴ് എല്ലാവർക്കും പ്രിയപ്പെട്ടതാണ്. നായിക -നായകന്മാരാൽ മാത്രമല്ല സ്വഭാവ നടി-നടന്മാരാലും സമ്പന്നമാണ് ഈ മലയാള സിനിമ. മലയാള സിനിമയിലുള്ള അത്ര പ്രതിഭാശാലികളും വൈവിധ്യം നിറഞ്ഞതുമായ ക്യാരക്ടർ ആക്ടർസ് ഇന്ത്യയിലെ മറ്റ് ഏത് സിനിമ ഇൻഡസ്ട്രിയിലും ഇല്ലെന്ന് പറയാൻ കഴിയും ഈ ഒരൊറ്റ ചിത്രം കണ്ടുകഴിഞ്ഞാൽ. ഡോക്ടർ സണ്ണിയും നകുലനും ഗംഗയും ശ്രീദേവിയും ഭാസുരയും എല്ലാം മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന കഥാപാത്രങ്ങളാണ്. റീറിലീസിന് എത്തിയപ്പോഴും ഇരു കൈകളും നീട്ടിയാണ് ചിത്രത്തെ ആളുകൾ സ്വീകരിച്ചത്. ഈ ചിത്രവുമായി ബന്ധപ്പെട്ട് ഒരുപാട് ദുരൂഹതകൾ ഇന്നും നിലനിൽക്കുന്നുണ്ടെന്ന് പറയുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. മണിച്ചിത്രത്താഴുമായി ബന്ധപ്പെട്ട ചില പിന്നാമ്പുറ കഥകൾ അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പങ്കുവച്ചത്.
മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് മധു മുട്ടമാണ്. ഫാസിലിനൊപ്പം ഷൂട്ടിംഗ് സമയങ്ങളിൽ ഞാനും ഉണ്ടായിരുന്നു. അമ്മയ്ക്ക് വയ്യാത്തതുകൊണ്ട് മധു മുട്ടം എല്ലാ ദിവസവും രാത്രി സമയങ്ങളിൽ ലൊക്കേഷനിൽ നിന്ന് വീട്ടിലേക്ക് പോകുമായിരുന്നു. മധുവിന് ട്രെയിനിൽ യാത്ര ചെയ്യാൻ ഭയമായിരുന്നു. കാറിൽ യാത്ര ചെയ്യുമ്പോൾ മുൻസീറ്റിലിരിക്കില്ല. ബസിൽ യാത്ര ചെയ്യുകയാണെങ്കിൽ സൈഡ് സീറ്റിൽ ഇരിക്കില്ല. തുടങ്ങിയ വ്യത്യസ്തമായ സവിശേഷതകൾ ഉളള വ്യക്തിയായിരുന്നു മധു.
‘മണിച്ചിത്രത്താഴിന്റെ ഓരോ സീനുകളും വളരെ വിശാലമായിട്ടാണ് മധു എഴുതുന്നത്. അതിൽ നിന്ന് കുറച്ച് ഭാഗമെടുത്തായിരിക്കും ഫാസിൽ സിനിമാരൂപത്തിലാക്കുന്നത്. മധുവിന് വേദങ്ങളിലും പുരാണങ്ങളിലും ഒരുപാട് അറിവുണ്ടായിരുന്നു. എഴുത്ത് തീർന്നതോടെ ചിത്രത്തിന്റെ സംഗീതമൊരുക്കുന്നതിന് ബിച്ചു തിരുമലയും എം ജി രാധാകൃഷ്ണനും ഹോട്ടലിൽ പലമുറികളിലായി താമസിക്കുകയായിരുന്നു. ഒരു ദിവസം ഫാസിൽ എന്നെയുംക്കൂട്ടി ബിച്ചു തിരുമലയുടെ മുറിയിലേക്ക് പാട്ട് കേൾക്കാനായി പോയി. ബിച്ചു വരികൾ കേൾപ്പിച്ചു. അതിൽ ചെറിയ തിരുത്തലുകൾ ഉണ്ടായിരുന്നു. ഭക്ഷണത്തിലുളള ശ്രദ്ധപോലും മറന്നാണ് ബിച്ചു ഗാനങ്ങൾ രചിച്ചത്.
ഈ സിനിമയിലെ ‘പഴന്തമിഴ് പാട്ടിഴയും’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത് എം ജി രാധാകൃഷ്ണനാണ്. ഗാനം ആഹരി രാഗത്തിലാണ് ചിട്ടപ്പെടുത്തിയത്. ആഹരി രാഗത്തിന് ചില പ്രശ്നങ്ങളുണ്ടെന്ന് പഴമക്കാർ പറയും. ഈ രാഗത്തിൽ ഗാനം രചിക്കുന്നവർ ദരിദ്രരരായി പോകുമെന്നാണ് വിശ്വാസം. മണിച്ചിത്രത്താഴിലെ കഥയിൽ അടിമുടി ദുരൂഹതയും മന്ത്രവാദങ്ങളും അതോടൊപ്പം ആഹരി രാഗം കൂടി കടന്നുവന്നപ്പോൾ എം ജി രാധാകൃഷ്ണൻ പേടിച്ച് ആരോടും പറയാതെ ആലപ്പുഴയിൽ നിന്നും മുങ്ങി. പിന്നീട് എം ജി ശ്രീകുമാർ ഇടപെട്ടാണ് അദ്ദേഹത്തെ തിരികെ കൊണ്ടുവന്നത്. ഈ സിനിമയുമായി ബന്ധപ്പെട്ട് ചിലർക്ക് ദുരനുഭവം ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ ചിത്രം എല്ലാവർക്കും പ്രിയപ്പെട്ടതാണ്. വർഷങ്ങൾക്കുശേഷം ഫാസിലും മധു മുട്ടവും ഒരുമിക്കുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്’- അഷ്‌റഫ് പറഞ്ഞു.
CONTENT HIGHLIGHT: alleppey ashraf about manichitrathazhu movie