വേനൽക്കാലത്തും മഴക്കാലത്തുമെന്ന പോലെ വിവിധ വർഗത്തിലുള്ള പച്ചക്കറികൾ തണുപ്പുകാലത്തും കൃഷി ചെയ്യാം. തണുപ്പ് കാലത്ത് മലയോരങ്ങളിൽ മാത്രമല്ല സമതലങ്ങളിലും നല്ല രീതിയിൽ കൃഷി ചെയ്യാൻ പറ്റിയ വിളകളാണ് ശീതകാല പച്ചക്കറി ഇനങ്ങൾ. സമതലങ്ങളിലും കഴിഞ്ഞ കുറച്ചുവർഷങ്ങളായി സാമാന്യം ഭേദപ്പെട്ടനിലയിൽ തണുപ്പ് ലഭിക്കുന്നതിനാൽ ശീതകാല വിളകളുടെ കൃഷിക്ക് പ്രിയമേറി വരികയാണ്.
അന്യനാട്ടിൽ കൃഷിചെയ്ത് വിളഞ്ഞ ശീതകാല പച്ചക്കറികളുടെ ഉപഭോക്ത്യ സംസ്ഥാനമായിരുന്നു നാളിതുവരെ കേരളം. ഈനിലയ്ക്ക് മാറ്റം വന്നുകൊണ്ടേയിരിക്കുന്നു. ശീതകാല പച്ചക്കറികളിൽ പ്രധാനിയായ കാബേജും കോളിഫ്ലവറും നമ്മുടെ നാട്ടിലും ഇപ്പോൾ കൃഷി ചെയ്യുന്നുണ്ട്.
ശീതകാല പച്ചക്കറി വിളകളിൽ തൈകൾ പറിച്ചനടുന്ന ഇനങ്ങളുടെ വിത്തുകൾ പാകേണ്ടത് ഒക്ടോബർ ആദ്യവാരത്തിലാണ്. നവംബർ ആദ്യം തൈകൾ പറിച്ചു നടാം. നല്ല സൂര്യപ്രകാശവും നീർവാർച്ചയുമുള്ള സ്ഥലം വേണം കൃഷിക്കായി തെരഞ്ഞെടുക്കേണ്ടത്. എന്നാൽ കൃഷിക്കായി എത്ര ഒരുങ്ങിയാലും, കർഷകരെ നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങളാണ് പുതിയ പച്ചക്കറികളിൽ കാണുന്ന വിവിധതരത്തിലുള്ള രോഗകീടബാധകൾ. ഇവയെ നിയന്ത്രിക്കാൻ ജൈവകീടനാശിനികളോ അപടകരമല്ലാത്ത രാസകീടനാശിനികളോ പ്രയോഗിക്കണം.
കാബേജ്, കോളിഫ്ലവർ, ശീമമുള്ളങ്കി എന്നിവയാണ് പ്രധാന വിളകളെങ്കിൽ, പ്രോട്രേകളിലോ തവാരണകളിലോ വിത്തുകൾ പാകി തൈകൾ ഉണ്ടാക്കി പറിച്ചുനടുകയാണ് രീതി. ഒരു സെന്റ് കൃഷിക്കായി അഞ്ച് ഗ്രാം വിത്ത് മതി. പ്രോട്രേകളിൽ കമ്പോസ്റ്റിനൊപ്പം ട്രൈക്കോഡെർമ സമ്പുഷ്ടീകരിച്ച ജൈവവളം കൂടി ചേർക്കുന്നത് രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ഉത്തമം. വിത്തിടുമ്പോൾ സ്യൂഡോമോണാസ് പൊടിയുമായി കലർത്തി ഇടാൻ ശ്രമിക്കുക. ഒക്ടോബർ ആദ്യവാരത്തിൽ വിത്തുകൾ പാകണം.
കാബേജിന്റെയും കോളിഫ്ലവറിന്റെയും തലഭാഗങ്ങളിൽ കറുപ്പുനിറം ഉണ്ടാവുകയും ക്രമേണ ഇവ അഴുകകയും ചെയ്യും. ടെറ്റോ സൈക്ലിൻ ഒരു ഗ്രാം ആറു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിച്ച് രോഗനിയന്ത്രണം വരുത്താം.
കോളിഫ്ലവറിന്റെ പൂക്കളിൽ കറുത്തനിറം വ്യാപിക്കും. പൂവ് നെടുകെ മുറിച്ചുനോക്കിയാൽ തണ്ടിൽ നിറവ്യത്യാസം കാണാനാവും. ചിലപ്പോൾ തണ്ടിന്റെ ഉൾഭാഗം പൊള്ളയായും കാണാം. സൊലുബോൾ ഒന്നരഗ്രാം ഒന്നരലിറ്റർ വെള്ളത്തിൽ എന്നതോതിൽ കലർത്തി തളിച്ച് പ്രശ്നം പരിഹരിക്കാം. കാബേജിന്റെ ഇലകളുടെ അരികുഭാഗം കരിയുന്നത് കാത്സ്യത്തിന്റെ അഭാവം കൊണ്ടാണ്. നിലമൊരുക്കുമ്പോൾത്തന്നെ കുമ്മായം ചേർത്താൽ ഈ പ്രശ്നം പരിഹരിക്കാം.
കീടനാശിനി തയ്യാറാക്കേണ്ട രീതി
ചില ചെടികളുടെ ചാറ് ഉപയോഗിച്ച് പലവിധത്തിലുള്ള കീടങ്ങളെയും അകറ്റി നിർത്താനാവും. കിരിയാത്ത്, വേപ്പ്, നാറ്റപൂച്ചെടി, പെരുവലം എന്നിവ ഇതിനുദാഹരണമാണ്. ഈ വിധത്തിലുള്ള കഷായങ്ങളാക്കുന്നതിനെക്കാൾ എളുപ്പവഴി ഉണക്കിപ്പൊടിച്ച് ആവശ്യാനുസരണം ലായനിയാക്കി തളിച്ചുകൊടുക്കുന്നതാണ്. ഇവയുടെ ഇലകൾ ശേഖരിച്ച് തണലിൽ ഉണക്കിപ്പൊടിക്കണം. മരുന്നുലായനി ആവശ്യമായിവരുമ്പോൾ 400 ഗ്രാം ഇലപ്പൊടി 24 മണിക്കൂർ നേരം ഒരു ലിറ്റർ വെള്ളത്തിൽ കുതിർത്ത ശേഷം തുണിയിൽ അരിച്ചെടുക്കുക. 400 ഗ്രാം ബാർസോപ്പ് ചീകി ഒൻപത് ലിറ്റർ വെള്ളത്തിൽ അലിയിക്കുക. ഇത് തയ്യാറാക്കിയ ഇലച്ചാറിലേക്ക് ഒഴിച്ച് നല്ല പോലെ യോജിപ്പിച്ച് പച്ചക്കറിച്ചെടികൾക്ക് ഒരാഴ്ച ഇടവിട്ട് സ്പ്രേ ചെയ്യാം.
ചിലപ്പോൾ മൃദു പൂപ്പൽരോഗം വളർച്ചയെത്താത്ത ചെടികൾ മുതൽ ബാധിച്ചു തുടങ്ങും. ഇലയുടെ അടി ഭാഗങ്ങളിൽ തവിട്ടുനിറത്തിൽ കോണാകൃതിയിലുള്ള കുത്തുകൾ കാണപ്പെടും. ഇതോടൊപ്പം ഇലയുടെ മുകൾ ഭാഗം മഞ്ഞകലർന്നു കാണാം. കോളിഫ്ലവറിൻ്റെ പൂക്കളിൽ കറുപ്പുനിറത്തിലോ തവിട്ടുനിറത്തിലോ ഉള്ള നിറം മാറ്റമുണ്ടാകും. പൊട്ടാസ്യം ഫോസ്‌ഫറേറ്റ് നാല് മി.ലി. ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് മണ്ണിൽ ഒഴിച്ചുകൊടുക്കുകയും ഇലകളിൽ തളിച്ചുകൊടുക്കുകയും ചെയ്യണം.