തിരക്കുപിടിച്ച ലോകത്താണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. എല്ലാവർക്കും എല്ലാ കാര്യങ്ങൾക്കും തിരക്കാണ്. ആ തിരക്കുകൾക്കിടയിൽ ഒറ്റപ്പെട്ടുപോകുന്ന കുറച്ച് ആളുകൾ ഉണ്ട്. അല്ലെങ്കിൽ ശ്രദ്ധിക്കാതെ പോകുന്ന കുറച്ചു പേരുണ്ട്. സ്വന്തം കുട്ടികൾക്കൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ പോലും മാതാപിതാക്കൾക്ക് സമയം കിട്ടുന്നില്ല എന്ന് പറയുന്നത് അതിശയോക്തി ഒന്നുമല്ല. സത്യത്തിൽ അങ്ങനെയൊക്കെ സംഭവിക്കാറുണ്ട്. ഇത്തരത്തിൽ കുട്ടികളുമായി സമയം ചെലവഴിക്കാൻ കഴിയാതെ പോകുന്നത് മോശം വഴികളിലേക്ക് അവരെ തള്ളി വിട്ടേക്കാം. കുട്ടികളുടെ മാനസിക വികാസത്തെ ഇത് സാരമായി ബാധിച്ചിരിക്കാം. വളർന്നതിനുശേഷം കുട്ടികളിൽ ഉണ്ടാകുന്ന മാനസിക ആഘാതം ചെറുതല്ല. അതുകൊണ്ടുതന്നെ കുട്ടികളോട് കുറച്ചു സംസാരിക്കണം. അവരുടെ പഠന കാര്യങ്ങളിൽ നേരിട്ട് ശ്രദ്ധിക്കണം. ഇതെല്ലാം പാരന്റിംഗിൽ വളരെ അത്യാവശ്യമാണ്. എന്നാൽ അച്ഛന്റെയും അമ്മയുടെയും തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിൽ ഇതിനൊന്നും സമയം കിട്ടാറില്ല. പക്ഷേ കുട്ടികളുമായുള്ള ശക്തമായ ബന്ധം നിലനിർത്താൻ ചില വഴികളുണ്ട്. അത് എന്തെല്ലാമാണ് എന്ന് നോക്കാം
സമയത്തിന് മുന്‍ഗണന
കുട്ടികളുമായി സമയം ചെലവഴിക്കുന്നത് വളരെ പ്രധാനമാണ്. കുറച്ച് സമയം പോലും കുട്ടികള്‍ക്ക് മാത്രമായി നീക്കിവെച്ചാല്‍ അത് കുട്ടികളുടെ സന്തോഷത്തിലും മാനസിക ആരോഗ്യത്തിലും കാര്യമായ മാറ്റമുണ്ടാക്കും. അവര്‍ക്കൊന്നിച്ച കളിക്കുകയോ ഒരുമിച്ച് വായിക്കുകയോ നടക്കാന്‍ പോകുകയോ അങ്ങനെ കുട്ടികളും മാതാപിതാക്കളും ആസ്വദിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.
അതിരുകള്‍ വേണം
ജോലിക്കും കുടുംബ ബന്ധത്തിനും ഇടയില്‍ വ്യക്തമായ അതിര്‍വരമ്പുകള്‍ സ്ഥാപിക്കുക. ജോലിക്ക് അമിത പ്രാധാന്യം നല്‍കുന്നത് മൂലം മിക്ക മാതാപിതാക്കള്‍ക്കും കുട്ടികളുടെ കാര്യം വേണ്ട വിധത്തില്‍ ശ്രദ്ധിക്കാനും അവരുടെ വികാരവിചാരങ്ങള്‍ അടുത്തറിയാനും സാധിക്കാറില്ല. അതുകൊണ്ട് തൊഴില്‍ പ്രതിബദ്ധതകള്‍ വ്യക്തിപരമായ നിമിഷങ്ങളിലേക്കും കുടുംബബന്ധങ്ങളിലേക്കും കടന്നുകയറുന്നില്ലെന്ന് ഉറപ്പാക്കുക.
തുറന്ന സംസാരം
കുട്ടികളുടെ ആവശ്യങ്ങളും വികാരങ്ങളും മനസ്സിലാക്കാന്‍ അവരുമായി തുറന്ന ആശയവിനിമയം പ്രധാനമാണ്. അവരുടെ ചിന്തകളും അനുഭവങ്ങളും പങ്കുവെക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. അവരില്‍ വിശ്വാസവും ബന്ധവും വളര്‍ത്തുന്നതിന് അവര്‍ പറയുമ്പോള്‍ ശ്രദ്ധയോടെ കേട്ടിരിക്കുക.
ദിനചര്യകള്‍
കൃത്യമായ ദിനചര്യകള്‍ കുട്ടികളുടെ ജീവിതത്തിന് സ്ഥിരത നല്‍കുന്നു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയോ ഉറക്കസമയത്ത് അവര്‍ക്കൊപ്പമിരുന്ന് കഥകള്‍ പറയുകയോ പോലെ പതിവായി കുടുംബശീലങ്ങള്‍ സ്ഥാപിക്കുക. ഈ ശീലങ്ങള്‍ ബന്ധത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയും കുടുംബ മൂല്യങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
സാങ്കേതികവിദ്യയിലും ശ്രദ്ധ
മാതാപിതാക്കളുടെ അസാന്നിധ്യത്തില്‍ കുട്ടികള്‍ കൂടുതലായി ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകളിലേക്കും ഓണ്‍ലൈന്‍ ലോകത്തേക്കും ആകര്‍ഷിക്കപ്പെടുന്നു. കുട്ടികള്‍ക്കൊപ്പം ചിലവഴിക്കാന്‍ സമയം ഇല്ലാത്തത് കൊണ്ട് ചിലപ്പോള്‍ മാതാപിതാക്കളും ഇതിനെ പ്രോത്സാഹിപ്പിക്കുന്നു. പക്ഷേ സ്‌ക്രീന്‍ സമയത്തിന് കൃത്യമായ നിയന്ത്രണം ഏര്‍പ്പെടുത്തുക. നിശ്ചിത സമയത്തിന് ശേഷം ഗാഡ്‌ജെറ്റുകള്‍ മാറ്റിവെക്കുന്ന ശീലം കുട്ടികളില്‍ വളര്‍ത്തുക.
ഉത്തരവാദിത്തങ്ങള്‍ പങ്കിടുക
വീട്ടുജോലികള്‍ കുട്ടികളുമായും മറ്റ് കുടുംബാംഗങ്ങളുമായും പങ്കിടുന്നത് മാതാപിതാക്കളുടെ സമ്മര്‍ദ്ദം കുറയ്ക്കും. ഉത്തരവാദിത്തവും കൂട്ടായ പ്രവര്‍ത്തനവും പഠിപ്പിക്കുകയും പ്രായത്തിനനുസരിച്ചുള്ള ജോലികളില്‍ കുട്ടികളെ ഉള്‍പ്പെടുത്തുകയും ചെയ്യുക. മാതാപിതാക്കളുടെ ജോലിഭാരം ലഘൂകരിക്കുന്നതിനൊപ്പം ഒന്നിച്ചുള്ള ജോലി കുടുംബ ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
CONTENT HIGHLIGHT: spend quality time with children