ഇന്ന് ഒട്ടുമിക്ക വീടുകളിലും സുലഭമായി കാണാറുള്ള ഒരു വിദേശ പഴം ആണ് റംബൂട്ടാൻ. ഒരു എക്സോട്ടിക് ഫ്രൂട്ട് എന്നതിനപ്പുറം റംബൂട്ടാന് ഗുണങ്ങളേറെയാണ്. ഇന്ന് റംബൂട്ടാൻ കൃഷിയിലൂടെ വിജയം കൊയ്യുന്നവരും നിരവധിയാണ്. നല്ല രീതിയിൽ വെള്ളം വേണ്ട മരമാണ് റംബുട്ടാൻ. എന്നാൽ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാൻ പാടില്ല. അതിനാൽ നീർവാർച്ചയുള്ള സ്ഥലത്തായിരിക്കണം. ഇങ്ങനെ നിരവധി കാര്യങ്ങൾ ഉണ്ട് റംബുട്ടാൻ കൃഷിയിലേക്ക് തിരിയുമ്പോൾ ശ്രദ്ധിക്കാൻ.
റംബൂട്ടാൻ വളർത്തുന്നവരെ നിരന്തരം അലട്ടുന്ന പ്രശ്നമാണ് റംബൂട്ടാൻ മരം പൂക്കുന്നില്ല കായ്ക്കുന്നില്ല എന്നത്. മരങ്ങൾ പൂവിടുന്ന സമയത്തെ ഉയർന്ന അന്തരീക്ഷ താപനില പൂക്കൾ കൊഴിയാൻ പ്രധാന കാരണമാണ്. അതുപോലെ കുറച്ചുയർന്ന സ്ഥലങ്ങ ളിൽ മഞ്ഞുണ്ടെങ്കിലും പൂക്കൾ കൊഴിയാം. തേനീച്ചപോലുള്ള പരാഗകാരികളുടെ കുറവും കാരണമാണ്. ഇതിനെല്ലാം പുറമേ സൂക്ഷ്മ മൂലകങ്ങളുടെ കുറവും ഇതിനിടയാക്കാറുണ്ട്. റംബുട്ടാൻ മരങ്ങൾക്കിടയിൽ തേനീച്ചക്കോളനികൾ വെക്കുന്നത് പരാഗണം ഊർജിതമാക്കുകയും പൂക്കൾ കൊഴിയാതെ ഇരിക്കാൻ ഇടയാക്കുകയും ചെയ്യും. റംബൂ ട്ടാനോടൊപ്പം തേനീച്ചവളർത്തലും ശുപാർശചെയ്യുന്നത് ഇതുകൊണ്ടാണ്.
അടുത്തതായി ശ്രദ്ധിക്കാനുള്ളത് ശാസ്ത്രീയ പോഷണമാണ്. ഇതിനു വളപ്രയോഗത്തിൽ ശ്രദ്ധിച്ചാൽ മതിയാകും. വർഷത്തിൽ രണ്ടു പ്രാവശ്യം അഞ്ചുകിലോ കാലിവളം അല്ലെങ്കിൽ കമ്പോസ്റ്റ് എന്നതാണ് തോത്. ഇത് തടത്തിൽ വിതറി മണ്ണ് കൂട്ടിക്കൊടുക്കാം. എല്ലാ മാസവും ജീവാമൃതം പോലുള്ള ജൈവവള ലായനികൾ ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്. ചുവട്ടിൽ പുതയിടുകയും ചെയ്യാം. വർഷത്തിൽ മൂന്നുതവണ രാസവള പ്രയോഗം ചെയ്യാം. ഇതിന് വർഷത്തിൽ മൂന്നുതവണ 18.18.18 അനുപാതത്തിൽ വളമിശ്രിതങ്ങൾ 100 ഗ്രാം വീതം ചേർക്കാം. മൂന്നു മുതൽ ആറു വർ ഷം വരെ പ്രായമായ കായ്ച്ചു തുടങ്ങിയ മരങ്ങൾക്ക് ഇതു തന്നെ 500 ഗ്രാമും ചാണകം 15 കിലോയുമാണ് ചേർക്കേണ്ട ത്. ആറ് വർഷത്തിനുമേൽ പ്രായമുള്ള മരത്തിന് വളമിശ്രിതം ഒരു കിലോയും ജൈവ വളം 30 കിലോയുമാണ് ശുപാർശ. വളം ചേർക്കുന്നത് മരത്തിൻ്റെ പ്രായമനുസരിച്ചു വർധിപ്പിക്കണം. മൂന്നുമുതൽ നാലുവർഷം വരെ പ്രായമുള്ളവയ്ക്ക് ഇതിൻ്റെ നാലിലൊന്നു മൂന്നുമാസം വിട്ടു ചേർത്താൽ മതി. അഞ്ചു വർഷമായാൽ അളവിൻ്റെ 50 ശതമാനം എന്നതാണ് കണക്ക്.