ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി നാളെ തൃശ്ശൂർ നഗരത്തിൽ നടത്തുന്ന ബോൺ നത്താലെയോടനുബന്ധിച്ച് വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ തൃശ്ശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. തൃശ്ശൂർ നഗരപ്രദേശങ്ങളിലും സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതൽ വാഹന പാർക്കിങ്ങ് അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ സുരക്ഷാനിയന്ത്രണങ്ങളോട് അനുബന്ധിച്ച് 27.12.2024 തിയ്യതി കാലത്ത് 8.00 മണിമുതൽ 28.12.2024 തിയതി കാലത്ത് 8.00 മണിവരെ തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലെ സ്വരാജ് റൗണ്ട്, തേക്കിൻകാട് മൈതാനം എന്നിവടങ്ങളിൽ ഡ്രോൺ ക്യാമറകളുടെ ചിത്രീകരണം പൂർണമായും നിരോധിച്ചിട്ടുണ്ട്. ഡ്രോൺ ക്യാമറകളുടെ ഉപയോഗം പൊതുജന സുരക്ഷയെ ബാധിക്കുമെന്ന് ബോധ്യമായിട്ടുള്ളതിനാലാണ് 2021 ലെ ഡ്രോൺ റൂളിലെ റൂൾ 24(2) പ്രകാരം ഡ്രോൺ നിരോധനം ഏർപെടുത്തിയിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി ഇളങ്കോ ആർ പി എസ് പറഞ്ഞു.
ഒരു പ്രത്യേക മേഖലയിലെ ഡ്രോൺ നിയന്ത്രിക്കുന്നതിനായി ആ മേഖലയെ താൽക്കാലിക റെഡ് സോൺ ആയി പ്രഖ്യാപിക്കുകയാണ് ഈ റൂൾ പ്രകാരം ചെയ്യുന്നത്. അതിനാൽ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി 27.12. 2024 തിയ്യതി 08.00 AM മുതൽ 28.12.2024 തിയ്യതി കാലത്ത് 8.00 മണിവരെ ഡ്രോൺ ക്യാമറകളുടെ ഉപയോഗം നിരോധിച്ച് കൊണ്ട് സ്വരാജ് റൗണ്ട്, തേക്കിൻകാട് മൈതാനം എന്നീ ഭാഗങ്ങളെ താൽക്കാലിക റെഡ് സോൺ ആയി കമ്മീഷണർ പ്രഖ്യാപിച്ചു.
STORY HIGHLIGHT: traffic control in thrissur