India

റുഷ്ദിയുടെ ‘സാത്താന്റെ വചനങ്ങള്‍’ 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ വിൽപ്പനയ്ക്ക്; പ്രതിഷേധവുമായി മുസ്ലിം സംഘടനകള്‍ | salman rushdies satanic verses returns to india

1988ലാണ് അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാര്‍ റുഷ്ദിയുടെ നോവലിന് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയത്

ലഖ്‌നൗ: വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ പുസ്തകമായ സാത്താന്റെ വചനങ്ങള്‍ (The Satanic Verses) ഇന്ത്യയില്‍ വീണ്ടും വില്‍പ്പന നടത്തുന്നു. 36 വര്‍ഷങ്ങള്‍ക്ക് ശേഷം പുസ്തകം ഇന്ത്യയിലെ വിവിധ ബുക്സ്റ്റാളുകളില്‍ എത്തി. ‘ദ സാത്താനിക് വേഴ്‌സ്’ ഡല്‍ഹിയിലെ ബഹ്‌റിസണ്‍സ് ബുക്ക് സെല്ലേഴ്‌സില്‍ 1999 രൂപയ്ക്ക് ഇപ്പോള്‍ ലഭ്യമാണ്.

1988ലാണ് അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാര്‍ റുഷ്ദിയുടെ നോവലിന് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതു ചോദ്യം ചെയ്ത് 2019ല്‍ സമര്‍പ്പിച്ച ഹരജിയാണ് ഡല്‍ഹി ഹൈക്കോടതി തീര്‍പ്പാക്കിയതിന്റെ മറവിലാണ് പുസ്തകം ഇപ്പോള്‍ വിപണിയിലെത്തിയത്. ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തിയ വിജ്ഞാപനം ഹാജരാക്കാന്‍ അധികൃതര്‍ക്കായില്ലെന്നും അതുകൊണ്ടുതന്നെ ഇങ്ങനെയൊരു വിലക്ക് നിലവിലില്ലെന്നു വേണം അനുമാനിക്കാനെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് രേഖാ പാട്ടീലിന്റെ ബെഞ്ച് കേസ് അവസാനിപ്പിച്ചത്.

ഇന്ത്യയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവച്ച പുസ്തകം വീണ്ടും വിതരണംചെയ്യുന്നതിനെതിരേ മുസ്ലിം സംഘടനകള്‍ രംഗത്തുവന്നു. വിറ്റഴിച്ചതിനെ ശക്തമായി അപലപിച്ച മുസ്ലിം സംഘടനകള്‍, നിരോധനം പുനഃസ്ഥാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

പുസ്തകം ഇന്ത്യയില്‍ വീണ്ടും എത്തിയതില്‍ ജമിയത്തുല്‍ ഉലമായേ ഹിന്ദ് ഉത്തര്‍പ്രദേശ് ഘടകം വക്താവ് മൗലാന കാബ് റാഷിദി ആശങ്ക രേഖപ്പെടുത്തി. ‘ആവിഷ്‌കാര സ്വാതന്ത്ര്യം ഒരാളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെങ്കില്‍ അത് നിയമപരമായ കുറ്റമാണ്. സാത്താനിക് വേഴ്‌സ്’ ദൈവനിന്ദയുള്ള ഒരു പുസ്തകമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മറവില്‍ ഇത്തരമൊരു വിവാദ പുസ്തകം വില്‍ക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഇത് ഭരണഘടനയുടെ അന്തസത്തക്ക് വിരുദ്ധമാണെന്നും അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനം അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. എന്നാല്‍ അത് ആര്‍ക്കും മതവികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശം നല്‍കുന്നില്ലെന്നും റാഷിദി കൂട്ടിച്ചേര്‍ത്തു. മുസ്‌ലിംകള്‍ അല്ലാഹുവിനെയും പ്രവാചകനെയും സ്വന്തം ജീവനേക്കാള്‍ പ്രിയപ്പെട്ടവരായാണ് കാണുന്നതെന്നും ഇത്തരമൊരു സാഹചര്യത്തില്‍ വിവാദ പുസ്തകം ഒരിക്കലും പൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുസ്തകം ഇസ്ലാമിനെയും പ്രവാചകനെയും ഇസ്ലാമിക വ്യക്തികളെയും അപമാനിക്കുന്നതാണെന്നും അതിന്റെ ഉള്ളടക്കം അത് ആവര്‍ത്തിക്കാന്‍ കഴിയാത്തവിധം കുറ്റകരമാണെന്നും അഖിലേന്ത്യാ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീന്‍ റസ്‌വി പ്രസ്താവനയില്‍ പറഞ്ഞു. പുസ്തകം വിപണിയില്‍ അനുവദിക്കുന്നത് രാജ്യത്തിന്റെ അന്തരീക്ഷത്തെ താറുമാറാക്കും. കേന്ദ്രസര്‍ക്കാര്‍ നിരോധനം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

CONTENT HIGHLIGHT: ​salman rushdies satanic verses returns to india