ബംഗ്ലാദേശില്‍ ന്യൂനപക്ഷ ക്രിസ്ത്യന്‍ സമുദായത്തിന്റെ 17 വീടുകള്‍ തീവെച്ച് നശിപ്പിച്ചതായി റിപ്പോർട്ട്. ബംഗ്ലാദേശിലെ ചിറ്റഗോംഗ് ഹില്‍ ട്രാക്സിലെ നോട്ടുന്‍ തോങ്ജിരി ത്രിപുര പാരയിലാണ് സംഭവം. രാത്രി 12.30 ഓടെയാണ് വീടുകള്‍ കത്തിച്ചത്. പ്രദേശത്തെ 19 വീടുകളില്‍ 17 ഏണ്ണം പൂര്‍ണമായും കത്തി നശിച്ചു. രണ്ട് വീടുകള്‍ക്ക് ഭാഗികമായും നാശനഷ്ടമുണ്ടായി. ക്രിസ്മസ് ദിനം ജനങ്ങള്‍ ഗ്രാമത്തിലെ പള്ളിയില്‍ പാതിരാ കുര്‍ബാനയ്ക്ക് പോയ സമയത്താണ് അതിക്രമം.
അജ്ഞാതര്‍ തങ്ങളുടെ വീടിന് തീയിട്ടതായി ഗ്രാമവാസികള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍, ഒരേ സമുദായത്തിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ദീര്‍ഘനാളുകളായുള്ള ശത്രുതയാണ് ആക്രമണത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തെ ഉദ്ധരിച്ചുകൊണ്ട് ഇടക്കാല ഗവണ്‍മെന്റ് അഭിപ്രായപ്പെടുന്നു. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം എത്രയും വേഗം കണ്ടെത്തണമെന്ന് പൊലീസിന് നിർദ്ദേശം നൽകിയതായും സർക്കാർ പറഞ്ഞു. തലമുറകളായി ‘ക്രിസ്ത്യൻ ത്രിപുര’ സമൂഹം താമസിക്കുന്ന ഗ്രാമത്തിലെ താമസക്കാർക്ക് അവരുടെ വീടുകൾ പുനർനിർമിക്കാൻ സഹായം നൽകിയതായി സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളും നൽകി. പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.